മോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങൾ? പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം, സന്ദർശനത്തിനിടെ സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്ന് സൂചനകൾ, പ്രതീക്ഷയോടെ ഉറ്റുനോക്കി ഇന്ത്യൻ പ്രവാസി സമൂഹം..!!
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദർശനം ലക്ഷ്യവയ്ക്കുന്നതെന്ത്. ഇങ്ങനെയൊരു ചോദ്യത്തിന് പല കാരണങ്ങളാണ് ഉയർന്നുവരുന്നത്. കുവൈത്തുമായി അടുത്ത ബന്ധവും സഹകരണവുമുണ്ടെങ്കിലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ ഗള്‍ഫ് രാജ്യം സന്ദര്‍ശിച്ചിട്ട് 43 വര്‍ഷമായി. അതുകൊണ്ടുതന്നെ മോദിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. 1981ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കുവൈത്ത് സന്ദര്‍ശിച്ചതിന് ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ മോദിയെ കുവൈത്തിലേക്ക് ക്ഷണിച്ചിരുന്നു.
കൂടാതെ കുവൈത്ത് അമീര്‍ ഷെ്‌യ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബറും രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. അധികം വൈകാതെ ക്ഷണം സ്വീകരിച്ചുള്ള ഈ സന്ദർശത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് വിലയിരുത്തൽ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്. പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളും നിറഞ്ഞു കഴിഞ്ഞു. കുവൈത്ത് രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ നേത്യത്വത്തിലുള്ള ചെറുതും വലുതുമായ കമ്പിനികളും മോദിയെ വരവേറ്റ് സമൂഹ മാധ്യമങ്ങള്‍ മുഖേന പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് സന്ദർശനത്തെ നോക്കി കാണുന്നത്. പ്രധാനമന്ത്രി ലേബർ ക്യാമ്പ് സന്ദർശിക്കാനും ഇടയുണ്ട്. ക്യാമ്പിൽ നേരിട്ട് ചെന്ന് വിവരങ്ങൾ തിരക്കും. അഞ്ച് ദശലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നാണ് ഇന്ത്യൻ സമൂഹം. ഏകദേശം 10 ലക്ഷം ഇന്ത്യക്കാർ കുവൈറ്റിലുണ്ടെന്നാണ് കണക്ക്. ശനിയാഴ്ച പ്രധാനമന്ത്രി സബാ അല്‍ സാലെമിലുള്ള ശൈഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന നയതന്ത്ര മുന്നേറ്റം കൂടിയാണ് മോദിയുടെ കുവൈത്ത് സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം വഴിത്തിരിവാകുമെന്നാണ് വിലയിരുത്തുന്നത്. സന്ദർശനത്തിനിടെ സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൂചനകൾ.
2017ല്‍ സ്വകാര്യ സന്ദര്‍ശനത്തിനായി കുവൈത്ത് അമീര്‍ ഷെ്‌യ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2013ല്‍ കുവൈത്ത് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയതായിരുന്നു ഇരുഭാഗത്തുനിന്നുമുള്ള അവസാന ഉന്നതതല സന്ദര്‍ശനം. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ ഈ മാസമാദ്യം ഇന്ത്യ സന്ദര്‍ശിച്ച്, മോദിയെ കുവൈത്തിലേക്ക് ക്ഷണിച്ചിരുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബായുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ശക്തമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പടുത്ത ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്. കുവൈത്തിന്റെ മികച്ച വ്യാപാര പങ്കാളികളിലൊരാളാണ് ഇന്ത്യ. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഊര്‍ജമേഖല, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം വിപൂലീകരിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം.
ഇതുകൂടാതെ, അധികം വൈകാതെ അദ്ദേഹം സൗദി അറേബ്യയും സന്ദര്‍ശിക്കും. മോദി സൗദി അറേബ്യയില്‍ എത്തുന്ന തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. ഡിസംബര്‍ അവസാനത്തില്‍ മോദി റിയാദിലെത്തുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. എന്നാല്‍ പിന്നീട് തിയ്യതി മാറ്റി. ജനുവരിയില്‍ മോദി സൗദിയിലെത്തുമെന്നാണ് പുതിയ വിവരം. കുവൈത്ത് സന്ദര്‍ശനത്തിന് പിന്നാലെ തന്നെ സൗദി സന്ദര്‍ശനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha