നിയമാനുസൃതമായി രാജ്യത്ത് തുടരാൻ അവസരം, പ്രവാസികൾക്ക് ആശ്വാസമായി പുതിയ ഇളവ് പ്രഖ്യാപിച്ച് സൗദി, ‘ഹുറൂബി’ൽ ഉൾപ്പെട്ടവർക്ക് പദവി ശരിയാക്കി വിസ സ്റ്റാറ്റസ് നിലനിർത്താൻ 60 ദിവസത്തെ സമയം അനുവദിച്ചു...!!!
പ്രവാസികൾക്ക് ആശ്വാസമായി പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. നിയമനുസൃതമായി രാജ്യത്ത് തുടരാൻ അവസരം നൽകുന്നതാണണ് ഈ ഇളവ്. തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ല, തൊഴിലുടമ വ്യാജ പരാതി രജിസ്റ്റർ ചെയ്തവർക്കും തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ സൗദി അറേബ്യ അവസരം നൽകുന്നു. തൊഴിലുടമയുടെ പരാതിയിന്മേൽ ജവാസത്ത് സ്വീകരിക്കുന്ന നിയമനടപടിയായ ‘ഹുറൂബി’ൽ ഉൾപ്പെട്ടവർക്ക് പദവി ശരിയാക്കി നിയമാനുസൃതം വിസ സ്റ്റാറ്റസ് ശരിയാക്കി ജോലിയിൽ തുടരാനാണ് അവസരം.
കൂടാതെ മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റാനും 60 ദിവസത്തെ ഇളവുകാലം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. ഇത് സംബന്ധിച്ച് വിവരങ്ങളുമായി വിദേശ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്ക് ബന്ധപ്പെട്ട സൗദി വകുപ്പ് സർക്കുലർ അയച്ചതായാണ് വിവരം പുറത്ത് വരുന്നത്. 2024 ഡിസംബർ 1 മുതൽ 2025 ജനുവരി 29 വരെ 60 ദിവസമാണ് പദവി ശരിയാക്കാനുള്ള ക്യാമ്പയിൻ നടത്തുന്നത്. ഈ സമയത്തിനുള്ളിൽ തൊഴിൽ മന്ത്രാലയത്തിെന്റെ ‘ഖിവ’ പോർട്ടൽ വഴി നടപടികൾ പൂർത്തീകരിക്കണം.
ഹുറൂബായ ആളുകൾക്ക് ഖിവ പോർട്ടലിൽനിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസായി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. മെസേജ് ലഭിക്കുന്നവർ ഖിവ പോർട്ടൽ സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കണം. 2024 ഡിസംബർ 1-ന് മുമ്പ് ‘ഹുറൂബാ’യവർക്കാണ് അവസരം. എന്നാൽ ഗാർഹിക തൊഴിലാളികൾ, ഹൗസ് ഡ്രൈവർമാർ എന്നിവർ ഈ ഇളവിന് അർഹരല്ല. അതല്ലാത്ത മുഴുവൻ തൊഴിൽ വിസക്കാർക്കും ഇളവ് ലഭ്യമാകും.
ഒരു തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ കരാര്‍ റദ്ദാക്കിയാൽ അറുപത് ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്കു പോകണം. അതല്ലെങ്കിൽ മറ്റൊരു തൊഴിലുടമയെ കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറണം എന്നതാണ് നിയമം. അല്ലാത്തപക്ഷം ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയതായി(ഹുറൂബ്) രേഖപ്പെടുത്തപ്പെടും. ഇങ്ങനെ ഹുറൂബിൽ ഉള്ളവർ മറ്റൊരിടത്തു ജോലി ചെയ്യാനും വിസ മാറാനും ഇതുവരെ വിലക്കുണ്ടായിരുന്നു. അത്തരക്കാർക്ക് വിസ മാറുവാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
തൊഴിൽ ഇടങ്ങളിൽ തൊഴിലാളി-തൊഴിലുടമ ബന്ധത്തിലെ സുസ്ഥിരത വർധിപ്പിക്കാനും തൊഴിലാളികൾക്ക് അവരുടെ സാഹചര്യം നിയമ ചട്ടങ്ങൾക്കനുസൃതമായി കാലികമായി ക്രമപ്പെടുത്താനും സേവനങ്ങൾ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാനും ഒരു അധിക അവസരം നൽകുകയാണ് ഈ ക്യാംപെയിൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സർക്കുലറിൽ പറയുന്നു. ലഭ്യമായ ഈ കാലയളവും അവസരവും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇനിയൊരു അവസരമുണ്ടാകില്ലെന്നും സർക്കുലർ ഓർമപ്പെടുത്തുകയും ചെയ്യുന്നു.
അതേസമയം, സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 19,024 പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പേര്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ പിടിയിലായത്. നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന 10,537 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ നവംബര്‍ 21നും 27നും ഇടയിലുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വാഹനങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും മറ്റും നടത്തിയ പരിശോനകളിലാണ് ഇത്രയേറെ പേര്‍ പിടിയിലായത്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,268 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു. 4,773 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 2,983 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,212 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്.
https://www.facebook.com/Malayalivartha