മലയാളിയെ കുത്തിക്കൊന്ന് രാജ്യം വിടാൻ ശ്രമം, മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്ക പ്രവിശ്യയില്‍ നടപ്പാക്കി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടിയത് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന്...!!!
സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. അതിനാൽ കുറ്റം ചെയ്താൽ ശിക്ഷ നടപ്പാക്കുന്നതിൽ പ്രവാസിയെന്നോ സ്വദേശിയെന്നോ വേർതിരിവില്ല. കഴിഞ്ഞ ദിവസം മലയാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ മക്ക പ്രവിശ്യയില്‍ നടപ്പാക്കി. മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവിയെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
2021 ആഗസ്റ്റ് 1ന് ഇദ്ദേഹത്തിനെ ട്രക്കിൽ വെച്ച് കൊള്ളയടിച്ച ശേഷം കൊന്നെന്നായിരുന്നു കേസ്. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്റെ ട്രക്ക് റോഡരികില്‍ കണ്ടു. ഇതിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 42 വയസ്സായിരുന്നു അന്ന് പ്രായം. കമ്പനിയിൽ അടക്കേണ്ടിയിരുന്ന പണവും നഷ്ടമായതായി കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, കൂടെ യാത്ര ചെയ്തിരുന്ന ഈജിപ്ഷ്യൻ പൗരനാണ് പ്രതിയെന്ന് കണ്ടെത്തി. തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ പൗരനെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയായിരുന്നു.
തുടർന്ന് വേഗത്തിൽ കോടതി നടപടികൾ നീങ്ങി. ഹീനമായ കൊലപാതകത്തിനുള്ള വധശിക്ഷ എല്ലാ കോടതികളും ശരിവെച്ചു. കുഞ്ഞലവിക്ക് കൂടെ ഈജിപ്ഷ്യന്‍ പൗരന്‍ വാഹനത്തില്‍ കയറുകയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തുകയും അത് മരണത്തിലേക്ക് നയിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുറ്റപത്രത്തിലുണ്ട്. കുറ്റം പ്രതി സമ്മതിക്കുകയും സുപ്രീകോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ രാജകല്‍പനയുണ്ടാവുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മറ്റൊരാളുടെ സ്വത്ത് കൊള്ളയടിച്ച് ജീവിതം അപഹരിക്കാൻ ഒരാൾക്കും അധികാരമില്ലെന്ന് വിധിക്ക് പിന്നാലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മനുഷ്യരുടെ അന്തസ്സ്, സ്വത്ത്, സ്വകാര്യത, സുരക്ഷ എന്നിവ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തുള്ള മനുഷ്യരുടെ സുരക്ഷക്കായി കടുത്ത ശിക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ക്രൂരത ആര് ചെയ്താലും ഇതാകും വിധിയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം വൈകുകയാണ്. ഡിസംബർ 30ന് റിയാദ് ക്രിമിനൽ കോടതിയിൽ അഞ്ചാമത്തെ സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി 15ലേക്കാണ് കേസ് മാറ്റിയത്. അന്ന് രാവിലെ 8 മണിക്ക് കേസ് പരിഗണിക്കും.
ഡിസംബർ 12ന് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയതിനെ തുടർന്നാണ് 30ലേക്ക് മാറ്റിയിരുന്നത്. അഞ്ചാമത്തെ സിറ്റിങ്ങിലെങ്കിലും എല്ലാം തീർപ്പാക്കി ഉത്തരവിന്‍റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷയും തെറ്റി. തീരുമാനം അനുകൂലമായാൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പാസ്പോർട്ട് വിഭാഗത്തിന് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനായേനെ റഹീമിന്‍റെ മടക്കയാത്രക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്.
എന്നാൽ ജയിലില്‍ കഴിയുന്ന തന്റെ മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്നാണ് അബ്ദുൽ റഹീമിന്‍റെ മാതാവ് ഫാത്തിമ പറയുന്നത്. കേസ് ഇനിയും നീട്ടരുത്. കേസ് ഇങ്ങനെ നീട്ടീവയ്ക്കുന്നതിൽ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും അത് വേഗത്തിൽ കണ്ടെത്തണമെന്നും ഫാത്തിമ പറഞ്ഞു.
https://www.facebook.com/Malayalivartha