താമസ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി, കുവൈത്തിൽ 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 317 പേരെ അറസ്റ്റ് ചെയ്തു, നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് നേരത്തെ പിടിയിലായ 610 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം
അടുത്ത കാലത്തായി വിസ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് കുവൈറ്റ് ഭരണകൂടം സ്വീകരിക്കുന്നത്. കുവൈത്തിൽ നിയമങ്ങൾ കർശനമായി പാലിക്കാത്ത അനധികൃത താമസക്കാരെ നാടുകടത്തുകയും നിയമങ്ങൾ പാലിക്കുന്നവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയുമാണ് ഭരണകൂടം. ഡിസംബർ 1 മുതൽ 5 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് 610 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 317 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇവരേയും അധികം വൈകാതെ തുടർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നാടുകടത്തും. എന്നാൽ, വിസ നിയമ ലംഘനങ്ങള്‍ക്കെതിരേ നിലപാട് കടുപ്പിച്ചതിനാൽ കുവൈറ്റിന് മികച്ച നേട്ടമാണ് വന്നുചേർന്നിരിക്കുന്നത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസിറ്റ് വിസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിയമ ലംഘനങ്ങൾ നടത്തിയാൽ സ്പോൺസർ അടക്കം ഉത്തരവാദികളാകും. നിയമ നടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് ഫലപ്രദമായെന്ന് വേണം വിലയിരുത്താൻ. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കുടുംബ സന്ദർശന വിസകളിൽ ഒരൊറ്റ ലംഘനം പോലും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു.
കൊവിഡ് കാലത്ത് നിര്‍ത്തിയ ഫാമിലി വിസിറ്റ് വിസ 2024 മാര്‍ച്ച് 8ന് വീണ്ടും നടപ്പിലാക്കിയ ശേഷം ഒമ്പത് മാസം കടന്നുപോയെങ്കിലും ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഈ കുടുംബ സന്ദര്‍ശക വിസകളിലെത്തിയ ആരും നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടില്ല. നിലവിൽ ഒരു മാസമാണ് കാലാവധി. പുതിയ റസിഡൻസി നിയമത്തിൽ പഴയത് പോലെ മൂന്ന് മാസം കാലാവധി എന്നാണ് റിപ്പോർട്ടുള്ളത്. രാജ്യത്തെ വിസ നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധേയമായ നാഴികക്കല്ലായാണ് ഈ കാര്യം വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്‍റെ വിസ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ നടപടികള്‍ ഫലപ്രദമായിരുന്നു എന്നാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം അധികൃതര്‍ അഭിപ്രായപ്പെട്ടു.
വിസ സംവിധാനത്തിന്‍റെ ദുരുപയോഗം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം രാജ്യത്തേക്ക് നിയമപരമായ പ്രവേശനം പ്രോത്സാഹിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. 90 ദിവസത്തെ ഫാമിലി വിസിറ്റ് വിസകളില്‍ എത്തുന്നവര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ കുവൈറ്റില്‍ നിന്ന് പുറത്തുകടക്കുക, വിസിറ്റ് വിസ കാലയളവില്‍ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ നിയന്ത്രണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാരെയും സന്ദര്‍ശകരെയും ബോധവല്‍ക്കരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
വിസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് കാലാവധി അനുവദിച്ച സമയത്ത് പരമാവധി വിസ നിയമലംഘകര്‍ക്ക് പിഴയടച്ച് അവരുടെ താമസം ക്രമപ്പെടുത്താനോ പിഴ അടക്കാതെ രാജ്യം വിടാനോ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജൂണ്‍ 30ന് പൊതുമാപ്പ് കാലാവധി കഴിഞ്ഞ ഉടന്‍, അതിനു ശേഷം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ കണ്ടെത്താന്‍ വ്യാപകമായ റെയിഡുകള്‍ നടത്തുകയും ആയിരക്കണക്കിന് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha