എല്ലാം ഞൊടിയിടയിൽ, ദുബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാൻ ഇനി നാല് മിനിറ്റിൽ താഴെ മതി, യാത്രക്കാർക്കായി പുതിയ ആപ്പ് പുറത്തിറക്കി, വരും ദിവസങ്ങളിലെ വൻ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചു...!!
സീസൺ സമയങ്ങളിൽ പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നത്. ഇനി വരാൻ പോകുന്ന ദിവസങ്ങൾ ദുബൈ വിമാനത്താവളത്തെ സംബന്ധിച്ച് വൻ തിരക്കുപിടിച്ച് ദിവസങ്ങളാണ്. തിരക്ക് നിയന്ത്രിക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ അതിന്യൂതന സങ്കേതിക വിദ്യകളാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാൽ ഇനി യാത്രക്കാർക്ക് കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതിന് അധികം സമയം പാഴാക്കാതെ നാല് മിനിറ്റിൽ താഴെയായി ചുരുക്കുന്നതിന് സ്മാർട്ട് ഐ ഡിക്ലയർ ആപ്പും കസ്റ്റംസ് അവതരിപ്പിച്ചു.
റെഡ് ചാനലിൽ കസ്റ്റംസ് ക്ലിയറൻസ് സമയം ചുരുക്കുന്നതിന് ഈ ആപ്പ് സഹായിക്കും. ക്ലിയറൻസിന് മുൻപുള്ള നടപടിക്രമങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുന്നു. യാത്രക്കാർക്ക് സാധനങ്ങൾ, വ്യക്തിഗത വസ്തുക്കൾ, സമ്മാനങ്ങൾ, കറൻസികൾ, പണം എന്നിവ മുൻകൂട്ടി അറിയിക്കാൻ ഇതുവഴി സാധിക്കുന്നു. ദുബായ് കസ്റ്റംസ് വെബ്‌സൈറ്റായ dubaicustoms.gov.ae വഴി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു, യാത്രക്കാർക്ക് എന്ത് കൊണ്ടുവരാം, നിരോധിത ഇനങ്ങൾ, ഡ്യൂട്ടി-ഫ്രീ ഇളവുകൾ, അധിക ബാഗേജ് നയങ്ങൾ എന്നിവ വിശദീകരിക്കുന്ന കസ്റ്റംസ് ഗൈഡ് ഉൾപ്പെടെയുള്ളവ വെബ്‌സൈറ്റിൽ ലഭ്യമാണ്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ വമ്പൻ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇൻറർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായും കസ്റ്റംസ് അറിയിച്ചു.യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ദുബായ് കസ്റ്റംസ് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുകയും തിരക്കേറിയ അവധിക്കാല യാത്രാ സീസൺ പരിഗണിച്ച് ഇൻസ്പെക്ഷൻ ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതുപോലെ വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. ഡിസംബർ 13 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 52 ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നത്. ആഘോഷ സീസണിൽ ശരാശരി 274,000 പേർ ദിവസേന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാറുണ്ട്. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ, യാത്രകൾ നേരത്തെ തന്നെ തീരുമാനിക്കണമെന്നും യാത്രാ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
അവധിദിനങ്ങളും ആഘോഷങ്ങളും പോലുള്ള തിരക്കേറിയ യാത്രാ സീസണുകളിൽ ഏറ്റവും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന കാര്യക്ഷമമായ സമീപനമാണ് കസ്റ്റംസ് സ്വീകരിക്കുന്നതെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ആക്ടിങ് ഡയറക്ടർ ഖാലിദ് അഹമ്മദ് ഖൗരി പറഞ്ഞു. ഏത് വെല്ലുവിളികളെയും നേരിടാൻ ഡ്യൂട്ടി ടീമുകൾ, ബിൽഡിങ് മാനേജർമാർ, ടീം ലീഡർമാർ എന്നിവർ തമ്മിലുള്ള ആശയവിനിമയം 24 മണിക്കൂറും തുടരും. പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിനായി മാനേജർമാർ, ഇൻസ്പെക്ഷൻ ഡയറക്ടർമാർ, ടീം ലീഡർമാർ എന്നിവരുടെ ഓൺ-ഗ്രൗണ്ട് സന്ദർശനങ്ങൾ അവധി ദിവസങ്ങളിലും പ്രത്യേക അവസരങ്ങളിലും നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രാ നിയമങ്ങൾ കൃത്യമായി പാലിച്ചാൽ തിരക്കിൽ നിന്ന് ഒരുപരിധിവരെ ഒഴിവാകാം. യാത്രക്കായി തയ്യാറെടുക്കുന്നവർ ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.
ചെക്ക് ഇൻ, എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് ഹോം ചെക്ക് ഇൻ, ഏർലി ചെക്ക് ഇൻ, സിറ്റി ചെക്ക് ഇൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. മറ്റ് എയർലൈനുകളിലെ യാത്രക്കാർ യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം.
ബാഗേജ്, ലോഹ വസ്തുക്കൾ, ഇലക്ട്രോണിക്സ് എന്നിവ ഹാൻഡ് ലഗേജിൽ സൂക്ഷിക്കണമെന്നും ലിക്വിഡ്, ഏറോസോൾസ്, ജെൽ എന്നിവ കൊണ്ടുപോകുന്നതിലുള്ള നിയമങ്ങൾ പാലിക്കുക. അനുവദനീയമായ ഇലക്ട്രോണിക് ഉപകരണങ്ങൾ, പവർ ബാങ്കുകൾ, സ്പെയർ ബാറ്ററികൾ എന്നിവ ചെക്ക്-ഇൻ ലഗേജിൽ നിരോധിച്ചിട്ടുണ്ട്, ഇവ ഹാൻഡ് ലഗേജിൽ കൊണ്ടുപോകുക. യാത്രാ രേഖകൾ, കൊണ്ടുപോകേണ്ട അത്യാവശ്യ സാധനങ്ങൾ എന്നിവയുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കി വെക്കുക.ബാഗേജ് അലവൻസുകൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും എയർലൈൻറെ മാർഗനിർദ്ദേശങ്ങൾ മനസ്സിലാക്കുകയും ചെയ്യുക. വൻ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ യാത്രക്കാരെ മാത്രമെ ടെർമിനലിനുള്ളിൽ പ്രവേശിപ്പിക്കൂ. 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുക.
https://www.facebook.com/Malayalivartha