1,200 ദിനാർ മുതൽ 2,000 ദിനാർവരെ, കുവൈത്തിൽ പുതിയ നിയമപ്രകാരം റെസിഡൻസി ലംഘനങ്ങൾക്കുള്ള പിഴകൾ പുതുക്കി, ജനുവരി 5 മുതൽ പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽവരും...!!!
കുവൈത്തിൽ 60 വർഷമായി തുടർന്നിരുന്ന റെസിഡൻസി നിയമത്തിൽ സമഗ്രമായ മാറ്റം വരുത്തി അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത് ഈ അടുത്തിടെയാണ്. പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം താമസ കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ ആദ്വാനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ റെസിഡൻസി ലംഘനത്തിനുള്ള പിഴകൾ കുവൈറ്റ് പുതുക്കിയിരിക്കുകയാണ്.
വിസ നിയമലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴ ഘടന പ്രകാരം റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറുമാണ് പിഴ. റെസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ ആവർത്തിക്കപെടാതെ ഇരിക്കാനുമാണ് പുതുക്കിയ പിഴ നിരക്ക് കൊണ്ടുവന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ നിയമപ്രകാരം കൊണ്ടുവന്നിട്ടുള്ള പിഴ നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ, വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിഞ്ഞ് രാജ്യത്ത് അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും 10 ദിനാർ വീതം പിഴ അടയ്ക്കണം. താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴ ചുമത്താൻ കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊണ്ടതോടെയാണിത്. ജനുവരി അഞ്ചുമുതൽ പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽവരും.
തൊഴിൽ വിസ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ആദ്യ മാസത്തേക്ക് രണ്ട് ദിനാറും തുടർന്നുള്ള മാസങ്ങളിൽ നാലു ദിനാറുമാക്കി പുതുക്കിയിട്ടുണ്ട്. പരമാവധി പിഴ 1,200 ദിനാർ ആയിരിക്കും. ആർട്ടിക്കിൾ 17, 18, 20 റെസിഡൻസി റദ്ദാക്കലുകൾ വൈകുന്ന കേസുകളിൽ ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ടു ദിനാറാണ് പുതുക്കിയ പിഴ. അതിനുശേഷം പ്രതിദിനം നാലു ദിനാറായി ഉയരും. പരമാവധി പിഴ 1,200 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. താത്കാലിക താമസ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും അല്ലെങ്കിൽ താമസ കാലാവധി അവസാനിച്ച ശേഷം വിസ പുതുക്കാനോ രാജ്യം വിടാനോ വിസമ്മതിച്ചവർക്കും പുതിയ പിഴകൾ ബാധകമാണ്.
ഇത് കൂടാതെ നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കുള്ള പിഴ ആദ്യ മാസത്തേക്ക് രണ്ട് ദിനാറും തുടർന്നുള്ള മാസങ്ങളിൽ നാലു ദിനാറുമാക്കി പുതുക്കി. ജനിച്ച് നാലു മാസത്തെ ഗ്രേസ് പിരീഡിന് ശേഷമാണ് പിഴ ആരംഭിക്കുക. ഇതിലെ പരമാവധി പിഴ 2,000 ദിനാർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങളുടെ കാര്യത്തിൽ താൽക്കാലിക റെസിഡൻസി കാലാവധി കഴിഞ്ഞോ രാജ്യത്തുനിന്ന് പുറത്തുകടക്കുന്നതിനുള്ള നോട്ടീസിലെ കാലാവധി കഴിഞ്ഞോ രാജ്യത്ത് തുടർന്നാൽ പ്രതിദിനം രണ്ട് ദിനാർ ആണ് പിഴ. പരമാവധി പിഴ 600 ദിനാറും ആണ്.
അതേസമയം, പുതിയ നിയമഭേദഗതി പ്രകാരം, പ്രവാസികളുടെ വിസ ഫീസ് തൊഴിലാളിയുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി മാറ്റാണ് ഭരണകൂടം ആലോചിക്കുന്നത്. പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തും. ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് ഈ തീരുമാനം. പുതിയ നിയമപ്രകാരം, റെസിഡന്‍സി വിസ, വിസ പുതുക്കല്‍, എന്‍ട്രി വിസ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും പുനപ്പരിശോധിക്കും.
പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസ ഫീസുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നത്. ജോലിക്കും ശമ്പളത്തിനും അനുസൃതമായ വിസ ഫീസ് സമ്പ്രദായം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കാൻ വിദഗ്ധ കമ്മിറ്റിക്കാണ് ചുമതല.
https://www.facebook.com/Malayalivartha