യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!
യുഎഇ സന്ദർശക വിസ ലഭിക്കാൻ ഇനി കടമ്പകൾ ഏറെ കടക്കേണ്ടതുണ്ട്. വിസ നിയമം കർശനമാക്കിയതോടെ പ്രവാസി കുടുംബങ്ങളെല്ലാം ആശങ്കയിലാണ്. രാജ്യത്തെ താമസ ചെലവ് വളരെ കൂടുതലായതിനാൽ തന്നെ മിക്ക പ്രവാസികളും കുടുംബത്തെ വിസിറ്റ് വിസയിലാണ് യുഎഇയിലേക്ക് കൊണ്ടുവരുന്നത്. കൂടാതെ ഈ പ്രവാസികളെ ആശ്രയിച്ച് ഇവരുടെ ബന്ധുക്കളും ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ ഇവിടേക്ക് എത്തുന്നുണ്ട്. എന്നാൽ നിയമം കർശനമാക്കിയതോടെ വിസ ലഭിക്കാൻ ഇനി ചില നിബന്ധനകളും നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. വിസ ലഭിക്കുന്നതിനായി യുഎഇ എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് വിശദമായി നോക്കാം. ദുബായിൽ രക്തബന്ധമുള്ളവരെ കൊണ്ടുവരാനുള്ള ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ വാടക കരാർ നിർബന്ധമാക്കി. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
30 ദിവസത്തെ വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ 1 മുതൽ 30 ദിവസം വരെയുള്ള ഏത് ഹോട്ടൽ ബുക്കിങ് കാലയളവും സ്വീകാര്യമാണ്. 60 ദിവസത്തെ വീസാ അപേക്ഷയാണെങ്കിൽ ഹോട്ടൽ ബുക്കിങ് കാലയളവ് 35 മുതൽ 60 ദിവസത്തേയ്ക്കായിരിക്കണം. കൂടാതെ മടക്ക ടിക്കറ്റും ഉണ്ടായിരിക്കണം. ഹോട്ടൽ ബുക്കിങ്ങിലെ തീയതികളും റൗണ്ട് ട്രിപ്പ് ടിക്കറ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അറ്റാച്ച് ചെയ്ത രേഖകൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കാരണം വ്യക്തമാക്കാതെ ഇമിഗ്രേഷൻ അപേക്ഷകൾ നിരസിച്ചേക്കാം. അനാവശ്യമായ കാലതാമസങ്ങളോ നിരസിക്കലുകളോ ഒഴിവാക്കാൻ ഈ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ അഭ്യർഥിച്ചു.
ടൂറിസ്റ്റ്, സന്ദർശക വിസ നിയമം കർശനമാക്കിയതോടെ വിസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലയുന്നുണ്ട്. രാജ്യംവിടാതെ രണ്ട് തവണയായി ഒരുമാസം വീതം വിസ കാലാവധി നീട്ടാൻ വ്യവസസ്ഥയുണ്ടെങ്കിലും ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. അതിനാൽ സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ഒമാനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെത്തിയവർ വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ദുബൈയിലേക്ക് തിരിച്ചുപോകാനാകാതെ ഇങ്ങനെ നിരവധിപേർ മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു.
സന്ദർശക വിസ കാലാവധി കഴിഞ്ഞവർ, എക്സിറ്റ് അടിച്ച് ഒമാനടക്കമുള്ള രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എടുത്ത് യുഎഇയിലേക്ക് തിരിച്ചെത്തുകയായിരുന്നു ഇതുവരെ. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കൂടുതലായതിനാലാണ് ഇങ്ങനെ എക്സിറ്റ് അടിക്കാനായി ജിസിസി രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ ദുബൈ ഇമിഗ്രേഷൻ അധികൃതർ കഴിഞ്ഞയാഴ്ച മുതൽ നിയമം കർശനമാക്കിയതോടെ ഇങ്ങനെ എത്തിയവരാണ് വെട്ടിലായത്. ബഹ്റൈനിലും മലയാളികൾ കുടുങ്ങിയിട്ടുണ്ട് ദുബൈയിലേക്ക് തിരിച്ചുപോകാനാകാതെ ഇങ്ങനെ നിരവധിപേർ ബഹ്റൈൻ വിമാനത്താവളത്തിൽ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുകയാണ്.
എന്നാൽ, പുതിയ വ്യവസ്ഥകളറിയാതെയാണ് മലയാളികളടക്കം എക്സിറ്റ് അടിക്കാനായി ടിക്കറ്റെടുത്ത് ബഹ്റൈനിലെത്തിയത്. ദുബൈയിലേക്ക് പുതിയ സന്ദർശക വിസക്ക് അപേക്ഷിച്ച ഇവരുടെയെല്ലാം അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. തുടർന്ന് ഇവരിൽ ഭൂരിഭാഗവും ഇമിഗ്രേഷനിൽ രേഖകൾ ഹാജരാക്കി ഇന്ത്യയിലേക്ക് പോകുകയാണ്.
എന്നാൽ, പലരുടേയും കൈവശം ആവശ്യത്തിന് പണം ഇല്ലാതിരുന്നതിനാൽ ടിക്കറ്റെടുക്കാൻ സാധിക്കുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടി. നിയമത്തിൽ വന്ന മാറ്റം സംബന്ധിച്ച് ട്രാവൽ ഏജൻസികൾ അറിയിച്ചിരുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. സന്ദർശക വിസയിലെത്തി നാട്ടിലേയ്ക്ക് മടങ്ങാതെ മുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കിയത്.
https://www.facebook.com/Malayalivartha