ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!
ഒരോ വർഷം കഴിയുന്തോറും ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് യുഎഇയിലെ പ്രവാസികൾ. സ്വദേശിവത്ക്കരണത്തിൽ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഇതിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും സാധ്യതയില്ല. എന്നിരിക്കെ, രാജ്യത്തെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പു നൽകി.
സ്വദേശികളെ നിയമിക്കാത്തതിന് ആളൊന്നിന് 96,000 ദിർഹം പിഴ കമ്പനികളിൽ നിന്ന് ഈടാക്കും. ഇത് കാരണം പ്രവാസികളെ മാറ്റി ആ സ്ഥാനത്തേക്ക് സ്വദേശികളെ നിയമിക്കാൻ സ്വകാര്യ കമ്പനികൾ നിർബന്ധിരാകുകയാണ്. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം എന്നിങ്ങനെ ആണ് പിഴ ഈടാക്കുക. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാം. അടുത്ത വർഷം മുതൽ മാസം പിഴ 9000 ദിർഹമാക്കി വർധിക്കും. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ജനുവരി ഒന്നുമുതൽ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഡിസംബർ 31ന് മൂന്നുവർഷം പൂർത്തിയാകുന്ന നാഫിസ് അനുസരിച്ച് മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 6% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. അടുത്ത വർഷങ്ങളിലെ 2% വീതം ചേർത്ത് 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യം. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. 2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1.08 ലക്ഷം ദിർഹം പിഴയിടും.
2024 ജനുവരി ഒന്നിന് മുമ്പ് നിയമിക്കപ്പെട്ട യുഎഇ പൗരന്മാരെ കമ്പനിയിൽ നിലനിർത്തണം. അവർക്ക് പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുക, ഡബ്ല്യുപിഎസ് വഴി അവരുടെ വേതന സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളും നടപ്പിലാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ജോലിക്കായി യുഎഇ പൗരന്മാർ ആശ്രയിക്കുന്ന നാഫിസ് പ്ലാറ്റ്‌ഫോമിലൂടെ തൊഴിൽ ഒഴിവുകൾ പരസ്യപ്പെടുത്തിയാൽ കമ്പനികൾക്ക് എളുപ്പത്തിൽ പറഞ്ഞ സംഖ്യ തികയ്‌ക്കാൻ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം 20ൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല. വേഗത്തിൽ വളരുന്ന, അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും സാമ്പത്തിക സുസ്ഥിരതയുമുള്ള കമ്പനികളെ മാത്രമാണ് സ്വദേശിവൽക്കരണ നിയമന പരിധിയിൽ ഉൾപ്പെടുത്തിയത്.
ഇത് കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുഎഇ സ്വദേശിവൽക്കരണം നടപ്പാക്കാൻ പദ്ധതിയിടുന്നുണ്ട്. നിശ്ചിത തസ്തികകൾ സ്വദേശികൾക്കു മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച ' അധ്യാപകർ ' പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്കൂളുകളിൽ നിയമിക്കാനാണ് പദ്ധതി. 4 ഘട്ടങ്ങളിലാണ് ഇതു പൂർത്തിയാക്കുക.
കിൻഡർ ഗാർട്ടനുകളിലെ അധ്യാപകർക്കു പുറമെ സ്കൂൾ അഡ്മിനിസ്ട്രേഷൻ, അറബിക് ഭാഷാധ്യാപകർ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര തസ്തികകൾ എന്നിവയിലെല്ലാം സ്വദേശികൾ വരും. അറബിക് ഭാഷ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം എന്നിവ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.
https://www.facebook.com/Malayalivartha