യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്, സ്വദേശിവത്ക്കരണത്തിൽ 350 ശതമാനം വർധനവ്, സ്വകാര്യ സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നതിനെതിരെ ഭരണകൂടം സ്വീകരിച്ച ശിക്ഷാ വ്യവസ്ഥകൾ ഫലം കണ്ടുതുടങ്ങിയതായി ദുബായ് ഭരണാധികാരി...!!!
യുഎഇയിൽ വരും വർഷങ്ങളിൽ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ നിലനിൽപ്പിനെ രൂക്ഷമായ രീതിയിൽ സ്വദേശിവത്കരണം ബാധിക്കുമെന്നതിൽ സംശയം വേണ്ട. അത്തരത്തിൽ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലേക്ക് എത്തിയിരിക്കുകയാണ് സ്വദേശിവത്ക്കരണം. 2024ൽ മുൻ വർഷത്തേക്കാൾ 350 ശതമാനം വർധനവമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരൻമാരുടെ എണ്ണം 2024-ൽ 131,000 ആയി ഉയർന്നു.
സ്വദേശിവൽക്കരണം പാലിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾ കാണിക്കുന്ന താൽപര്യവും നിയമം ലംഘിക്കുന്നവർക്കെതിരേ ഭരണകൂടം സ്വീകരിക്കുന്ന പിഴ ഉൾപ്പെടെയുള്ള കർക്കശമായ ശിക്ഷാ വ്യവസ്ഥകളും ഫലം കണ്ടുതുടങ്ങി എന്നതിന് തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി ആവിഷ്‌ക്കരിച്ച പിന്തുണാ പദ്ധതിയായ നഫീസ് പ്രോഗ്രാമും അത് നൽകുന്ന നേട്ടങ്ങളും ഇക്കാര്യത്തിൽ നിർണായക പങ്കുവഹിച്ചതായും ശെയ്ഖ് മുഹമ്മദ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രധാന നേട്ടങ്ങൾ വിലയിരുത്തുന്ന കൂട്ടത്തിലാണ് സ്വദേശിവൽക്കരണ രംഗത്തെ ഈ നേട്ടം അദ്ദേഹം എടുത്തുപറഞ്ഞത്.
ഒരോ വർഷം കഴിയുന്തോറും സ്വദേശിവത്ക്കരണ നിരക്ക് ഉയർത്തുകയാണ് യുഎഇ. പ്രവാസികൾ ധാരളമായി തൊഴിലെടുക്കുന്ന പ്രധാന 14 മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ അധികൃതർ രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. 2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ പ്രോഗ്രാമായ നാഫിസ് അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. ഇത് പാലിച്ചില്ലെങ്കിൽ കമ്പനിക്ക് കടുത്ത പിഴ ചുമത്തുന്നതിനാൽ പ്രവാസികൾ ജോലി ചെയ്തിരുന്ന തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ കമ്പനികൾ നിർബന്ധിരാകുന്നു.
2025, 2026 വർഷങ്ങളിലെ 2% വീതം ചേർത്ത് മൊത്തം 10% ആക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വ്യാജ എമിറേറ്റൈസേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്ന കമ്പനികളെ നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഒരുക്കിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിരുന്നു. മന്ത്രാലയത്തിന്റെ എസ്റ്റാബ്ലിഷ്മെന്റ് ക്ലാസിഫിക്കേഷൻ സിസ്റ്റത്തിൽ തരംതാഴ്ത്തുക, അവരുടെ സാഹചര്യങ്ങൾ ശരിയാക്കാൻ ആവശ്യപ്പെടുക, അവരുടെ കേസുകൾ യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുക എന്നിവ ഉൾപ്പെടെ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
കൂടാതെ, എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നിയമിക്കാത്ത ഓരോ എമിറാത്തി പൗരന്മാർക്കും 96,000 ദിർഹം എന്ന തോതിൽ അനുസരിക്കാത്ത കമ്പനികൾക്ക് സാമ്പത്തിക പിഴ ചുമത്തും. നടപടികൾക്ക് ഇടനൽകാതെ മിക്ക സ്വകാര്യ കമ്പനികളും നിയമം പാലിക്കുന്നുണ്ട്. എന്നാൽ നിയമം പാലിക്കാത്ത കമ്പനികൾക്കുമേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2 വർഷത്തിനിടെ 1400ലേറെ കമ്പനികൾക്ക് പിഴ ചുമത്തിയിരുന്നു. വ്യാജ റിക്രൂട്‌മെന്റ് നടത്തിയ 1200 കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചു.
സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന തൗത്തീൻ പാർട്‌ണേഴ്‌സ് ക്ലബ്ബിൽ അംഗങ്ങളായ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതോറിറ്റി നൽകുന്ന സേവനങ്ങൾക്കുള്ള ഫീസിൽ 80 ശതമാനം വരെ സാമ്പത്തിക കിഴിവുകളും സർക്കാർ സംവിധാനത്തിലെ മുൻഗണനകളും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha