ദുബായിൽ തോന്നുംപടി വാടക നിരക്ക് കൂട്ടാൻ കെട്ടിട ഉടമകൾക്ക് സാധിക്കില്ല, നിരക്ക് നിശ്ചയിക്കാൻ ഇനിമുതൽ പുതിയ സംവിധാനം, പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓരോ പ്രദേശത്തെയും വാടകയില്‍ വലിയ മാറ്റങ്ങളുണ്ടാവും...!!!
യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമായി കെട്ടിട വാടക നിരക്ക് നിശ്ചയിക്കാൻ പുതിയ സമ്പ്രദായം. ഇനിമുതൽ ദുബായിൽ തോന്നുംപടി വാടക നിരക്ക് കൂട്ടാൻ കെട്ടിട ഉടമകൾക്ക് സാധിക്കില്ല. പൊതുവേ മറ്റ് എമിറേറ്റുകളെക്കാൾ ദുബായിൽ വാടക നിരക്ക് കൂടുതലാണ്. എന്നാൽ ഇനി മുതൽ കെട്ടിട വാടക നിരക്ക് നിശ്ചയിക്കുക ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ദുബായിലെ ഓരോ മേഖലയിലെയും കെട്ടിടങ്ങള്‍ക്ക് ലഭിക്കുന്ന റേറ്റിങ്ങിന് ആനുസൃതമായി മാത്രമാണ് ഇനി മുതല്‍ കെട്ടിട വാടക നിശ്ചയിക്കാനും വര്‍ധിപ്പിക്കാനുമുള്ള അനുമതി.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെൻ്റിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം സിഇഒ മാജിദ് അല്‍ മര്‍റിയാണ് പുതിയ വാടക സംവിധാനം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പുതിയ റെൻ്റല്‍ ഇന്‍ഡക്‌സ് കെട്ടിട ഉടമകള്‍ക്കും അതേപോലെ വാടകക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഗുണകരമാകും. ഇതുപ്രകാരം കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍, അത് സ്ഥിതി ചെയ്യുന്ന പ്രദേശം, കെട്ടിടത്തിൻ്റെ വലിപ്പം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാവും കെട്ടിടങ്ങള്‍ റേറ്റിംഗ് നിശ്ചയിക്കുക. പഴയ കെട്ടിടങ്ങള്‍ കാലോചിതമായി പുതുക്കിപ്പണിതാല്‍ മാത്രമേ ദുബായില്‍ ഇനി വാടക വര്‍ധിപ്പിക്കാന്‍ കഴിയൂ.
നിലവില്‍ കെട്ടിടത്തിൻ്റെ ഗുണനിലവാരം വര്‍ഷത്തില്‍ ഒരിക്കലാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ തത്സമയം പരിഷ്‌ക്കരിച്ചു കൊണ്ടേയിരിക്കുമെന്നും മാജിദ് അല്‍ മര്‍റി പറഞ്ഞു. ഏതെങ്കിലും ഏജന്‍സിയോ സ്ഥാപനമോ അല്ല കെട്ടിടങ്ങളുടെ വാടക സൂചിക കണക്കാക്കുക എന്നതാണ് ഇതിൻ്റെ സവിശേഷത. മറിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയായിരിക്കും ഇത് തയ്യാറാക്കുക. താമസക്കാര്‍ക്കും ഭൂവുടമകള്‍ക്കും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെൻ്റിൻ്റെ വെബ്സൈറ്റ് വഴി വാടക സൂചിക അറിയാന്‍ കഴിയും.
സാങ്കേതികവും ഘടനാപരവുമായ സവിശേഷതകള്‍, അറ്റകുറ്റപ്പണികളുടെ ഗുണനിലവാരം, കെട്ടിടത്തിൻ്റെ തന്ത്രപ്രധാനമായ സ്ഥാനം, അതിൻ്റെ മൂല്യം, പരിപാലനം, ശുചിത്വം, പാര്‍ക്കിങ് തുടങ്ങിയ ലഭ്യമായ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിലവാരം എന്നിവയുള്‍പ്പെടെ സമഗ്രമായ ഒരു മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഓരോ കെട്ടിടവും വിലയിരുത്തുന്നത്. ഓരോ വസ്തുവിൻ്റെയും യഥാര്‍ത്ഥ ഗുണനിലവാരവും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന വാടക മൂല്യങ്ങളുടെ കൃത്യവും ന്യായവുമായ നിര്‍ണ്ണയം ഉറപ്പാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓരോ പ്രദേശത്തെയും വാടകയില്‍ വലിയ മാറ്റങ്ങളുണ്ടാവും എന്ന കാര്യം ഉറപ്പാണ്. ചില കെട്ടിടങ്ങളുടെ വാടക കുറയുകയും ചിലത് കൂടുകയും ചെയ്യും. നിലവിൽ ദുബായിൽ പഴയ കെട്ടിങ്ങളിൽ താമസിക്കുന്നവർക്ക് വാടക നിരക്ക് കുറയും. തുടക്കത്തില്‍ താമസ സമുച്ചയങ്ങളെയാണ് പുതിയ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുക. പിന്നീട് വാണിജ്യ കെട്ടിടങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി.
വിപണി മൂല്യം, പ്രദേശത്തിൻ്റെ പ്രാധാന്യം, കെട്ടിടത്തിലെ സൗകര്യം, സുരക്ഷ തുടങ്ങി 60 ഘടകങ്ങള്‍ പരിശോധിച്ചാണ് കെട്ടിടങ്ങളെ തരംതിരിക്കുകയെന്ന് മാജിദ് അല്‍ മര്‍റി പറഞ്ഞു. ഇവയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് ഒന്നു മുതല്‍ അഞ്ച് വരെ സ്റ്റാര്‍ റേറ്റിങ് നല്‍കും. ദുബായിലെ സ്വതന്ത്ര വ്യാപാര മേഖല, സ്‌പെഷ്യല്‍ ഡെവലപ്‌മെൻ്റ് സോണുകള്‍ തുടങ്ങിയവയ ഉള്‍പ്പെടെ ദുബായിലെ എല്ലാ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും വാടക സൂചിക പ്രകാരമുള്ള റേറ്റിങ് ബാധകമാണ്.
മാത്രമല്ല, പുതിയ റെൻ്റല്‍ ഇന്‍ഡക്‌സിൻ്റെ ഭാഗമായി മോഡല്‍ ടെനൻ്റ് ക്ലാസിഫിക്കേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഇതിലൂടെ കെട്ടിടം വാടക്കക്കെടുക്കുന്നവരുടെ വിശദ വിവരങ്ങൾ പരിശോധിക്കും. മുമ്പ് വാടക കരാര്‍ ലംഘിച്ചവരാണോ, വാടക അടക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കെട്ടിട ഉടമകള്‍ക്ക് തിരിച്ചറിയാനാവും. ഇജാരി ക്രെഡിറ്റ് റേറ്റിങ് വഴിയാണ് ഇത് സാധ്യമാവുക.
https://www.facebook.com/Malayalivartha