യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ്, ഈ വർഷത്തെ സ്വദേശിവത്ക്കരണ നിരക്ക് ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ കനത്ത പിഴ ചുമത്തും, കമ്പളിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനികളെ നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഒരുക്കിയതായി മന്ത്രാലയം
ഒരോ വർഷം കഴിയുന്തോറും സ്വദേശിവത്ക്കരണ നിരക്ക് ഉയർത്തുകയാണ് യുഎഇ. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ കമ്പനിക്ക് കടുത്ത പിഴ ചുമത്തുന്നതിനാൽ പ്രവാസികൾ ജോലി ചെയ്തിരുന്ന തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ കമ്പനികൾ നിർബന്ധിരാകുന്നു. യുഎഇയിലെ സ്വകാര്യമേഖലാ കമ്പനികൾക്ക് ഈ വർഷം പൂർത്തിയാക്കേണ്ട സ്വദേശിവത്ക്കരണ നിരക്ക് ഡിസംബർ 31നകം കൈവരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ ഈ വർഷാവസാനത്തോടെ വിദഗ്ധ തസ്തികകളിൽ സ്വദേശിവൽക്കരണ നിരക്ക് രണ്ട് ശതമാനം വർധിപ്പിക്കണമെന്നാണ് വ്യവസ്ഥ. 20 മുതൽ 49 വരെ ജീവനക്കാരുള്ള ചില നിർദിഷ്ട കമ്പനികൾക്കും ഇതേ സമയപരിധി ബാധകമാണ്. ഈ സ്ഥാപനങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്വദേശികളെ നിലനിർത്തി ജനുവരി ഒന്നിന് മുൻപ് ഒരു എമിറാത്തിയെയെങ്കിലും ജോലിക്കെടുക്കണം.
പ്രവാസികൾ ധാരളമായി തൊഴിലെടുക്കുന്ന 14 മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. ഐടി, സാമ്പത്തിക രംഗത്തുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്‌റ്റേറ്റ്, പ്രഫഷനല്‍ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യസാമൂഹിക രംഗം, കലവിനോദം, ഖനനം,ക്വാറി, നിര്‍മാണ വ്യവസായങ്ങള്‍, മൊത്തചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് സ്വദേശി നിയമനം കര്‍ശനമാക്കിയിരിക്കുന്നത്. തൊഴിൽ തേടുന്ന എമിറേറ്റികളെ നിയമിക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പിന്തുണാ പദ്ധതിയായ നഫീസ് പ്രോഗ്രാമിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും അതോറിറ്റി കമ്പനികളോട് അഭ്യർഥിച്ചു.
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വ്യാജ എമിറേറ്റൈസേഷൻ ഉൾപ്പെടെയുള്ള വഞ്ചനാപരമായ നടപടികൾ സ്വീകരിക്കുന്ന കമ്പനികളെ നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഒരുക്കിയതായി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ എസ്റ്റാബ്ലിഷ്മെന്റ് ക്ലാസിഫിക്കേഷൻ സിസ്റ്റത്തിൽ തരംതാഴ്ത്തുക, അവരുടെ സാഹചര്യങ്ങൾ ശരിയാക്കാൻ ആവശ്യപ്പെടുക, അവരുടെ കേസുകൾ യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുക എന്നിവ ഉൾപ്പെടെ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
കൂടാതെ, എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നിയമിക്കാത്ത ഓരോ എമിറാത്തി പൗരന്മാർക്കും 96,000 ദിർഹം എന്ന തോതിൽ അനുസരിക്കാത്ത കമ്പനികൾക്ക് സാമ്പത്തിക പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവൽക്കരണം നടപ്പിലാക്കിയ ശേഷം നിലവിൽ 23,000 സ്വകാര്യ കമ്പനികളിലായി 124,000 എമിറാത്തി പൗരന്മാർ ജോലി ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികൾ എമിറേറ്റൈസേഷൻ നയങ്ങൾ മികച്ച രീതിയിൽ പാലിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന തൗത്തീൻ പാർട്‌ണേഴ്‌സ് ക്ലബ്ബിൽ അംഗങ്ങളായ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതോറിറ്റി നൽകുന്ന സേവനങ്ങൾക്കുള്ള ഫീസിൽ 80 ശതമാനം വരെ സാമ്പത്തിക കിഴിവുകളും സർക്കാർ സംവിധാനത്തിലെ മുൻഗണനകളും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
ഇത് കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുഎഇ സ്വദേശിവൽക്കരണം നടപ്പാക്കാൻ പദ്ധതിയിടുന്നുണ്ട്. നിശ്ചിത തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച ' അധ്യാപകർ ' പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്കൂളുകളിൽ നിയമിക്കാനാണ് പദ്ധതി. 4 ഘട്ടങ്ങളിലാണ് ഇതു പൂർത്തിയാക്കുക. കിൻഡർ ഗാർട്ടനുകളിലെ അധ്യാപകർക്കു പുറമെ സ്കൂൾ അഡ്മിനിസ്ട്രേഷൻ, അറബിക് ഭാഷാധ്യാപകർ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര തസ്തികകൾ എന്നിവയിലെല്ലാം സ്വദേശികൾ വരും. അറബിക് ഭാഷ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം എന്നിവ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.
https://www.facebook.com/Malayalivartha