കൂടുതൽ തസ്തികകളിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, 174 ഇനം തൊഴിൽ ഇനങ്ങളിൽ പുതിയ വിസയിലെത്തുന്നവർ ഇനി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും, പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്...!!!
സൗദിയിൽ ജോലിക്കായി ശ്രമിക്കുന്നവരും ബന്ധുക്കളെ ജോലിക്കായി രാജ്യത്തേക്ക് കൊണ്ടുവരാനിരിക്കുന്നവർക്കും ഇനി ഇരട്ടിപാടുപെടേണ്ടിവരും. നിലവിൽ വിവിധ തൊഴിലുകളിലേക്ക് ജോലി ലഭിക്കുന്നതിന് നൈപുണ്യ പരീക്ഷ പാസാവണം. വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ പാസ്‌പോർട്ടിനൊപ്പം നൈപുണ്യപരീക്ഷ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. എന്നാൽ ഇപ്പോൾ സൗദിയിൽ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ തസ്തികളിലേക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയിരിക്കുകയാണ്.
174 ഇനം തൊഴിൽ ഇനങ്ങളിലേക്ക് പുതിയ വീസയിലെത്തുന്നവർ ഇനി പ്രാഥമികമായി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും. അഗ്രികൾച്ചറൽ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്ക്, ബാർബർ, കാർ ഡ്രൈവർ, കാർപെന്‍റർ, ഷെഫ്, മേസൺ, ക്രാഫ്റ്റ്മാൻ, ക്രഷർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കാണ് യോഗ്യതാ പരീക്ഷ സൗദി നിർബന്ധമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്. കൂടുതലായി തൊഴിലാളികൾ എത്തുന്ന അഞ്ച് രാജ്യങ്ങൾക്കാണ് തുടക്കത്തിൽ പരീക്ഷ നിർബന്ധമാക്കിയിരുന്നത്. ഇന്ത്യ, പാകിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക ഈജിപ്ത്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പരിശോധനയിൽ ഉൾപ്പെടുന്നു. അറിവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളുടെ സൗദിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ വിപണി സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്നതിനും നൈപുണ്യ പരീക്ഷ ഉപകരിക്കും.
പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങളിൽ സൗകര്യമൊരുക്കുന്നുണ്ട്. ഇന്ത്യയിലുൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എന്നാൽ ഹൗസ് ഡ്രൈവർ, ലേബർ എന്നീ തൊഴിലുകൾ ചെയ്യുന്ന വീസക്കാർക്ക് സൗദിയിൽ തന്നെ പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത തെളിയിക്കാൻ സൗകര്യങ്ങൾ ലഭ്യമാണ്. ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ഡിവൈസ് മെയിന്‍റനൻസ് ടെക്നീഷ്യൻ, എച്ച്വിഎസി ഓട്ടോമോട്ടിവ് മെക്കാനിക്ക്, പ്ലബിങ്, വെൽഡിങ്, ബിൽഡിങ് ഇലക്ട്രീഷ്യൻ, പൈപ്പ് ഇൻസ്റ്റാളർ, ഇലക്ട്രീഷ്യൻ, ബ്ലാക്ക്സ്മിത്ത് എന്നീ തൊഴിലുകൾക്കുള്ള യോഗ്യത പരീക്ഷ കേന്ദ്രം കേരളത്തിൽ തന്നെ സജ്ജീകരിക്കുന്നുണ്ട്. ഇത് കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടും.
എറണാകുളത്തെ ഇറാം ടെക്‌നോളജീസിന് പുറമെ ഒറീസയിലെ കട്ടക്, ഉത്തർപ്രദേശിലെ ഗോരക്പൂർ, ലക്‌നോ, ബീഹാറിലെ ഗോപാൽകഞ്ച്, കൊൽകത്ത, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലും വിവിധ ഏജൻസികളുടെ കീഴിൽ അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിൽ പങ്കെടുക്കാൻ യാതൊരു സർട്ടിഫിക്കേറ്റിന്റേയും ആവശ്യമില്ല.
ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിംഗ് വെന്റിലേഷൻ ആന്റ് എസി, വെൽഡിംഗ് എന്നീ ട്രേഡുകളിൽ 29 ലേബർ വിസകൾക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ആരംഭിച്ചത്. കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിംഗ്, മരപ്പണി, കാർ മെക്കാനിക് എന്നീ ഇനങ്ങളിലെ 42 വിസകൾക്കാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി പരീക്ഷ പ്രഖ്യാപിച്ചത്. നിശ്ചിത പ്രൊഫഷനുകളിലെ പരീക്ഷ പൂർത്തിയാക്കിയാണ് പാസ്‌പോർട്ടുകൾ വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിക്കേണ്ടതെന്ന് സൗദി എംബസിയും മുംബൈ കോൺസുലേറ്റും നേരത്തെ ഏജൻസികളെ അറിയിച്ചിരുന്നു.
ഓൺലൈൻ ടെസ്റ്റിൽ വിജയിക്കുന്നവരാണ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കേണ്ടത്. പരീക്ഷ കാമറ വഴി സൗദി തൊഴിൽമന്ത്രാലയത്തിന് കീഴിലെ തകാമുൽ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. യോഗ്യത പരീക്ഷ പാസാകുന്നതോടെ സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.
സർട്ടിഫിക്കറ്റ് ഇമെയിൽ വഴിയോ സൈറ്റിൽ ലോഗിൻ ചെയ്‌തോ എടുക്കാനാകും. ഈ സർട്ടിഫിക്കറ്റാണ് വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്‌പോർട്ടിനൊപ്പം നൽകേണ്ടത്. സൗദി അറേബ്യയിലെ എല്ലാ തൊഴിൽ മേഖലകളിലേക്കുമുള്ള ലേബർ വിസകൾക്കും ഘട്ടംഘട്ടമായി പരീക്ഷ നിർബന്ധമാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനായി തൊഴിൽ മേഖലയെ 29 ട്രേഡുകളായി ക്രമീകരിച്ച് എല്ലാ ലേബർ പ്രൊഫഷനുകളെയും അതിൽ ഉൾപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha