അബ്ദുൾ റഹീമിനായി സമാഹരിച്ച തുകയുടെ മൊത്തം കണക്കും പുറത്തുവിട്ടു, മോചനത്തിനാലുള്ള ചെലവിന് ശേഷം ബാക്കിയുള്ളത് 11കോടിയിലാധികം രൂപ, ബാക്കി തുക എന്ത് ചെയ്യണമെന്നതിൽ റഹീം തിരിച്ചെത്തിയ ശേഷം തീരുമാനം...!!!
സൗദിയിൽ വധശിക്ഷയിൽ നിന്നും കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹീമിന്റെ മോചനത്തിനായി വേണ്ടിയിരുന്നത് 34 കോടി രൂപയായിരുന്നു. എന്നാൽ ലോക മലയാളികൾ എല്ലാം റഹീമിന്റെ ജീവൻ രക്ഷിക്കാനായി ഒന്നിച്ചപ്പോൾ ലഭിച്ചത് 47.87 കോടി രൂപയാണ്. റഹീം നിയമസഹായ സമിതി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമങ്ങൾ വഴി ചിലർ തെറ്റായ വിവരങ്ങളും അപവാദ പ്രചാരണങ്ങളും തുടരുന്ന സഹചര്യത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്.
മോചനത്തിന് ആവശ്യമായ ദയധനവും അഭിഭാഷകന്‍റെ ചെലവും അടക്കും 36.27 കോടി രൂപ ചെലവുവന്നെങ്കിലും 11.60 കോടി രൂപയാണ് ഇനി ബാക്കിയുണ്ട്. ഈ പണം ഇനിയെന്ത് ചെയ്യും എന്ന ചോദ്യം നിലനിൽക്കെ റഹീം തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒൻപത് ലക്ഷം ആളുകളാണ് ചെറുതും വലുതുമായ സഹായം നൽകി ധനസമാഹരണത്തിൽ പങ്കാളികളായത്. സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
റഹീമിന്റെ മോചനത്തിന് വേണ്ടി കൈകോർത്ത ലോക മലയാളി സമൂഹത്തിനും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും റിയാദിലുൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. അതേസമയം അബ്ദുൽ റഹീമിൻ്റെ കുടുംബവുമായി റഹിം സഹായ സമിതി ഭിന്നിപ്പിലാണെന്ന വാർത്തയും ഭാരവാഹികൾ തള്ളി.
ദയാധനം ലഭിച്ചതോടെ സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്‌തിരുന്നു. ദയാധനത്തിന്‍റെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്‌ത് വിധി വന്നത്. മോചന ഉത്തരവിൽ കോടതി ഒപ്പുവക്കുന്നതോടെ റഹീം 18 വർഷത്തെ ജയിൽ വാസത്തിൽ നിന്നും മോചിതനാകും.റഹീമിന്റെ കേസ് ഈമാസം 17 ന് റിയാദ് കോടതി പരിഗണിക്കാനിരിക്കുകയാണ്. അതെ ദിവസം തന്നെ റഹീമിന്റെ മോചന ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാൽ അബ്‌ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്. റിയാദ് കോടതി കേസ് ഇന്ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സൗദി സ്വദേശിയായ 15 കാരന്‍റെ മരണത്തിൽ 2006ല്‍ ആണ് റഹീം ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലയ്ക്ക് താഴെ ചലന ശേഷി നഷ്‌ടപ്പെട്ട, സ്പോണ്‍സറുടെ മകന്‍ അനസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്‌തിരുന്നത്. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു അനസ് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത്. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ടതും റഹീമായിരുന്നു.
2006 ഡിസംബര്‍ 24ന്, ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനായി മരിക്കുകയുമായിരുന്നു. സംഭവത്തില്‍ കൊലപാതക്കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചു. അനസിന്‍റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ കുടുംബം തയാറായിരുന്നില്ല. ഏറ്റവും ഒടുവിലായാണ് 34 കോടി രൂപ ദയാധനം നല്‍കിയാല്‍ മോചനത്തിന് സമ്മതിക്കാമെന്ന് അനസിന്‍റെ കുടുംബം സമ്മതിച്ചത്.
https://www.facebook.com/Malayalivartha