ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് ഉയർന്നത് നേട്ടമാക്കി പ്രവാസികൾ, നാട്ടിലേക്ക് പണമയയ്ക്കാൻ മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്ക്, ഏഷ്യൻ രാജ്യങ്ങളിലേക്ക് ഒഴുകിയത് കോടികൾ, പണമയയ്ക്കാനായി ഓൺലൈൻ ആപ്പുകളും...!!!
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് ഉയർന്നു നിൽക്കുന്നതുമായ ഈ അവസരത്തിൽ നാട്ടിലേക്ക് പണമയക്കുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23 രൂപയായിരുന്നു ഓൺലൈൻ നിരക്ക്. ഇതാദ്യമായാണ് 23 രൂപയിൽ എത്തുന്നത്. നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയമാണിത്. സൗദി റിയാൽ 22.48 രൂപ, ഖത്തർ റിയാൽ 23.17 രൂപ, ഒമാൻ റിയാൽ 219.33 രൂപ, ബഹ്റൈൻ ദിനാർ 224.04 രൂപ, കുവൈത്ത് ദിനാർ 274.51 രൂപ എന്നിങ്ങനെയാണ് മറ്റ് ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയനിരക്ക്.
നാട്ടിലേക്ക് പണമയയ്ക്കാൻ എത്തുന്നവരുടെ വൻ തിരക്കാണ് മണി എക്സ്ചേഞ്ചുകളിൽ അനുഭവപ്പെടുന്നത്. 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്. മെച്ചപ്പെട്ട നിരക്കിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികൾ നാട്ടിലേക്ക് പണം അയച്ചപ്പോൾ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഒഴുകിയത് കോടികളാണ്. ഈ മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ മിക്ക പ്രവാസികളും നാട്ടിലേക്ക് പണം അയച്ചിട്ടുണ്ടാകാം. എന്നാൽ ഇത് പിന്നത്തേക്ക് മാറ്റിവെച്ചവരും, നാട്ടിലേക്ക് പണം അയയ്ക്കാൻ ബാക്കിയുള്ളവരും ഉണ്ടാകും.
ഓൺലൈൻ ആപ് വഴി മികച്ച നിരക്ക് ലഭിക്കുന്നതിനാലും സർവീസ് ചാർജ് കുറവായതിനാലും നാട്ടിലേക്ക് പണമയയ്ക്കാൻ പലരും ആശ്രയിക്കുന്നത് ആപ്പുകളെ ആശ്രയിക്കുന്നുണ്ട്. ഏതു സമയത്തും എവിടെയിരുന്നും ആപ്പിലൂടെ പണം അയയ്ക്കാമെന്നതും സൗകര്യമാണ്.
യുഎഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം ഒരു ദിർഹത്തിന് 22.99 രൂപയും ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ് 22.96 രൂപയും വാഗ്ദാനം ചെയ്തപ്പോൾ രാജ്യത്തെ വിവിധ ധനവിനിമയ സ്ഥാപനങ്ങൾ നൽകിയത് 22.86 മുതൽ 22.89 രൂപ വരെയാണ്. ധനവിനിമയ സ്ഥാപനങ്ങളിലൂടെ ഒരുതവണ പണം അയയ്ക്കുന്നതിന് 23 ദിർഹം ഈടാക്കുന്നത് കാരണം പലരും സുഹൃത്തുക്കളുടെ സഹായത്തോടെ ആപ് ഉപയോഗപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha