സൗദിയിൽ ഇനി പഴയതുപോലെയല്ല, പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിവാഹം...ബന്ധുക്കളുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ കമ്പനി പ്രത്യേക അവധി നൽകണം, തൊഴില്‍ നിയമത്തില്‍ വീണ്ടും കാതലായ മാറ്റങ്ങള്‍ വരുത്തി ഭരണകൂടം
പ്രവാസികൾക്ക് വലിയ ആശ്വാസമായി തൊഴില്‍ നിയമത്തില്‍ വീണ്ടും കാതലായ മാറ്റങ്ങള്‍ വരുത്തി സൗദി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നൽകുന്ന രീതിയിലുള്ള തൊഴില്‍ നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇനി പഴയതുപോലെയല്ല കാര്യങ്ങൾ. പുതിയ തൊഴില്‍ നിയമത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിവാഹം, ബന്ധുക്കളുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ കമ്പനി പ്രത്യേക അവധി അനുവദിച്ചിരിക്കണം. തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴിലാളിയുടെ ജീവിതപങ്കാളിയോ മാതാപിതാക്കളോ മക്കളോ പേരക്കുട്ടികളോ മരണപ്പെട്ടാല്‍ പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധി ലഭിക്കും. സൗദി തൊഴില്‍ നിയമപ്രകാരം, കൂടാതെ, സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 113, തൊഴിലാളിക്ക് അവന്‍റെ/അവളുടെ വിവാഹശേഷം അഞ്ച് ദിവസത്തേക്ക് പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധി ലഭിക്കാന്‍ അവകാശമുണ്ട്.
ഇത് കൂടാതെ മക്കയിലും പരിസരത്തും താമസിക്കുന്ന ജീവനക്കാര്‍ക്ക് ഒരിക്കല്‍ വാര്‍ഷിക ഹജ്ജ് തീര്‍ഥാടനം നടത്തുന്നതിന് മുസ്ലീം ഈദ് അല്‍ അദ്ഹ അവധി ഉള്‍പ്പെടെ 10 ദിവസത്തില്‍ കുറയാത്തതും പരമാവധി 15 ദിവസത്തെയും ശമ്പളത്തോടെയുള്ള അവധി ലഭിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ടെന്നും സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നു. നിര്‍ബന്ധിത ഇസ്ലാമിക കര്‍ത്തവ്യമായ ഹജ്ജ് നേരത്തേ നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ ഹജ്ജ് ലീവ് ലഭിക്കുന്നതിന്, തൊഴിലാളി ഒരേ തൊഴിലുടമയ്ക്ക് വേണ്ടി തുടര്‍ച്ചയായി രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്യണം, ജോലിയുടെ ആവശ്യകത അനുസരിച്ച് ഓരോ വര്‍ഷം ഹജ്ജ് അവധി എത്ര തൊഴിലാളികള്‍ക്ക് അനുവദിക്കാം എന്ന കാര്യത്തല്‍ ജോലിയുടെ ആവശ്യകത പരിഗണിച്ച് തൊഴിലുടമയ്ക്ക് തീരുമാനം എടുക്കാം.
അതുപോലെ അടുത്തിടെ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമ പരിഷ്‌ക്കരണ പ്രകാരം പ്രവാസികള്‍ക്ക് ജോലി മാറാനും പുതിയ തൊഴില്‍ കണ്ടെത്തുന്നതിനും കൂടുതല്‍ സൗകര്യം ഒരുക്കുന്നു. നിശ്ചിത കാലയളവില്ലാത്ത തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അറിയിപ്പ് തൊഴിലാളി 30 ദിവസത്തിനുള്ളില്‍ തൊഴിലുടമയ്ക്ക് സമര്‍പ്പിക്കണം. നിലവിൽ തുടരുന്ന ജോലിയേക്കാൾ മികച്ച ശമ്പളം ലഭിക്കുന്ന തൊഴിൽ ലഭിച്ചാൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ മറ്റൊരു തൊഴിലുടമയിലേക്ക് നിയമപരമായി മാറാൻ സാധിക്കുന്നതാണ് പുതിയ തൊഴില്‍ നിയമ പരിഷ്‌ക്കരണം.
ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ട്. ഈ കാലയളവില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയോ രാജ്യം വിടുകയോ ചെയ്തില്ലെങ്കില്‍, തൊഴിലാളിയുടെ സ്റ്റാറ്റസ് ആബ്‌സന്റ് ഫ്രം വര്‍ക്ക് അഥവാ 'ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു' എന്നതിലേക്ക് മാറും. ഈ രണ്ടിലൊരു ഓപ്ഷന്‍ സാധ്യമാവുന്നതു വരെ ഈ സ്റ്റാറ്റസ് നിലനില്‍ക്കും. എന്നാൽ നിലവിലെ ജോലി അവസാനിപ്പിച്ച് ഫൈനല്‍ എക്സിറ്റ് വിസ നേടിയ പ്രവാസി തൊഴിലാളി രാജ്യം വിടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്ക് ആയിരിക്കുമെന്ന് പുതിയ നിയമ പരിഷ്‌ക്കാരം വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം തൊഴിലുടമയുടേതാണെങ്കില്‍ ചുരുങ്ങിയത് 60 ദിവസം മുമ്പ് തൊഴിലാളിക്ക് ഇതുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള അറിയിപ്പ് കൈമാറിയിരിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വിസ വാങ്ങിക്കൊടുക്കുന്നതോടെ തൊഴിലുടമയുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യൂ ചെയ്യപ്പെട്ട പ്രവാസി ജീവനക്കാരന്‍ നിലവില്‍ രാജ്യത്ത് എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ തൊഴിലുടമ പരാജയപ്പെട്ടാല്‍, ഈ വിസ റദ്ദാക്കുന്നതിന് അപേക്ഷിക്കുകയും അധികാരികള്‍ക്ക് അസാന്നിധ്യ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുകയും വേണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യൂ ചെയ്തുകഴിഞ്ഞാല്‍, പ്രവാസികള്‍ രാജ്യം വിടുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha