കുവൈത്ത് സന്ദർശനം വെറുതെയായില്ല, പ്രവാസികൾക്ക് വലിയ ഊർജ്ജം പകരുന്ന ചരിത്ര സന്ദർശനത്തിൽ ആ 4 ലക്ഷ്യം നേടിയെടുത്ത് മോദി, ബയാന്‍ കൊട്ടാരത്തില്‍ അമീറുമായുള്ള കൂടിക്കാഴ്ച്ചയിൽ ഒപ്പുവച്ചത് ഈ കരാറുകളിൽ, ഇന്ത്യ സന്ദർശിക്കാൻ അമീറിനെ ക്ഷണിച്ച് പ്രധാനമന്ത്രി
കുവൈത്തിലെ പ്രവാസികൾക്ക് വലിയ ഊർജ്ജം പകരുന്ന ചരിത്ര സന്ദർശനമായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. ചില വ്യക്തമായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ വരവ് എന്ന കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കുവൈത്ത് സന്ദർശനത്തിൽ ഉണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കുന്നതിൽ ഈ സന്ദർശനം വലിയ രീതിയിൽ ഗുണം ചെയ്യും. പ്രവാസികൾക്കാണ് ഭാവിയിൽ ഇതിന്റെ നേട്ടങ്ങൾ ഉണ്ടാകുക.
രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ച ഇന്ത്യന്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചാണ് മോദി തന്റെ ദ്വിദിന കുവൈറ്റ് സന്ദര്‍ശനത്തിന് തുടക്കമിട്ടത്. തുടർന്ന് രണ്ടാം ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ 4 കരാറുകളിലാണ് ഒപ്പുവച്ചത്. പ്രതിരോധ സഹകരണം, 2025 മുതൽ 2029 വരെ സാംസ്കാരിക കൈമാറ്റം, 2025 മുതൽ 2028 വരെ കായിക സഹകരണം, രാജ്യാന്തര സോളാർ സഖ്യത്തിൽ ഉൾപ്പെടുത്തൽ തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യ - കുവൈറ്റ് ബന്ധം മെച്ചപ്പെടുത്തുകയും ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐടി, ഫിന്‍ടെക്, അടിസ്ഥാന സൗകര്യം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന കുവൈത്ത് സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് കുവൈറ്റിലെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' കുവൈറ്റ് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സമ്മാനിച്ചു. സൗഹൃദത്തിന്റെ പ്രതീകമായി രാഷ്ട്രത്തലവന്മാര്‍ക്കും വിദേശ പരമാധികാരികള്‍ക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കും നല്‍കുന്ന കുവൈറ്റ് നൈറ്റ്ഹുഡാണ് ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍. കുവൈത്തില്‍ താമസിക്കുന്ന ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള കുവൈറ്റ് നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കുവൈറ്റ് അമീറുമായുള്ള തന്റെ കൂടിക്കാഴ്ചയെ 'മികച്ചത്' എന്നാണ് മോദി തന്റെ എക്‌സ് അക്കൗണ്ടില്‍ വിശേഷിപ്പിച്ചത്.
അതേസമയം, ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അമീര്‍ പ്രധാനമന്ത്രി അഹ്മദ് അല്‍ അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹ്, കിരീടാവകാശി സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ് എന്നിവരുമായും നരേന്ദ്ര മോദി ചര്‍ച്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, സംയുക്ത സൈനിക അഭ്യാസങ്ങള്‍, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, ഗവേഷണ വികസന സഹകരണം എന്നിവ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം ഒപ്പുവെച്ചതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഫലം.
കായികം, സംസ്‌കാരം, സൗരോര്‍ജ്ജം എന്നിവയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അധിക ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. ഈ മാസം ആദ്യം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി വിജയകരമായി ആതിഥേയത്വം വഹിച്ചതിന് പ്രധാനമന്ത്രി മോദി അമീറിനെ അഭിനന്ദിക്കുകയും ചെയ്തു.
അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ‘വിശിഷ്ടാതിഥി’യായി ഇന്നലെ തന്നെ ക്ഷണിച്ചതിലും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ വൈകാരികതയോടു പ്രതികരിച്ച അമീർ, കുവൈറ്റിലും ഗൾഫ് മേഖലയിലും മൂല്യവത്തായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. കുവൈറ്റ് വിഷൻ 2035 യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യയുടെ വലിയ പങ്കും സംഭാവനയും പ്രതീക്ഷിക്കുന്നതായും അമീർ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ സന്ദർശിക്കാൻ അമീറിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha