കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി മലയാളികളടക്കമുള്ള പ്രവാസികള്‍
കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായിരിക്കുകയാണ്. വിസ പുതുക്കാനോ മാറ്റാനോ ആകാതെ നൂറുകണക്കിന് പ്രവാസികളാണ് പ്രതിസന്ധിയിലായത്. പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്‌പോണ്‍സര്‍ഷിപ്പിലോ അവരുടെ കമ്പനി വിസയിലോ ജോലി ചെയ്യുന്ന പ്രവാസികളാണ് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായത്. അനധികൃത മാർഗത്തിലൂടെ 9132 പേർ നേടിയ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്.
പൗരത്വം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് തങ്ങളുടെ സ്‌പോണ്‍സറുടെ ഫയലുകള്‍ മരവിപ്പിക്കപ്പെട്ടതോടെ വിസ പുതുക്കല്‍, ട്രാന്‍സ്ഫര്‍ ചെയ്യല്‍, കാന്‍സല്‍ ചെയ്യല്‍ തുടങ്ങി ഒരു നടപടിക്രമവും നടത്താനാവാതെ ആശങ്കയിലാണ് അവരുടെ കീഴിലുള്ള മലയാളികളടക്കമുള്ള പ്രവാസികള്‍. നിലവിലെ ജീവനക്കാരുടെ വീസ കാലാവധി തീർന്നാൽ പുതുക്കാനോ സ്പോൺസർഷിപ്പ് മാറ്റാനോ സാധിക്കില്ല. വിസ കാലാവധി തീർന്നാൽ ഇവർ രാജ്യം വിടേണ്ട അവസ്ഥയാണ്. പരിശോധന തുടരുന്നതിനാൽ നിയമവിരുദ്ധ മാർഗത്തിലൂടെ നേടിയ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും.
പൗരത്വം റദ്ദാക്കാനുള്ള തീരുമാനങ്ങളില്‍ പേരുകള്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കുള്ള പ്രതിമാസ ദേശീയ തൊഴില്‍ പിന്തുണ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അനധികൃത താമസക്കാര്‍ക്കായുള്ള സെന്‍ട്രല്‍ ഏജന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തൊഴില്‍ പിന്തുണ ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കള്‍ കുവൈറ്റ് പൗരന്‍മാരായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരുടെ പൗരത്വം റദ്ദാക്കപ്പെടുന്നതോടെ ഈ നിബന്ധന പാലിക്കാത്ത സ്ഥിതി വരുന്നതോടെയാണ് ഇവര്‍ക്കുള്ള സഹായങ്ങളും പിന്‍വലിക്കപ്പെടുന്നത്.
ഉടമകളുടെ പൗരത്വം റദ്ദാക്കപ്പെടുന്നതോടെ അവരുടെ കമ്പനികളുടെയും സ്വകാര്യ മേഖലയിലെ തൊഴിലുടമകളുടെയും ഫയലുകള്‍ പ്രത്യേകമായി ഫ്‌ളാഗ് ചെയ്യുന്നതായി അതോറിറ്റി വെളിപ്പെടുത്തി. തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ ഫലപ്രദമായി തടയുന്ന ഒരു പ്രത്യേക കോഡ് ഉപയോഗിച്ചാണ് അവരുടെ ഫയലുകള്‍ ഫ്‌ലാഗ് ചെയ്യുന്നത്. ഇങ്ങനെ ഫയലുകള്‍ ഫ്‌ളാഗ് ചെയ്യപ്പെടുന്ന കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനോ തൊഴില്‍ കൈമാറ്റം ചെയ്യാനോ സാധിക്കുകയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങൾ അധികൃതരുടെ പരിഗണനയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കുവൈറ്റില്‍ പൗരത്വ പരിശോധന തുടരുകയാണ്. സുപ്രധാന നീക്കത്തില്‍ 2,162 വ്യക്തികളുടെ കൂടി കുവൈറ്റ് പൗരത്വം റദ്ദാക്കാന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ സുപ്രീം കമ്മിറ്റി പൗരത്വ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്രയും പേരുടെ കൂടി പൗരത്വം റദ്ദാക്കാന്‍ തീരുമാനം കൈക്കൊണ്ടത്. അനധികൃത മാര്‍ഗത്തിലൂടെയും വ്യാജ രേഖകള്‍ ഉപയോഗിച്ചും തെറ്റായ രീതിയില്‍ പൗരത്വം സ്വന്തമാക്കിയതായി കണ്ടെത്തിയവര്‍ക്കെതിരേയാണ് നടപടി.
https://www.facebook.com/Malayalivartha