പ്രവാസികൾക്ക് വീണ്ടും കുവൈത്തിന്റെ മുന്നറിയിപ്പ്, ബയോമെട്രിക് രജിസ്ട്രേഷൻ ചെയ്യാത്തവർക്കെതിരേ ജനുവരി ഒന്ന് മുതൽ നടപടികൾ ആരംഭിക്കും, നിയന്ത്രണങ്ങള്‍ ബാങ്കിങ് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ല, വിസകള്‍ പുതുക്കലടക്കം എല്ലാ സര്‍ക്കാര്‍ ഇടപാടുകളും നിര്‍ത്തിവയ്ക്കും..!!!
കുവൈത്തിലെ പ്രവാസികൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സമയ പരിധി അവസാനിക്കാൻ ഇനി ആഴ്ച്ചകൾ ബാക്കി നിൽക്കെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവർക്കെതിരേ കർശന നടപടികൾ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ജനുവരി ഒന്നു മുതൽ തന്നെ നടപടികൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ ബാങ്കിങ് സേവനങ്ങളെയാണ് ബാധിക്കുക. നിയന്ത്രണങ്ങള്‍ ബാങ്കിങ് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത് പൂര്‍ത്തിയാക്കാത്ത പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും റസിഡന്‍സി വിസകള്‍ പുതുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.കൂടാതെ രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഓഹരികള്‍, ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോകള്‍ തുടങ്ങിയ ആസ്തികള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിപണികളിലും പരിമിതികള്‍ നേരിടേണ്ടിവരും. ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതുവരെ വാണിജ്യ ഇടപാടുകളില്‍ നിന്നുള്ള വരുമാനം അവരുടെ മരവിപ്പിച്ച അക്കൗണ്ടുകളിലേക്കായിരിക്കും പോവുക.
ബാങ്കിങ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിക്കാൻ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റിന് ആഭ്യന്തര മന്ത്രാലയം ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെടുന്നവരുടെ ബാങ്കിങ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും, ഇത് മുന്നറിയിപ്പുകളില്‍ തുടങ്ങി അക്കൗണ്ട് പ്രവര്‍ത്തനങ്ങൾ പൂർണമായി മരവിപ്പിക്കുന്നതിലേക്ക് അവസാനിക്കും.ഘട്ടം ഘട്ടമായി നടപടികൾ കടുപ്പിക്കാനാണ് അധിക്യതരുടെ നീക്കം.
ആദ്യഘട്ടമെന്ന നിലയിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന അലേര്‍ട്ട് സന്ദേശങ്ങൾ ബാങ്കുകള്‍ ഉപഭോക്താക്കളെ അടുത്തയാഴ്ച അറിയിക്കാന്‍ തുടങ്ങും. തടസ്സമില്ലാത്ത ബാങ്കിങ് സേവനങ്ങള്‍ നിലനിര്‍ത്തുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ മുന്നറിയിപ്പുകളിൽ ഉണ്ടാവും.
രണ്ടാം ഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും. നിബന്ധനകള്‍ പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങളിലേക്കുള്ള പ്രവേശനം നഷ്ടമാകും. അക്കൗണ്ട് ബാലന്‍സുകൾ അറിയാനും സ്റ്റേറ്റ്മെന്‍റുകൾ എടുക്കാനും ഓണ്‍ലൈനായി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സൗകര്യം ഇതോടെ റദ്ദാക്കപ്പെടും. മൂന്നാം ഘട്ടമെന്ന നിലയിൽ ഡിസംബര്‍ 31-നകം നിയമം പാലിക്കാത്ത ഉപഭോക്താക്കളുടെ വിസയും മാസ്റ്റര്‍കാര്‍ഡും ഉള്‍പ്പെടെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും നിര്‍ജ്ജീവമാക്കും. ഈ വ്യക്തികള്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ ആവശ്യകത നിറവേറ്റുന്നത് വരെ ബാങ്ക് നേരിട്ട് സന്ദര്‍ശിച്ച് മാത്രമേ അവരുടെ ഫണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയൂ.
നാലാം ഘട്ടമെന്ന നിലയിൽ ഡിസംബർ 31നകം ബയോമെട്രിക് രജിസ്ട്രേഷൻ നടത്താത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ ജനുവരി 1 മുതല്‍ പൂർണമായും നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. നിക്ഷേപങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെങ്കിലും പിന്‍വലിക്കലുകള്‍, വായ്പകള്‍, ഫണ്ട് കൈമാറ്റങ്ങള്‍ എന്നിവയ്ക്ക് നിരോധനം വരും. ഒരു സിവില്‍ ഐഡി കാലഹരണപ്പെടുമ്പോള്‍ ഉണ്ടാവുന്ന നിയന്ത്രണങ്ങൾക്ക് സമാനമായിരിക്കും ഇത്.
ഒരു തവണ രജിസ്‌ട്രേഷന്‍ സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഡിസംബര്‍ 31നു ശേഷം വീണ്ടും സമയം അനുവദിക്കാനിടയില്ല.കുവൈറ്റ് പൗരന്മാര്‍ക്ക് രജിസ്‌ട്രേഷന് അനുവദിച്ച സമയപരിധി സെപ്റ്റംബര്‍ അവസാനം വരെയായിരുന്നു. എന്നാല്‍ പ്രവാസികളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് മന്ത്രാലയം അവര്‍ക്ക് ഡിസംബര്‍ 31വരെ സമയം നീട്ടിനല്‍കുകയായിരുന്നു. ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്ത കുവൈറ്റ് പൗരന്മാരുടെ എല്ലാ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകളിലും 'ബ്ലോക്ക്' ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും, അവര്‍ക്ക് സുരക്ഷാ ഡയറക്ടറേറ്റ് സന്ദര്‍ശിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്. ബയോമെട്രിക്‌സ് പൂര്‍ത്തിയായാലുടന്‍ ബ്ലോക്ക് നീക്കം ചെയ്യും. രജിസ്റ്റര്‍ ചെയ്യേണ്ട താമസക്കാര്‍ക്ക് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ 'സഹല്‍' വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം 'മത്താ' വഴിയോ സൗകര്യപ്രദമായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.
കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷന് എത്തുന്നവര്‍ മുന്‍കൂട്ടി ഒരു അപ്പോയിന്റ്‌മെന്റ് എടുത്തിരിക്കണം. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കാതെ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ സാധ്യമാകില്ല.
https://www.facebook.com/Malayalivartha