ഡിസംബർ 31 വരെ കാത്തുനിൽക്കരുത്, പൊതുമാപ്പ് ലഭിച്ചാലും നാട്ടിൽ പോകാനാകാത്ത സാഹചര്യം ഉണ്ടാകും, ശിക്ഷയും പിഴയും കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരം പ്രവാസികൾ പാഴാക്കരുതെന്ന് യുഎഇ
ഇനിയൊരിളവ് പ്രതീക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകികൊണ്ടാണ് പ്രവാസികൾക്കുള്ള പൊതുമാപ്പ് കാലാവധി യുഎഇ നീട്ടി നൽകിയത്. എന്നാൽ ചിലർ ഈയൊരു സാവകാശം പ്രയോജനപ്പെടുത്തുന്നില്ലെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. അതിനാൽ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ്. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പെന്നും തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ ഡിസംബർ 31 വരെ കാത്തുനിൽക്കരുതെന്നും വ്യക്തമാക്കി.
പൊതുമാപ്പ് ലഭിച്ചാലും നാട്ടിൽ പോകാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്. കാരണം വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ അടുത്തമാസം വരെ കാത്തിരുന്നാൽ നിരക്ക് ഇനിയും ഉയർന്നേക്കും. അടുത്ത മാസം രണ്ടാമത്തെ ആഴ്ചയോടെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയാകും. നാട്ടിലേക്ക് പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി. പുതുവർഷത്തലേന്നു വരെ തീരുമാനമെടുക്കാനുള്ള സമയം പ്രവാസികൾക്ക് ഉണ്ടെങ്കിലും അതുവരെ കാത്തുനിൽക്കുന്നത് ഉചിതമല്ല.
എക്സിറ്റ് പാസിന്റെ കാലാവധി പൊതുമാപ്പ് കാലാവധി കഴിയുന്ന ഡിസംബർ 31ന് അവസാനിക്കും. ഇപ്പോൾ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ജോലി ലഭിക്കുകയാണെങ്കിലും പാസിന്റെ കാലാവധി റദ്ദാക്കും. എക്സിറ്റ് പാസ് ലഭിച്ചവർക്ക് യുഎഇയിൽ ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് നിർബന്ധമായും മടങ്ങണം. എന്നാൽ, പിന്നീട് ഇവർക്ക് വിസ ലഭിച്ചാൽ വിലക്കില്ലാതെ രാജ്യത്തേക്ക് മടങ്ങിയെത്താം.പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർക്ക് പിഴയായി അടയ്ക്കേണ്ടിയിരുന്ന വൻ തുക അധികൃതർ എഴുതി തള്ളി.
പൊതുമാപ്പ് ഉപയോഗിച്ചവരിൽ 85 ശതമാനം പേരും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനാണ് താൽപ്പര്യപ്പെട്ടത്. ശേഷിച്ച 15 ശതമാനം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവർക്ക് പുതിയ വിസയിൽ യുഎഇയിൽ തിരിച്ചെത്താനാകും. പുതുക്കിയ കാലയളവിനുള്ളിൽ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് രാജ്യം വിടാനുള്ള തീരുമാനമെടുക്കുകയോ, വിസ രേഖകൾ ക്രമപ്പെടുത്തി രാജ്യത്ത് തുടരുകയോ, പുതിയ ജോലി കണ്ടെത്തുകയോ ഒക്കെയാവാം. ഇതിന് ഈ കാലയളവിൽ പിഴയോ മറ്റ് ശിക്ഷകളോ നേരിടേണ്ടി വരില്ല.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും. വിസ സാധുവാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെൻ്റ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി.
ഡിസംബർ 31 ശേഷം അനധികൃകമായി യുഎഇയിൽ തുടർന്നാൽ കടുത്ത നടപടിയാണ് നേരിടേണ്ടിവരിക. നിയമലംഘകർക്കെതിരായ പിഴകളും ശിക്ഷാ നടപടികളും 2025 ജനുവരി 1ന് വീണ്ടും പ്രാബല്യത്തില്‍ വരും. ഇവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ ഡിസംബര്‍ 31 നുശേഷം ആരംഭിക്കും. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം അനധികൃത താമസക്കാരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
നാട്ടിലേക്കുള്ള എക്സിറ്റ് വിസ അധികൃതരിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ 14 ദിവസം കൂടി രാജ്യത്ത് തങ്ങാൻ കഴിയും. ഈ എക്സിറ്റ് പെർമിറ്റ് പൊതുമാപ്പ് കാലാവധിക്കുള്ളിലാണ് തീരുന്നതെങ്കിൽ ഡിസംബർ 31 വരെ യാത്രാനുമതി ലഭിക്കും. എന്നാൽ ഡിസംബർ 31 പിന്നിട്ടാൽ ഈ ആനുകൂല്യം ഇല്ലാതാകുകയും പിഴ ഒടുക്കേണ്ടി വരികയും ചെയ്യും.
https://www.facebook.com/Malayalivartha