ശമ്പളമില്ലാതെ ഒരു വർഷം പറയുന്നിടത്ത് ജോലി ചെയ്യേണ്ടിവരും, കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ചു, വാഹനം കണ്ടുകെട്ടാനും നിർദേശം...!!!
കുവൈത്തിൽ നിയമലംഘകരായ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. രാജ്യത്ത് ഗുരുതര ഗതാഗത നിയമലംഘനത്തിന്റെ പേരിൽ പിടികൂടുന്നവർക്ക് ശമ്പളമില്ലാതെ പണിയെടുക്കേണ്ടിവരും. സാമൂഹിക സേവനത്തിന്റെ ഭാഗമായി വേതനമില്ലാതെ ഒരു വർഷം ജോലി ചെയ്യിപ്പിക്കാനാണ് പുതിയ ഗതാഗത നിയമത്തിൽ നിർദേശിച്ചിട്ടുള്ളത്. ദിവസേന 8 മണിക്കൂർ എന്ന തോതിൽ അധികൃതർ പറയുന്നിടത്ത്, 1 വർഷം മുഴുവനും ജോലി ചെയ്യേണ്ടിവരും.
ഇത് കൂടാതെ നിയമലംഘനത്തിൽ ഏർപ്പെട്ട വാഹനം കണ്ടുകെട്ടാനും നിർദേശമുണ്ട്. നിശ്ചിത കാലയളവിലേക്ക് കണ്ടുകെട്ടുന്ന വാഹനം, നിരീക്ഷിക്കാനുള്ള ഉപകരണം ഘടിപ്പിച്ച ശേഷം അതത് വ്യക്തികളുടെ വീടുകളിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനം. ഈ ഉപകരണം നീക്കുകയോ കേടുവരുത്തുകയോ ചെയ്താൽ ശിക്ഷ ഇരട്ടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കുവൈത്തിൽ ഇത് വരെയായി 87% പ്രവാസികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ്, പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ-മുതൈരി അറിയിച്ചു. സ്വദേശികളിൽ 98% പേരും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയതായും, 20,000 സ്വദേശികൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. കുവൈത്ത് സ്വദേശികൾക്ക് അനുവദിച്ചിരുന്ന സമയം ഈ വർഷം സെപ്തംബറിൽ കഴിഞ്ഞിരുന്നു. ബയോമെട്രിക്‌സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ സർക്കാർ ഇടപാടുകളും ഡിസംബർ അവസാനത്തോടെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് സൂചനകൾ.
നേരത്തെ നടപടികൾ പൂർത്തീകരിക്കാത്ത സ്വദേശികളുടെ എല്ലാ സർക്കാർ, ബാങ്കിങ് ഇടപാടുകളും താൽക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. നിലവിൽ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ബയോമെട്രിക് രജിസ്‌ട്രേഷൻ സേവനം ലഭ്യമായിട്ടുള്ളത്. സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ വഴിയോ 'മെറ്റ' വെബ് പോർട്ടൽ വഴിയോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.
https://www.facebook.com/Malayalivartha