ഈ വസ്തുക്കൾ ലഗേജിലുണ്ടോ? യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, പെട്ടിപായ്ക്ക് ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണം...!!
ചെക്ക് ഇൻ ബാഗേജുകളിലും ക്യാബിൻ ലഗേജുകളിലും കൊണ്ടുപോകാൻ കഴിയുന്ന വസ്തുക്കളെ പറ്റിയും നിരോധനം ഏർപ്പെടുത്തിയവയെ കുറിച്ചും പ്രവാസികൾക്ക് ഏകദേശ ധാരണയുണ്ടാകും. എന്നാൽ പലരും നിരവധി തവണ പോയിട്ടുണ്ടെങ്കിലും ലഗേജിൽ കൊണ്ടുപോകുന്നതിന് ചില വസ്തുക്കൾക്ക് ഇപ്പോൾ നിയന്ത്രണങ്ങളും നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രവാസികൾ അതിയാതെ പോയാൽ എയർപ്പോർട്ടിൽ എത്തി ഇത്തരം സാധനങ്ങൾ ബാഗുകളിൽ നിന്ന് എടുത്ത് മാറ്റേണ്ടതായിവരും.
നിങ്ങൾ യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദനീയമല്ല. അതിനാൽ എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ എന്നിവ നൽകുന്ന മാർഗനിർദേശങ്ങൾ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ മനസിലാക്കി വയ്ക്കണം. എല്ലാ രാജ്യാന്തര യാത്രകളിലെയും പോലെ ഇറങ്ങുന്ന നഗരത്തിൻറെയോ രാജ്യത്തിൻറെയോ കസ്റ്റംസ് മാർഗനിർദ്ദേശങ്ങൾ യാത്രക്കാർ പരിശോധിക്കേണ്ടതുണ്ട്. യുഎഇയുടെ ഫെഡറൽ കസ്റ്റംസ് അതോറിറ്റിക്ക് നിരോധിത വസ്തുക്കളുടെ ഒരു പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.
ലഗേജിൽ കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിക്കുന്നതുമായ സാധനങ്ങൾ ഏതെല്ലാമെന്ന് നോക്കാം. കൊപ്ര അഥവ ഉണങ്ങിയ തേങ്ങ കൊണ്ടുപോകാൻ സാധിക്കില്ല. 2022 മാർച്ചിൽ ഇന്ത്യൻ സിവിൽ ഏവിയേഷൻറെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി കൊപ്രയെ നിരോധിത ഇനങ്ങളുടെ പട്ടികയിൽ ചേർത്തു.അതിനാൽ ഉണങ്ങിയ തേങ്ങ ചെക്ക്-ഇൻ ലഗേജിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. രണ്ടാമാത്തെത് സുഗന്ധവ്യഞ്ജനങ്ങൾ ആണ്. ലഗേജിൽ മുഴുവനായോ പൊടിയായോ സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുപോകാൻ കഴിയില്ല. എങ്കിലും ബിസിഎഎസ് മാർഗനിർദേശങ്ങൾ അനുസരിച്ച് ചെക്ക്-ഇൻ ലഗേജിൽ അവ അനുവദിച്ചിരിക്കുന്നു.
അതുപോലെ മിക്കവരും കൊണ്ടുപോകുന്നതാണ് അച്ചാറുകൾ, കയ്യിൽ കൊണ്ടുപോകുന്നതും ചെക്ക്-ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ മുളക് അച്ചാർ ഒഴികെയുള്ള അച്ചാറുകൾ കൊണ്ടുപോകാൻ സാധിക്കുന്നതാണ്. മുളക് അച്ചാർ ഹാൻഡ് ക്യാരിയിൽ അനുവദനീയമല്ല. അതുപോലെ നെയ്യ്, വെണ്ണ എന്നിവ ലിക്വിഡ് നിയന്ത്രണങ്ങൾക്ക് കീഴിലാണ് വരുന്നത്. അതുകൊണ്ട് ഇവ ക്യാരി–ഓൺ ലഗേജിൽ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങൾ 100 മില്ലി എന്ന അളവിൽ , എയറോസോൾസ്, ജെൽസ് എന്നിവയുടെ കീഴിൽ പരിമിതപ്പെടുത്തുന്നുമുണ്ട്.
എങ്കിലും ചെക്ക്-ഇൻ ലഗേജിൻറെ കാര്യത്തിൽ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാൻ അനുവദിക്കുന്നു. പക്ഷേ, ചില വിമാനത്താവളങ്ങൾ നെയ്യ് കൊണ്ടുപോകാൻ അനുവദിക്കാത്തതിനാൽ വിമാനത്താവളവും എയർലൈനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിശോധിക്കേണ്ടതാണ്. എയർപോർട്ടിൽ ഒരു വസ്തു അനുവദനീയമാണോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള ഏറ്റവും എളുപ്പമാർഗം അവരുടെ വെബ്‌സൈറ്റിൽ നിരോധിത ഇനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ മനസിലാകും. അതുപോലെ ചെക്ക്-ഇൻ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളിൽ ഇ-സിഗരററ്റുകളും അനുവദനീയമല്ല.
അതേസമയം, വിമാനയാത്രയിൽ കൈയ്യിൽ കരുതുന്ന ഹാൻഡ് ലഗേജിൽ എന്തൊക്കെ സാധനങ്ങൾ സൂക്ഷിക്കാമെന്ന് ഇപ്പോഴും കൃത്യമായി അറിയാത്തവരുണ്ട്. ലൈറ്റർ, തീപ്പെട്ടി, കത്തി, കൂർത്ത മുനയുള്ള വസ്തുക്കൾ, കത്രിക, ബോക്സ് കട്ടറുകൾ, ഐസ് ആക്സ്, ഐസ് പിക്ക്, വാൾ, ടർപെന്റൈൻ, തീപിടിക്കാൻ സാധ്യതയുള്ള വസ്തുകൾ തുടങ്ങിയ യാതൊരുവിധ വസ്തുക്കളും ഹാൻഡ് ബാഗിൽ പാടില്ല.
നിങ്ങളൊരു കായികതാരമാണെങ്കിൽ കൂടി ചില സ്പോർട്ട്സ് എക്യുപ്മെന്റ്സ് വിമാനയാത്രയിൽ ഹാൻഡ് ലഗേജിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. ഉദാഹരണത്തിന് ബേസ്ബോൾ ബാറ്റ്, അമ്പും വില്ലും, ക്രിക്കറ്റ് ബാറ്റ്, ഗോൾഫ് കളിക്കാൻ ഉപയോഗിക്കുന്ന സ്റ്റിക്ക്, ഹോക്കി സ്റ്റിക്ക്, ലാക്രോസ് സ്റ്റിക്ക്, ബില്യാർഡ്സ് സ്നൂക്കർ ഇവയൊന്നും ഹാൻഡ് ലഗേജിൽ ഉൾപ്പെടുത്താൻ പാടില്ല. ഇത്തരത്തിലുള്ള വസ്തുക്കളെല്ലാം ചെക്ക് ഇൻ ബാഗിൽ മാത്രമേ സൂക്ഷിക്കാൻ സാധിക്കൂ. കുറിപ്പടിയോടു കൂടിയ ഇൻഹേലർ, മരുന്ന് എന്നിവയും കുഞ്ഞുങ്ങളുടെ ഭക്ഷണവും അനുവദിക്കും. സ്പ്രേ പെയിന്റ്, കണ്ണീർ വാതകം, കുളങ്ങളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറിൻ, ലിക്വിഡ് ബ്ലീച്ച് എന്നിവയും കൈയിൽ കരുതുന്ന ബാഗിൽ ഉണ്ടാകരുത്. ചില സ്പോർട്ട്സ് എക്യുപ്മെന്റ്സ് വിമാനയാത്രയിൽ ഹാൻഡ് ലഗേജിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.
https://www.facebook.com/Malayalivartha