ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!
യുഎഇ പ്രവാസികൾ യാത്രക്കായി ആശ്രയിക്കുന്ന വിമാനകമ്പനികളിലൊന്നാണ് ഇത്തിഹാദ് എയർവേയ്സ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനി ഇന്ത്യയുൾപ്പെടെ വിവിധ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് നിത്യേന സർവീസുകൾ നടത്തുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തടക്കം സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ്. അതും 10 സെക്ടറുകളിൽ. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുകയെന്ന പ്രഖ്യാപനം നവംബര്‍ 25ന് ഉണ്ടാകുമെന്നാണ് ഇത്തിഹാദ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലേക്ക് കൂടുതൽ സർവീസുകൾക്കുള്ള സാധ്യത തള്ളികളയാനാകില്ല. അബുദാബിയുടെ ദേശീയ വിമാന കമ്പനിയുടെ പ്രഖ്യാപനത്തിൽ പ്രവാസികളും വലിയ പ്രതീക്ഷയിലാണ്. ഈ വർഷമാദ്യം തിരുവനന്തപുരം, കോഴിക്കോട്, ജയ്പൂർ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചതിനെത്തുടർന്ന് ഇത്തിഹാദ് നിലവിൽ ഇന്ത്യയിലെ 11 ഗേറ്റ്‌വേകളിലേക്ക് സർവീസുകളുണ്ട്.ഇത്തിഹാദ് ഈ വർഷം അബുദബിക്കും ഇന്ത്യക്കും ഇടയിലുള്ള സീറ്റ് വിപുലീകരിച്ചിട്ടുണ്ട്.
നിലവില്‍ 83 സെക്ടറുകളിലേക്കാണ് കമ്പനി സര്‍വീസുകള്‍ നടത്തി വരുന്നത്. പുതിയ പത്ത് സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ സര്‍വീസുകള്‍ 93 ആകും. തങ്ങളുടെ ഉപയോക്താക്കളെ ഏറെ സന്തോഷിപ്പിക്കുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഏറക്കുറെ തയ്യാറായിരിക്കുകയാണെന്നും 2025ലേക്കുള്ള പുതിയ മൂന്ന് സെക്ടറുകള്‍ നിലവില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തിഹാദിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍റൊനോള്‍ഡോ നീവ്സ് പറഞ്ഞു.
നേരത്തെ ഇത്തിഹാദ് ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചതിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇത്തിഹാദ് എയർവേയ്സ് 2004 സെപ്റ്റംബർ 26നാണ് ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചത്. മുംബൈയിലേക്കായിരുന്നു ആദ്യ സർവീസ്.
ഇതേസമയം, പതിവ് തെറ്റിക്കാതെ സീസണുകളിൽ നിരക്ക് കൂട്ടാറുള്ള വിമാനകമ്പനികളുടെ നീക്കം ഇത്തവണയും യാത്രക്കാർ പ്രതീക്ഷിക്കേയിരിക്കുന്നു. ക്രിസ്മസും ന്യൂയറും മുന്നിൽക്കണ്ടാണ് ഇപ്പോൾ ടിക്കറ്റ്നിരക്ക് കൂട്ടുന്നത്. നിലവിലെ നിരക്കുകളെക്കാൾ മൂന്നിരട്ടിയാണ് ഡിസംബറിലുണ്ടാവുക. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്താലും നിരക്കുകളിൽ കുറവുണ്ടാകില്ലെന്നാണ് ട്രാവൽ ഏജൻസി അധികൃതർ പറയുന്നത്. യുഎഇയിൽ നിന്ന് ക്രിസ്മസിനും പുതുവർഷാഘോഷത്തിനും നാട്ടിലേക്കുപോകുന്ന മലയാളി കുടുംബങ്ങൾക്ക് നിരക്ക് വർധനവ് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സീസണുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്ന വിമാനകമ്പനികളുടെ ഈ പ്രവണത മലയാളികളായ പ്രവാസികൾക്ക് വ്യക്തമായി അറിയാമെങ്കിലും പലരും ഈ നഷ്ടം സഹിച്ച് യാത്ര ചെയ്യാൻ നിർബന്ധിതരാകേണ്ടി വരാറുണ്ട്. ഇത് മുതലാക്കുകയാണ് ചെയ്യുന്നത്.
ഒരു വിഭാഗം പേർ എല്ലാം മുന്നിൽക്കണ്ട് ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യാറുണ്ട്. ഇത്തവണ അത്തരക്കാർക്കും രക്ഷയില്ല എന്നാണ് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കുന്നത്. ഈ മാസം ശരാശരി 400 ദിർഹത്തിന് ഏകദേശം 9,188 രൂപയ്ക്ക് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്രചെയ്യാം. എന്നാൽ, ഡിസംബർ 10-ന് ശേഷം ഇതൊന്നുമല്ല അവസ്ഥ. ഇരട്ടിയിലധികമാണ് ഡിസംബറിൽ ടിക്കറ്റ് നിരക്ക്. അതായത് 850 ദിർഹം ഏകദേശം 19,525 രൂപ മുതൽ മുകളിലേക്കാണ് കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടിവരാനുള്ള വിമാന ടിക്കറ്റ് നിരക്ക്.
ഏറ്റവും കുറവ് നിരക്ക് പ്രതീക്ഷിക്കുന്ന റാസൽഖൈമയിൽ നിന്ന് കേരളത്തിലേക്ക് ഒറ്റദിശയിലേക്കുമാത്രമുള്ള ശരാശരി നിരക്കാണിത്. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് 1000 ദിർഹത്തിന് ഏകദേശം 22,971 രൂപ മുകളിലാണ് കേരളത്തിലേക്കുള്ള നിരക്ക്. കേരളത്തിൽനിന്നുള്ള റിട്ടേൺ ടിക്കറ്റടക്കം കണക്കാക്കുമ്പോൾ നിരക്കുവർധന സാധാരണകുടുംബങ്ങൾക്ക് കനത്ത സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നത് വ്യക്തമാണ്.
https://www.facebook.com/Malayalivartha