ഇതെല്ലാം ഇനി നിർബന്ധം, വിസിറ്റ് വിസ നിയമങ്ങളിൽ കടുംപിടുത്തം തുടർന്ന് യുഎഇ, വിസ അപേക്ഷകളെല്ലാം കൂട്ടത്തോടെ തള്ളിയതോടെ എയർപ്പോർട്ടിൽ കുടുങ്ങി സ്ത്രീകളടക്കമുള്ളവർ, വിമാനത്താവളങ്ങളിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ച് ട്രാവൽ ഏജൻസികൾ...!!!
യുഎഇ വിസ നിയമങ്ങളിൽ കടുംപിടുത്തം തുടരുന്നു. രാജ്യത്തേക്ക് സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിയമം കർശനമാക്കിയതോടെ വിസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വെട്ടിലായിരിക്കുകയാണ്. ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കിയതാണ് വിനയായത്. ഇതുമൂലം സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയ സ്ത്രീകളടക്കമുള്ളവർക്ക് മടങ്ങിയെത്താനാകാത്ത അവസ്ഥയാണ്.
എന്നാൽ യുഎഇയിൽ പ്രവാസിയായ ഒരാൾ സ്വന്തം കുടുംബത്തിന് വേണ്ടി സന്ദർശക വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും സമർപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രാജ്യംവിടാതെ രണ്ട് തവണയായി ഒരുമാസം വീതം വിസ കാലാവധി നീട്ടാൻ വ്യവസസ്ഥയുണ്ടെങ്കിലും ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ എക്സിറ്റ് അടിച്ച് രാജ്യത്തിന് പുറത്തുപോയി വീണ്ടും പുതിയ വീസ എടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കണക്കിലെടുത്ത് ട്രാവൽ ഏജൻസി മുഖേന മിക്കവരും ജിജിസി രാജ്യങ്ങളിലേക്കെല്ലാം പോകുന്നവരാണ്. ഇത്തരത്തിൽ തിരിച്ചെത്തിയശേഷം നൽകിയ വിസ അപേക്ഷകളെല്ലാം തള്ളിയതായാണ് വിവരം.
അപേക്ഷകൾ തള്ളിയതോടെ പലരെയും വിമാനത്താവളങ്ങളിൽ നിന്ന് തന്നെ നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ് ട്രാവൽ ഏജൻസികൾ. ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് പുതുതായി സന്ദർശക വിസയ്ക്ക് നൽകിയ അപേക്ഷകളും തള്ളിയതായാണ് വിവരം. ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും ഉൾപ്പെടെ സമർപ്പിച്ചിട്ടും അപേക്ഷകളും തള്ളിപ്പോയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ യുഎഇ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കിയ തീരുമാനം ദുബായ് ഇമിഗ്രേഷൻ, ട്രാവൽ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യു ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഇല്ലെങ്കിൽ വിസാ നടപടികൾ പൂർത്തിയാക്കാൻ വൈകിയേക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാത്ത ഒട്ടേറെ മലയാളികളുടെ വിസ അപേക്ഷ പാതിവഴിയിലാണ്.
നേരത്തെ യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിലെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു. കൂടാതെ, 2 മാസത്തെ വിസയ്ക്ക് 5000 ദിർഹവും ഒരു മാസത്തെ വീസയ്ക്ക് 3,000 ദിർഹവും ക്രെഡിറ്റ് /ഡെബിറ്റ് കാർഡിൽ ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്. സന്ദർശക വിസയിലെത്തി നാട്ടിലേയ്ക്ക് മടങ്ങാതെ മുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കിയത്. ഇത്തരക്കാർക്ക് പിഴ കൂടാതെ താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനും പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയിട്ടുമുണ്ട്. പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പൊതുമാപ്പ് പ്രഖ്യാപിച്ചതിനുശേഷമുള്ള താമസ – വിസാ നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബർ ഒന്നിന് ശേഷമുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കും. ഡിസംബർ 31ന് പൊതുമാപ്പ് അവസാനിച്ചാൽ നിയമലംഘകർക്കെതിരെയുള്ള നടപടി കർശനമാക്കുമെന്നും ഐസിപി വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവർക്ക് താമസം നിയാമനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനുമായി സെപ്റ്റംബർ ഒന്ന് മുതലാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. എന്നാൽ ഇക്കാലയളവിനുള്ളിൽ വരുത്തിയ നിയമലംഘങ്ങൾക്കൊന്നും പൊതുമാപ്പിന്റെ ഇളവുകൾ ബാധകമല്ല. നിയമലംഘങ്ങൾക്ക് പിഴ അടയ്ക്കേണ്ടിവരും.
https://www.facebook.com/Malayalivartha