അധികം വൈകാതെ നാട്ടിലേക്ക് മടക്കി അയയ്ക്കും, കുവൈത്തിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ, അമീർ നല്‍കുന്ന പൊതുമാപ്പ് കാത്ത് ജയിലില്‍ കഴിയുന്നത് 3,000 തടവുകാര്‍...!!!
കുവൈത്തിൽ വിവിധ നിയമലംഘകരെ പരിശോധനയിലൂടെ പിടികൂടി നാടുകടത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. പിടികൂടുന്നവരെ ആദ്യം നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടർന്ന് അവിടെ നിന്നും നിയമ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നാടുകടത്തുകയുമാണ് രീതി. നിലവിൽ നിയമ ലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികളാണ്. ഇതൊരു ചെറിയ സംഖ്യയല്ല. ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഫഹദ് അല്‍ ഒബൈദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ സ്വദേശങ്ങളിലേക്ക് അധികം താമസിയാതെ മടക്കി അയയ്ക്കും. ഇക്കഴിഞ്ഞ 17 മുതല്‍ 21 വരെ 568 പേരെയും ഈ മാസം ആദ്യവാരം 497 പേരെയുമാണ് നാടുകടത്തിയത്. ഇതിനു പുറമെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 385 പേരെയും മടക്കി അയച്ചു. രാജ്യത്തെ വിവിധ ജയിലുകളിലായി 6,500 തടവുകാരുണ്ടെന്നും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഫഹദ് അല്‍-ഉബൈദ് വെളിപ്പെടുത്തി. ഇലക്ട്രോണിക് കഫ് പദ്ധതി നടപ്പാക്കിയാലുടന്‍ 200 ഓളം തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് കീഴില്‍ ചില തടവുകാരെ വിട്ടയക്കാനുള്ള നീതിന്യായ മന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണിത്. പദ്ധതി നടപ്പാക്കുന്നതിനായി ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് എന്നിവരുടെ അനുമതിക്കായി വകുപ്പ് കാത്തിരിക്കുകയാണ്. പബ്ലിക് പ്രോസിക്യൂഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ഇലക്ട്രോണിക് കഫ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളുടെ എണ്ണം മുമ്പ് മൂന്ന് വര്‍ഷമോ അതില്‍ കുറവോ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നതായി ബ്രിഗേഡിയര്‍ അല്‍-ഉബൈദ് പറഞ്ഞു. ഈ യോഗ്യതയിലേക്ക് ഇപ്പോള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന അഞ്ച് വര്‍ഷം വരെയുള്ള തടവുകാരെയും ഉള്‍പ്പെടുത്തും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് ഇലക്ട്രോണിക് കഫിന് അര്‍ഹതയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ 150 നും 200 നും ഇടയില്‍ തടവുകാര്‍ക്ക് വിപുലീകരിച്ച പരിപാടിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിഗേഡിയര്‍ അല്‍-ഉബൈദ് പറഞ്ഞു. നിയമം പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം നടപ്പാക്കല്‍ ആരംഭിക്കും.
തടവുകാരിൽ പൊതുമാപ്പ് വ്യവസ്ഥകൾ പാലിക്കുന്ന 3,000 പേർ മാത്രമാണുള്ളത്. ജയില്‍ തടവുകാര്‍ക്ക് അമീര്‍ നല്‍കുന്ന പൊതു മാപ്പ് സംബന്ധിച്ചുള്ള പട്ടിക ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷനൽ അധികൃതര്‍ തയാറാക്കി വരികയാണ്. പട്ടിക ഉടൻ തന്നെ ബന്ധപ്പെട്ട കമ്മിറ്റിയ്ക്ക് കൈമാറും. ഓരോ ഫയലും വ്യക്തിഗതമായി അവലോകനം ചെയ്ത് മാനദണ്ഡങ്ങള്‍ പാലിക്കാത്തവ നിരസിക്കുകയാണ് ചെയ്യുന്നത്.
ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബായുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, എല്ലാ ഗവര്‍ണറേറ്റുകളിലും റസിഡന്‍സി-തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്. നിയമലംഘകര്‍ക്ക് ഒപ്പം അവരുടെ തൊഴിലുടമകളെയും ഉത്തരവാദികളാക്കാനുള്ള നീക്കം മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.
നാടുകടത്തപ്പെട്ടവർക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ഉത്തരവാദിത്തം സ്പോൺസർമാരുടേതാണ്. ടിക്കറ്റ് റിസർവേഷനും പുറപ്പെടാനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കെട്ടിടത്തിലെ രണ്ട് ട്രാവൽ ഓഫീസുകൾ വഴി മന്ത്രാലയം സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് നാടുകടത്താന്‍ വിധിക്കപ്പെട്ടവർക്കായി സുലൈബിയയിലെ പുതിയ കെട്ടിടം ഏകദേശം 90 ശതമാനം പൂര്‍ത്തിയായതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha