വിസകൾ ലഭിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു, കുവൈത്തിലേക്ക് എഞ്ചിനീയറിങ് വിസകൾ ലഭിക്കുന്നതിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും ഇനി പുതിയ മാനദണ്ഡങ്ങൾ, ഇവ എന്തൊക്കെയെന്ന് നോക്കാം...
കുവൈത്തിൽ ജോബ് വിസകൾ ലഭിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. പിഎഎം ഡയറക്ടർ മർസൂഖ് അൽ ഉതൈബിയാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിച്ചത്. രാജ്യത്തേക്ക് എഞ്ചിനീയറിങ് വിസകൾ ലഭിക്കുന്നതിനും ഈ മേഖലയിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. എൻജിനീയറിങ് പ്രൊഫഷണലുകളുടെ അംഗീകാരം വ്യവസ്ഥാപിതമാക്കുന്നതിനും ഈ മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാർഗനിർദേശങ്ങൾ.
പുതിയ സർക്കുലർ പ്രകാരം, കുവൈറ്റിൽ എഞ്ചിനീയറിങ് വർക്ക് പെർമിറ്റുകൾക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർ ചില വ്യവസ്ഥകൾ പാലിക്കണം. ഇവ എന്തൊക്കെയെന്ന് നോക്കാം. അംഗീകൃത ബിരുദധാരികൾ ആയിരിക്കണം. എൻജിനീയർമാർ തങ്ങളുടെ യോഗ്യതകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നതാണ് നിബന്ധനകളിൽ അടുത്തത്. കുവൈറ്റിലെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ സർവകലാശാലകളിൽ നിന്ന് എഞ്ചിനീയറിങ്, എഞ്ചിനീയറിങ് സയൻസസ് അല്ലെങ്കിൽ ആർക്കിടെക്ചർ എന്നിവയിലുള്ള ബിരുദം ഉണ്ടായിരിക്കണം. എന്നാൽ രാജ്യത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്നുള്ളതാണ് ബിരുദമെങ്കിൽ കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് അവരുടെ യോഗ്യതകൾക്കുള്ള തുല്യതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
നിലവിൽ എഞ്ചിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകളിൽ 2024 സെപ്റ്റംബർ എട്ടുമുതൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഞ്ചിനീയർമാർക്ക് അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയും. യോഗ്യതാ നിർദേശങ്ങൾക്ക് അനുസൃതമായ രേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കുന്നതുവരെ അവരുടെ തൊഴിൽ താൽക്കാലികമായാണ് രജിസ്റ്റർ ചെയ്യുക. അവ സമർപ്പിക്കുന്ന മുറയ്ക്ക് രജിസ്‌ട്രേഷൻ സ്ഥിരപ്പെടുത്തും.
എന്നാൽ രാജ്യത്തേക്ക് പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എൻജിനീയർമാർ ബന്ധപ്പെട്ട കമ്മിറ്റിയിൽ നിന്ന് പ്രാഥമിക അംഗീകാരം നേടിയിരിക്കണം. തുല്യതാ പ്രക്രിയ പൂർത്തിയാക്കുന്നതിന് അവർക്ക് രണ്ട് വർഷം വരെ താൽക്കാലിക രജിസ്‌ട്രേഷൻ ലഭിക്കും. ഈ
കാലയളവിൽ യോഗ്യതകൾ പ്രാഥമികമായി അംഗീകരിക്കപ്പെടാത്ത എഞ്ചിനീയർമാർക്ക് വേണമെങ്കിൽ ഇതര പ്രൊഫഷനുകളിലേക്ക് മാറാൻ അവസരമുണ്ട്. ഈ അഥവ താൽക്കാലിക കാലാവധി കഴിഞ്ഞ ശേഷമാണ് ഈ യോഗ്യത സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെങ്കിൽ വീണ്ടും അപേക്ഷ സമർപ്പികാനാവും.
https://www.facebook.com/Malayalivartha