ജോലിയിൽ നിന്ന് വിരമിച്ചവർക്കും യുഎഇയിൽ തുടരാം, പ്രവാസികൾക്കായി അഞ്ച് വർഷത്തെ റെസിഡൻസി വിസ അവതരിപ്പിച്ചു, അപേക്ഷകർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് നോക്കാം
യുഎഇയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന പ്രവാസികളിൽ ചിലർക്ക് വിരമിച്ച ശേഷം രാജ്യത്ത് നിന്ന് മടങ്ങി പോകുന്നതിന് മനസ് അനുവദിക്കാറില്ല. യുഎഇയിൽ നിൽക്കാൻ പലരും ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിൽ രാജ്യത്ത് നിന്ന് തൊഴിൽ മേഖലയിൽ നിന്ന് വിരമിച്ച 55 വയസും അതിൽ കൂടുതലും ഉള്ള പ്രവാസികൾക്കായി അഞ്ച് വർഷത്തെ റെസിഡൻസി വിസ അവതരിപ്പിച്ചിരിക്കുകയാണ്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് സ്പോർട് സെക്യൂരിറ്റിയുടെ അറിയിപ്പ് പ്രകാരം പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റിലും UAE,ICP എന്ന സ്മാർട്ട് ആപ്ലിക്കേഷനിലും വിരമിച്ച താമസക്കാർക്ക് റസിഡൻസി പെർമിറ്റിനും യുഎഇ ഐഡി കാർഡിനും അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ വിവരിച്ചിട്ടുണ്ട്.
ഈ വിസക്ക് യോഗ്യത നേടുന്നതിന് അപേക്ഷകർ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത് എന്തെല്ലാമെന്ന് നോക്കാം. അപേക്ഷകൻ യുഎഇയ്ക്ക് അകത്തോ പുറത്തോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്തിരിക്കണം. വ്യക്തിക്ക് കുറഞ്ഞത് 10 ലക്ഷം ദിർഹം മൂല്യമുള്ള സ്വത്തോ, കുറഞ്ഞത് 10 ലക്ഷം ദിർഹം സമ്പാദ്യമോ, 20,000 ദിർഹം (ദുബായിൽ 15,000 ദിർഹം) പ്രതിമാസ വരുമാനമോ ഉണ്ടായിരിക്കണം. കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരുകയാണെങ്കിൽ അഞ്ചു വർഷത്തിന് ശേഷം വിസ വീണ്ടും പുതുക്കാൻ അവസരം ലഭിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.ശേഷം യുഎഇ ഐഡിയും റസിഡൻസി സേവനങ്ങളും എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് ലഭ്യമായ ഡാറ്റ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ആവശ്യമായ ഫീസ് അടയ്ക്കുകയും ചെയ്യുക. ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ അംഗീകൃത ഡെലിവറി കമ്പനികൾ വഴി ഐഡി കാർഡ് വിതരണം ചെയ്യും.
https://www.facebook.com/Malayalivartha