റെക്കോർഡ് തിരുത്തും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടവും ദുബായിൽ, 725 മീറ്റര്‍ ഉയരത്തിൽ 132 നിലകളിലായി ബുര്‍ജ് അസീസി, ചെലവ് 600 കോടി ദിര്‍ഹം...!!!
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഏതാണെന്നും അത് സ്ഥതി ചെയ്യുന്നത് എവിടെയാണെന്നും പ്രവാസികൾക്ക് അറിയാത്ത കാര്യമൊന്നുമല്ല. ബുര്‍ജ് ഖലീഫ അതിന്റെ തലയെടുപ്പുകൊണ്ടും നിർമാണത്തിലെ വൈധക്ത്യം കൊണ്ടും ലോക പ്രശസ്തമാണ്. എന്നാൽ ബുര്‍ജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടവും ദുബായ് നഗരത്തിലാണ് വരാൻ പോകുന്നതെന്ന് എത്ര പേർക്കറിയാം. 725 മീറ്റര്‍ ഉയരത്തിൽ 132 നിലകളിലായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് അസീസി എന്ന സപ്ത നക്ഷത്ര ഹോട്ടൽ ശെയ്ഖ് സായിദ് റോഡിൽ ഉയരുന്നത്.
ബുര്‍ജ് അസീസി ഒരു വെര്‍ട്ടിക്കല്‍ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കും. ഏഴ് സാംസ്‌കാരിക തീമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍, പെന്റ്ഹൗസുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, അവധിക്കാല വസതികള്‍, വെല്‍നസ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, നീരാവിക്കുളങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റസിഡന്റ് ലോഞ്ചുകള്‍, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവ ടവറിൽ ഒരുക്കും. നിർമാണം പൂർത്തിയാവുന്നതോടെ ക്വാലാലംപൂരിലെ 679 മീറ്റര്‍ ഉയരമുള്ള മെര്‍ദേക്ക 118-നെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി ഇത് മാറും. 600 കോടി ദിര്‍ഹം ചെലവ് വരുന്ന ബുര്‍ജ് അസീസിയുടെ നിർമാണം 2028 ഓടെ പൂർത്തിയാക്കാനാണ് പദ്ധതി.
2004-ല്‍ ബുര്‍ജ് ഖലീഫ പണികഴിപ്പിച്ചപ്പോള്‍, ചുറ്റുമുള്ള പ്രദേശം വിശാലമായ ഒരു ഒഴിഞ്ഞ സ്ഥലമായിരുന്നു. എന്നാൽ അംബരചുംബികളായ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട തിരക്കേറിയ ശെയ്ഖ് സായിദ് റോഡിലാണ് ബുര്‍ജ് അസീസി നിര്‍മ്മിക്കുന്നത്. താരതമ്യേന പരിമിതമായ ഭൂവിസ്തൃതിയും ടവറിന്റെ ഉയരവും കണക്കിലെടുക്കുമ്പോള്‍ ഇത്ര ഉയരമുള്ള കെട്ടിടം നിർമിക്കുക എന്നത് വലിയ വെല്ലുവിളിക്കണെന്നും ആർക്കിടെക്ടുകൾ പറയുന്നു.
2010 ജനുവരി നാലിനായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉയർന്നത്. 828 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം. അതേസമയം ബുർജ് ഖലീഫയ്ക്ക് വെല്ലുവിളിയായി സൗദി അറേബ്യയിൽ വരുന്ന ജിദ്ദ ടവറിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്. ഈ പദ്ധതി 2028 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1000 മീറ്ററിൽ അധികം ഉയരത്തിൽ നിർമിക്കുന്ന ഈ അംബരചുംബി പണി പൂർത്തിയാകുന്നതോടെ ദുബായിലെ ബുർജ് ഖലീഫയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറും.
ജിദ്ദ ടവറിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റസിഡൻഷ്യൽ യൂണിറ്റുകൾ, ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ മേഖലകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. 157 നിലകളിൽ 63 നിലകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 59 എലിവേറ്ററുകൾ, 12 എസ്കലേറ്ററുകൾ, 80 ടൺ സ്റ്റീൽ, എനർജി ഇൻസുലേറ്റിങ് ഗ്ലാസ് എന്നിവയും ഈ ടവർ നിർമാണത്തെ വ്യത്യസ്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ച് ടവറുകളിൽ രണ്ടെണ്ണം ഈ രാജ്യത്ത് സ്ഥിതി ചെയ്യുന്നതോടെ സൗദി അറേബ്യ ലോകത്ത് പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായി മാറും. റിയൽ എസ്റ്റേറ്റ് വികസനം, കെട്ടിട നിർമാണം, ആർക്കിടെക്ചർ എന്നീ മേഖലകളിൽ സൗദി നേടിയ വളർച്ചയുടെ തെളിവാണ് ഈ പദ്ധതി. പ്രശസ്ത ആർക്കിടെക്റ്റ് അഡ്രിയാൻ സ്മിത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെടുന്ന ഈ ടവർ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം മാത്രമല്ല, ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന കെട്ടിടങ്ങളിൽ ഒന്നുകൂടിയാണ്.
https://www.facebook.com/Malayalivartha