സൗദിയിൽ ഈ വർഷം വധശിക്ഷകളുടെ എണ്ണം മുൻ വർഷത്തേക്കാൾ ഉയരും, കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പത് പേരുടെ കൂടി ശിക്ഷവിധി നടപ്പാക്കി, രാജ്യത്ത് വധശിക്ഷകൾ വർദ്ധിക്കുന്നതിന് പിന്നിൽ ഈ 2 കാരണം...!!!
സൗദിയിൽ ഈ വർഷം വധശിക്ഷയ്ക്ക് വിധേയരായവരുടെ എണ്ണം മുൻ വർഷത്തേക്കാൾ ഉയരും. വിവിധ രാഷ്ട്രങ്ങൾ അപലപിച്ചിട്ടും സൗദി അധികാരികൾ വധശിക്ഷയിൽ നിന്ന് പിൻമാറാൻ തയ്യാറല്ല. തങ്ങളുടെ രാജ്യത്തിന്റെ ക്രമസമാധാനം ഉറപ്പാക്കാൻ ഈ നിയമം ആവശ്യമാണെന്നും വധശിക്ഷ തങ്ങളുടെ രാജ്യത്ത് നിയമവിധേയമാണെന്നുമാണ് സൗദിയുടെ വാദം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പത് പേരുടെ വധശിക്ഷയാണ് സൗദി നടപ്പാക്കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലായാണ് ഒമ്പത് പേരെ വധശിക്ഷക്ക് വിധേയമാക്കിയത്.
ദേശദ്രോഹം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകളിൽ ചേരുക, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് മറയായി പ്രവർത്തിക്കുക, ധനസഹായം ചെയ്യുക എന്നീ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത അഹ്മദ് ബിൻ സാലെഹ് ബിൻ അബ്ദുല്ല അൽ കഅബി, ആയ്ദ് ബിൻ ഹാഇൽ ബിൻ ഹിന്ദി അൽ അൻസി എന്നീ രണ്ട് പൗരന്മാരെ വധിച്ചത്.
മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ സൗദി പൗരൻ സൽമാൻ ബിൻ സുൽത്താൻ ബിൻ ഔദ അൽ ബുഹൈറാൻ, സിറിയൻ പൗരന്മാരായ ഒമർ ഹൈതം മാൻഡോ, ജോർഡൻ സ്വദേശികളായ മഹമൂദ് അബ്ദുല്ല ഹുജൈജ്, സുലൈമാന്‍ ഈദ് സുലൈമാന്‍, അതല്ല അലി ദുഗൈമാന്‍ സാലിം, നാജിഹ് മിശ്ഹന്‍ ബഖീത്ത് എന്നിവരെ വ്യത്യസ്ത ദിവസങ്ങളിലായി സൗദി വടക്കൻ മേഖലയിലെ അൽ ജൗഫിലും ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായ മീസരി ഖാൻ നവാബിനെ മക്കയിലും വധശിക്ഷക്ക് വിധേയമാക്കി.
ബുറൈദയിൽ ബംഗ്ലാദേശ് പൗരനെ കഴുത്തറുത്തു കൊന്ന കേസിൽ അറസ്റ്റിലായിരുന്ന പാകിസ്താൻ പൗരൻ സിഫത് ലോല അന്‍വര്‍ ഷായുടെ വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ് ബശീര്‍ അഹമ്മദ് റഹ്മാൻ എന്നയാളെയാണ് കൊലപ്പെടുത്തിയത്. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി അപ്രതീക്ഷിതമായി അടിച്ചുവീഴ്ത്തി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു എന്നാണ് കേസ്.
തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്ത് കുറ്റങ്ങൾക്കുള്ള വധശിക്ഷ പുനരാരംഭിച്ചതുമാണ് സൗദി അറേബ്യയിൽ വധശിക്ഷകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാൾ മൂന്നിരട്ടി വിദേശികൾ ഇക്കൊല്ലം ഇതുവരെ തൂക്കിലേറ്റപ്പെട്ടു. ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളിൽ പാകിസ്താനിൽ നിന്നുള്ളവരാണ് അധികവും. 21 പേർ പാകിസ്താനികളും 20 പേർ യെമൻ സ്വദേശികളുമാണ്.
സിറിയയിൽ നിന്ന് 14, നൈജീരിയയിൽ നിന്ന് 10, ഈജിപ്തിൽ നിന്ന് ഒമ്പത്, ജോർദാനിൽ നിന്ന് എട്ട്, എത്യോപ്യയിൽ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു. ഇതാദ്യമായാണ് സൗദിയിൽ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ലീഗൽ ഡയറക്ടർ താഹ അൽ ഹാജി പറഞ്ഞു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സൗദിയിൽ രണ്ട് മലയാളികളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ജൂലൈ 31ന് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി നൈസാം സാദിഖ് എന്ന നിസാമുദ്ദീനെ ദമാമിൽ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്. ആഗസ്റ്റ് 30ന് സൗദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ റിയാദിൽ പാലക്കാട് സ്വദേശിക്കും വധശിക്ഷ നടപ്പാക്കി.
https://www.facebook.com/Malayalivartha