പിഴത്തുക ഉൾപ്പടെ ഒഴിവാക്കും, ദേശീയ ദിനം പ്രമാണിച്ച് രണ്ടായിരത്തോളം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ, നബി ദിനം ഇത് കൂടാതെ യുഎഇയുടെ ദേശീയ ദിനം തുടങ്ങിയവയ്ക്ക് മുന്നോടിയായി ഗുരുതരമല്ലാത്ത കുറ്റത്തിന് തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നത് പതിവാണ്. ഡിസംബർ രണ്ടിന് യുഎഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് ഇത്തവണ രണ്ടായിരത്തോളം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഉത്തരവ് പ്രകാരം 2,269 തടവുകാരെ മോചിപ്പിക്കും. ഇവരുടെ പിഴത്തുക ഉൾപ്പടെ ഒഴിവാക്കിയാണ് മോചിപ്പിക്കുക.
മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് ചെറുതും വലുതുമായ കുറ്റത്തിന് യുഎഇയിലെ ജയിലുകളിൽ കഴിയുന്നത്. ഗുരുതരമല്ലാത്ത കുറ്റങ്ങൾ ചുമത്തിയിട്ടുള്ളവർക്ക് ഈ അവസരത്തിൽ മോചനം ലഭിക്കും. പലതരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കി തടവുകാരെ മോചിപ്പിക്കാനാണ് പ്രസിഡന്റിന്റെ നിർദ്ദേശം. നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി.
നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് വഴി ഒരുങ്ങിയിരിക്കുന്നതിനാൽ പുറത്തിറങ്ങുന്നവർക്ക് അവരുടെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കാൻ അവസരമൊരുക്കുന്നതോടൊപ്പം കുടുംബങ്ങളുടെയും സമൂഹത്തിന്റേയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഭരണാധികാരികൾ വ്യക്തമാക്കി. തടവുകാർക്ക് എത്രയും പെട്ടന്ന് കുടുബങ്ങളുടെ അടുത്തെത്താനുളള സാഹചര്യം ഒരുക്കാൻ നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.
ദേശീയദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ ഇനി വരാൻ പോകുകയാണ്. ഡിസംബർ 2, 3 തീയതികളിലാണ് അവധി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ശനി, ഞായർ വാരന്ത്യ അവധി ഉൾപ്പെടെ മൊത്തം നാല് ദിവസത്തെ അവധി ലഭിക്കും.
ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ഷാർജയിൽ, ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതൽ ഞായർ വരെയായതിനാൽ പൊതുമേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം. ഡിസംബർ രണ്ട്, മൂന്ന്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടർന്ന് ഡിസംബർ നാല്, ബുധൻ മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.
ദേശീയദിനം പ്രമാണിച്ച് നാല് ദിവസത്തെ ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് യുഎഇ. 'ഈദ് അൽ ഇത്തിഹാദ്' എന്നാണ് ദേശീയദിനാഘോഷത്തിന് പേരിട്ടിരിക്കുന്നത്. സ്വന്തം രാജ്യം കഴിഞ്ഞാൽ മലയാളികളുൾപ്പടെ ഇന്ത്യക്കാർ ഏറ്റവും സജീവമായി പങ്കെടുക്കുന്ന ദിനം കൂടിയാണിത്. വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. രാജ്യത്തിന്റെ പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ. രാജ്യത്തിന്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കുന്ന ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ദിനാഘോഷങ്ങൾക്ക് അൽ ഐൻ ആതിഥേയത്വം വഹിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
യുഎഇയിലെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അൽ ഐനിലെ പ്രകൃതിരമണീയമായ പ്രകൃതിദൃശ്യങ്ങൾക്ക് നടുവിലാണ് ഔദ്യോഗിക ചടങ്ങ് നടക്കുകയെന്ന് കമ്മിറ്റി അറിയിച്ചു. യുഎഇയിലുടനീളമുള്ള ആളുകൾക്ക് ഡിസംബർ രണ്ടിന് ദേശീയ ദിന അവധി 2024ന്റെ ആഘോഷങ്ങൾ പ്രാദേശിക ടിവി ചാനലുകളിലും സിനിമാശാലകളിലും തിരഞ്ഞെടുത്ത പൊതു ഇടങ്ങളിലും തത്സമയം കാണാൻ സാധിക്കും.
https://www.facebook.com/Malayalivartha