മഴ ശക്തമായാൽ മിന്നൽപ്രളയത്തിന് സാധ്യത, യുഎഇ നിവാസികൾക്ക് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം, വരും ദിവസങ്ങളിൽ ശക്തമായ കാറ്റോട് കൂടിയ മഴ പെയ്തേക്കും, അടിയന്തര സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങാവൂയെന്ന് മുന്നറിയിപ്പ്..!!!
യുഎഇയുടെ വിവിധഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. അന്തരീക്ഷ താപനില കുറയുകയും ഭാഗികമായി മേഘാവൃതവുമായിരിക്കും. അബുദാബിയിൽ ബുധനാഴ്ച രാത്രിയും മറ്റ് എമിറേറ്റുകളിൽ വ്യാഴാഴ്ച രാവിലെയും മഴ പ്രതീക്ഷിക്കാം. ചില സമയങ്ങളിൽ ശക്തമായ പൊടിക്കാറ്റുമുണ്ടായേക്കാമെന്നും എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ കാലാവസ്ഥ പൂർവസ്ഥിതിയിലായേക്കുമെന്നും അധികൃതർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലും മഴ പെയ്യും. അതിന് ശേഷം റാസൽഖൈമയിലേക്ക് മേഖങ്ങൾ നീങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച രാത്രി മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘങ്ങളുടെ അളവ് ക്രമാതീതമായി വർധിക്കുകയും തീരങ്ങളിലേക്കും ദ്വീപുകളിലേക്കും നീങ്ങുകയും ചെയ്യും. രാജ്യത്തിൻ്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയോടെ, താപനില കുറയുകയും മേഘാവൃതമായ അന്തരീക്ഷം ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യും. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടുകളും മിന്നൽപ്രളയങ്ങളും രൂപപ്പെടാനുള്ള സാധ്യത മുന്നിൽ കാണണമെന്ന് യുഎഇ നിവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷ കാഴ്ചാ പരിധി കുറയാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറയ്ക്കുകയും നിശ്ചിത അകലം പാലിക്കുകയും വേണം. പർവതപ്രദേശങ്ങളിലേക്കും ജലപ്രവാഹത്തിന് സാധ്യതയുള്ള ഇടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
ചില സമയങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴയും പ്രതീക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ വലിയ തോതിൽ പൊടിപടലങ്ങൾ ഉയർത്തുന്നതിനും തിരശ്ചീന ദൃശ്യപരത കുറയ്ക്കുകയും ചെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ അറേബ്യൻ ഗൾഫിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കടൽ വളരെ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാൻ കടലിനെയും ഇത് ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കടലിൽ പോകുന്നവരും ബീച്ചുകൾ സന്ദർശിക്കുന്നവരും ജാഗ്രത പാലിക്കണം.
അതേസമയം സൗദിയിൽ വരും ദിവസങ്ങളിൽ തണുപ്പിന് കൂടും. അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മക്കയിലും ജിദ്ദയിലും സാമാന്യം മഴ ലഭിച്ചു. പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മഴയുടെ അന്തരീക്ഷം നിലനിൽക്കുന്നുമുണ്ട്.
മഴയോടനുബന്ധിച്ച് രാജ്യം കൂടുതൽ തണുപ്പിലേക്ക് പ്രവേശിക്കും.വരുന്ന നാല് ദിവസം തണുത്ത കാറ്റ് രാജ്യത്തൊട്ടാകെ വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിലാണ് കൂടുതൽ തണുപ്പ് പ്രതീക്ഷിക്കുന്നത്. അസീർ, ജീസാൻ, അബഹ തുടങ്ങിയ പ്രവിശ്യകളിൽ വരും ദിനങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. മക്കയിലെത്തുന്ന തീർത്ഥാടകർക്ക് മഴ മുൻനിർത്തി പ്രത്യേക നിർദേശവും കഴിഞ്ഞദിവസം മന്ത്രാലയം പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha