പ്രവാസികൾക്ക് മേൽ നടപടികൾക്കൊരുങ്ങി കുവൈത്ത്, ബയോമെട്രിക്ക് രജിസ്ട്രേഷൻ പൂർത്തിയകാത്തവരുടെ എല്ലാ സർക്കാർ ഇടപാടുകളും നിർത്തലാക്കും, റെസിഡൻസ് പെർമിറ്റ് പുതുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും തടസ്സപ്പെടും...!!!
ബയോമെട്രിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് മേൽ നടപടികൾക്കൊരുങ്ങി കുവൈത്ത്. ഡിസംബർ 31ന് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചിരിക്കെയാണ് നടപടി. നടപടികൾ പൂർത്തീകരിക്കാനുള്ള സമയപരിധി നീട്ടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഡിസംബർ 31ന് മുമ്പായി എല്ലാ പ്രവാസികളും ബയോമെട്രിക് പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികൾക്കുള്ള എല്ലാ സർക്കാർ ഇടപാടുകളും താൽക്കാലികമായി നിർത്തലാക്കുന്നതാണ് ആദ്യ നടപടി.
ബാങ്കിങ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിക്കാൻ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റിന് ആഭ്യന്തര മന്ത്രാലയം ഇതിനോടകം നിർദ്ദേശം നൽകിയിരുന്നു. നിക്ഷേപങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെങ്കിലും പിന്‍വലിക്കലുകള്‍, വായ്പകള്‍, ഫണ്ട് കൈമാറ്റങ്ങള്‍ എന്നിവയ്ക്ക് നിരോധനം വരും. ഒരു സിവില്‍ ഐഡി കാലഹരണപ്പെടുമ്പോള്‍ ഉണ്ടാവുന്ന നിയന്ത്രണങ്ങൾക്ക് സമാനമായിരിക്കും ഇത്. മാത്രമല്ല ഇവർക്ക് റസിഡൻസ് പെർമിറ്റ് പുതുക്കുന്നത് ഉൾപ്പെടെയുള്ള റസിഡൻസി സേവനങ്ങൾ തടസ്സപ്പെടും. എന്നാൽ നടപടിക്രമം പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടവരിൽ നിന്ന് പിഴ ചുമത്തും എന്ന പ്രചാരണങ്ങൾ തികച്ചും തെറ്റാണ്. ഒരുതരത്തിലുമുള്ള പിഴകൾ ചുമത്തുകയില്ല.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ ഇനിയും ബയോമെട്രിക്ക് രജിസ്ട്രേഷൻ ബാക്കിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 224,000 പ്രവാസികളും 16,442 കുവൈറ്റ് പൗരന്‍മാരും 88,604 ഗോത്രവര്‍ഗ വിഭാഗങ്ങളും ഇനിയും ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരായുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകളിൽ പറയുന്നത്. കുവൈറ്റ് പൗരന്‍മാര്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷനുള്ള സമയ പരിധി നേരത്തേ അവസാനിച്ചിരുന്നു.
പ്രവാസികളുടെ എണ്ണക്കൂടുതല്‍ കാരണം അവര്‍ക്ക് ഡിസംബര്‍ 31 വരെ സമയം നീട്ടിനല്‍കുകയായിരുന്നു. നേരത്തെ നടപടികൾ പൂർത്തീകരിക്കാത്ത സ്വദേശികളുടെ എല്ലാ സർക്കാർ, ബാങ്കിങ് ഇടപാടുകളും താൽക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. എന്നിരുന്നാലും, അവര്‍ക്ക് സുരക്ഷാ ഡയറക്ടറേറ്റ് സന്ദര്‍ശിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്. ബയോമെട്രിക്‌സ് പൂര്‍ത്തിയായാലുടന്‍ ബ്ലോക്ക് നീക്കം ചെയ്യും.
അതേസമയം, കുവൈറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം പ്രഖ്യാപിച്ചിരിക്കുകയാണ് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ യോഗം. പെൻഷൻ പ്രായം പുരുഷന്‍മാരുടേത് 55 വയസ്സും സ്ത്രീകളുടേത് 50 വയസ്സുമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. കൗണ്‍സില്‍ ചെയര്‍മാന്‍ ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് പുതിയ തീരുമാനം. പുതുതലമുറയ്ക്ക് തൊഴില്‍ മേഖലകളില്‍ പ്രവേശനം എളുപ്പമാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ജീവനക്കാരുടെ വിരമിക്കല്‍ വേഗത്തില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ പ്രിത്യേക ബ്യൂറോയ്ക്ക് മന്ത്രിമാരുടെ കൗണ്‍സില്‍ നിര്‍ദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, നിലവില്‍ വിവിധ പദ്ധതികളില്‍ കരാര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്‍മാര്‍ക്ക് 55 വയസ്സും സ്ത്രീകള്‍ക്ക് 50 വയസ്സും തികയുന്ന മുറയ്ക്ക് അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും മന്ത്രിമാരുടെ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇങ്ങനെ പിരിച്ചുവിടപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും കരാര്‍ ജോലിയില്‍ തിരികെ എടുക്കരുതെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ഇത്തരം ജോലികളില്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിനാണിത്. സിവില്‍ സര്‍വീസ് മേധാവി ഡോ. ഇസ്സാം അല്‍ റുബയാന്‍, സോഷ്യല്‍ ഇന്‍ഷുറന്‍സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ തുനയാന്‍ എന്നിവര്‍ യോഗത്തില്‍ ഈ നടപടികളെക്കുറിച്ച് വിശദീകരിച്ചു.
https://www.facebook.com/Malayalivartha