ഇഖാമയ്ക്ക് പുതുക്കിയ ഫീസ് നിരക്ക്, പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ വിസ ഫീസ് പുതുക്കി സൗദി, ഇഖാമ കൃത്യസമയത്ത് പുതുക്കാന്‍ വീഴ്ച വരുത്തുന്ന പ്രവാസികള്‍ക്ക് കനത്ത പിഴ...!!!
പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ പ്രവാസികൾക്കുള്ള വിസ ഫീസ് പുതുക്കിയിരിക്കുകയാണ് സൗദി. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ ബിസിനസ് പ്ലാറ്റ്ഫോം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്തു. സൗദിയിലെ പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമ നല്‍കുന്നതിനുള്ള പുതുക്കിയ ഫീസ് 51.75 റിയാലാണ്. ഒരു ജീവനക്കാരനെക്കുറിച്ച് റിപ്പോര്‍ട്ട് അഭ്യര്‍ഥിക്കുന്നതിനുള്ള പുതുക്കിയ ഫീസ് 28.75 റിയാലും പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 69 റിയാലും നല്‍കണം.
എക്സിറ്റ്, റീഎന്‍ട്രി വിസ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 റിയാലാണ്. ഫൈനല്‍ എക്സിറ്റ് പുതുക്കുന്നതിനുള്ള പുതുക്കിയ ഫീസ് 70 റിയാലായി നിജപ്പെടുത്തി. അതിനിടെ, സ്പോണ്‍സര്‍ എന്ന പദം ഉപയോഗിക്കരുതെന്നും തൊഴിലുടമ അല്ലെങ്കില്‍ തൊഴില്‍ ദാതാവ് എന്ന വാക്ക് ഉപയോഗിക്കണമെന്നും വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച കത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 'തൊഴിലാളി' എന്നതിന്റെ നിര്‍വചനം തൊഴിലുടമയുടെ കീഴില്‍ വേതനത്തിന് പകരമായി ജോലി ചെയ്യുന്ന വ്യക്തി എന്നാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
ഇഖാമ കൃത്യസമയത്ത് പുതുക്കാന്‍ വീഴ്ച വരുത്തുന്ന പ്രവാസികള്‍ക്ക് 1000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍. ഇഖാമ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്നാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചിട്ടുള്ളത്. പ്രവാസികളുടെ ഇഖാമ അബ്ഷര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു പുതുക്കാവുന്നതാണ്. അബ്ഷര്‍ പ്ലാറ്റ്‌ഫോം വ്യക്തികളെ അവരുടെ പെര്‍മിറ്റ് പുതുക്കാന്‍ അനുവദിക്കും. ഇഖാമ പുതുക്കാന്‍ കാലതാമസമുണ്ടായാല്‍ ആദ്യം 500 റിയാല്‍ പിഴ ചുമത്തും. പുതുക്കല്‍ വീണ്ടും വൈകിയാല്‍ പിഴ 1000 റിയാലായി ഉയരും.
കൂടാതെ അബ്ഷര്‍ പ്ലാറ്റ്‌ഫോം നിരവധി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തി മുങ്ങുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ വിസ നല്‍കിയ വ്യക്തികളെ പ്രാപ്തരാക്കുന്ന പുതിയ സേവനം അബ്ഷര്‍ ഇന്‍ഡിവിഡ്വല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അബ്ഷര്‍ പ്ലാറ്റ്‌ഫോം അഞ്ച് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ അനുസരിച്ച്, ഹാജരാകാത്തയാളുടെ വിസ വ്യക്തിഗത അല്ലെങ്കില്‍ കുടുംബ വിസയായി തരംതിരിക്കുന്ന ഒരു സന്ദര്‍ശന വിസയായിരിക്കണം.
കൂടാതെ സന്ദര്‍ശന വിസ കാലഹരണപ്പെട്ട തീയതി മുതല്‍ 7 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. വിസയുടെ കാലാവധി കഴിഞ്ഞ് 14 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയില്ല. കൂടാതെ സന്ദര്‍ശന വിസയുടെ നില കാലഹരണപ്പെട്ട ഒന്നായിരിക്കണം. ഓരോ സന്ദര്‍ശകനും ഒരു പ്രാവശ്യം മാത്രമേ റിപ്പോര്‍ട്ട് നല്‍കൂ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം അത് റദ്ദാക്കാന്‍ കഴിയില്ലന്നും വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.
അതേസമയം, സൗദിയിലെ ആകെ ജനസംഖ്യ ഏകദേശം 3.22 കോടി ആണെന്നാണ് 2024ലെ സെന്‍സസ് റിപ്പോര്‍ട്ട്. ഇതില്‍ 1.34 കോടി ജനങ്ങളും വിദേശികളാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 41.5% വരുമിത്. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളിലും സൗദി അറേബ്യ സമീപകാലത്ത് വലിയ പരിഷ്‌കരണങ്ങള്‍ നടത്തുകയും നിയമങ്ങള്‍ ഉദാരമാക്കുകയും ചെയ്തിരുന്നു. അവധിക്ക് നാട്ടില്‍ പോയവര്‍ അല്ലെങ്കില്‍ റീ എന്‍ട്രി വിസക്കാര്‍ യഥാസമയം തിരിച്ചുവന്നില്ലെങ്കില്‍ മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് സൗദി പിന്‍വലിച്ചിരുന്നു.
https://www.facebook.com/Malayalivartha