വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം വൈകുന്നത് ഈ കാരണങ്ങളാൽ, അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് വീണ്ടും മാറ്റി, പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തതും വിധി നീളാൻ ഇടയാക്കി..!!!
റഹീമിന്റെ മോചനത്തിൽ വീണ്ടും നിരാശ. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്‍റെ മോചനം നീളുന്നു. മോചനത്തിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു.
ഒന്നര കോടി സൗദി റിയാൽ ദയാധനം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കിയിരുന്നു. എങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ അനുകൂല വിധിയുണ്ടാവാത്തതിനാൽ ജയിൽ മോചനം തീരുമാനമായിട്ടില്ല.
പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് കേസിലെ വിധി നീളാൻ ഇടയാക്കിയതെന്നാണ് വിവരം. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിയതെന്നും നിയമസഹായ സമിതി അറിയിച്ചു. പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് വിധി പറയാൻ കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജയിൽ മോചനത്തിന് വേണ്ടിയുള്ള കേസ് സംബന്ധിച്ച് മൂന്നാം തവണയാണ് കോടതി പരിഗണിച്ചത്.
എന്നാൽ കഴിഞ്ഞ തവണ കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കുന്നതിൽ പ്രധാന തടസമായി ഇപ്പോഴും നിൽക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി കഴിഞ്ഞ തവണ തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായിരുന്നു. കേസിന്റെ തുടക്കത്തിൽ റഹീമിനെതിരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ തന്നെയാണ് ഇപ്പോഴും പ്രധാന തടസം എന്നാണ് മനസിലാകുന്നത്.
കൊലപാതകം വ്യക്തമാക്കിയ കുറ്റസമ്മത മൊഴി, റഹീമിനെതിരെ കൂട്ടുപ്രതി നസീര്‍ നല്‍കിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ കോടതിയിൽ സമർപ്പിരുന്നു. എന്നാൽ മനപ്പൂര്‍വ്വം കൊലപാതകം നടത്തിയിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മരിച്ച ബാലനുമായി മുന്‍വൈരാഗ്യം ഇല്ലെന്നും റഹീം കോടതിയെ അന്നു തന്നെ ബോധിപ്പിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് മോചന ഹർജി കോടതി ആദ്യമായി പരിഗണനക്കെടുത്തത്. തുടർന്ന് നവംബർ 17ന് രണ്ടാമത്തെ സിറ്റിങിൽ കേസ് പരിഗണിക്കുകയും വിഷയം കൂടുതൽ സൂക്ഷ്മമായി പഠിക്കുന്നതിലേക്ക് ഡിസംബർ 8ലേക്ക് മാറ്റുകയുമായിരുന്നു. വിശദമായി പരിശോധിച്ച കോടതി അന്തിമ ഉത്തരവ് നൽകുന്നതിനായാണ് പുതിയ തീയതിയിലേക്ക് കേസ് മാറ്റിയിരിക്കുന്നത്. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയുള്ള അന്തിമ ഉത്തരവും റഹീമിൻ്റെ മോചനം സംബന്ധിച്ച ഉത്തരവുമാണ് കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
നീണ്ടകാലം ജയിലിൽ കഴിയുന്നതിനാൽ കൂടുതൽ ശിക്ഷ വിധിച്ചാലും അധികകാലം നീളില്ലെന്ന് റഹീം സഹായ സമിതി ഉൾപ്പെടെയുള്ളവർ കരുതിയിരുന്നു. കോടതിയുടെ ജയിൽ മോചന ഉത്തരവ് മേൽകോടതിയും ഗവർണറേറ്റും അംഗീകരിക്കുന്നതോടെ അബ്ദുൾ റഹീം ജയിൽ മോചിതനാകും. കേരളത്തിലേക്ക് വരാനുള്ള യാത്രാരേഖകൾ ഇന്ത്യൻ എംബസിയിൽ തയ്യാറാണ്.
അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോൾ ശുഭവാർത്ത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ പ്രകടിപ്പിച്ചു. ഓൺലൈനിലൂടെ നടന്ന കോടതി നടപടികളിൽ ജയിലിൽ നിന്നും റഹീം കൂടാതെ അഭിഭാഷകൻ ഒസാമ അൽ അംബർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha