യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്, ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു, ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താനാകാതെ ജീവനക്കാർ, വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...!!!
യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചതിനാൽ പലർക്കും ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താനാകുന്നില്ല. ഇന്നും രാവിലെ മൂടൽമഞ്ഞുണ്ടാകുമെന്ന് മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരുന്നു. ഇന്നലെ ചിലയിടങ്ങളിൽ യെലോ, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു.
അൽഐൻ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പുലർച്ചെ 2ന് തുടങ്ങിയ മൂടൽമഞ്ഞ് ചിലയിടങ്ങളിൽ രാവിലെ 10 വരെ തുടർന്നു. അബുദാബിയിൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ. മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ വാഹനമോടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ചുമത്തും.
ഈ അവസരത്തിൽ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. ഓവർടേക്കിങ്, ലെയ്ൻ മാറ്റം എന്നിവ പാടില്ല, വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കണം, മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനം ഓടിക്കണം, ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ, ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽ നിന്നു മാറ്റി നിർത്തിയിടണം, അന്തരീക്ഷം തെളിഞ്ഞ ശേഷം യാത്ര തുടരാവുന്നതാണ്.
അബുദാബിയിൽ താപനില 25 ഡിഗ്രി സെൽഷ്യസായും ദുബായിൽ 27 ഡിഗ്രിയായും കുറഞ്ഞു. പർവതമേഖലകളിൽ 16 ഡിഗ്രിയായിരുന്നു കൂടിയ താപനില. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്, റോഡിലെ ഡിജിറ്റൽ ബോർഡ്, എസ്എംഎസ്, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്നും പൊലീസ് ഓർമപ്പെടുത്തി.
https://www.facebook.com/Malayalivartha