കുവൈറ്റിൽ പുതിയ റെസിഡൻസി നിയമം പ്രാബല്യത്തിൽ, പ്രവാസികൾ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ അടയ്ക്കേണ്ടിവരും, മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ പുതിയ റെസിഡൻസി നിയമം അധികം വൈകാതെ തന്നെ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തിയ പുതിയ നിയമം എന്ന് മുതൽ നടപ്പിലാക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമായി തുടരുന്നതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇതിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. കുവൈത്തിൽ 60 വർഷമായി പാലിച്ച് വന്നിരുന്ന റെസിഡൻസി നിയമത്തിൽ കാതലായ മാറ്റം വരുത്തിയാണ് പുതിയ നിയമത്തിന് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് അംഗീകാരം നല്‍കിയത്.
ഏഴ് അധ്യായങ്ങളിലായി 36 ആര്‍ട്ടിക്കിളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വിദേശ റസിഡന്‍സി നിയമം. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 6, 9, 11, 12, 13 എന്നിവ സംബന്ധിച്ച് വിദേശികൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം പ്രസ്താവന ഇറക്കി. ആർട്ടിക്കിൾ 9 പ്രകാരം റസിഡൻസി വിസ കരസ്ഥമാക്കി രാജ്യത്ത് പ്രവേശിച്ചശേഷം രേഖകൾ നിയമാനുസൃതമാക്കാൻ കാലതാമസമെടുത്താൽ ആദ്യമാസം 2 ദിനാർ വച്ചും പിന്നീടുള്ള ഒരോ ദിവസത്തിനും 4 ദിനാറുമാണ് പിഴ. 1200 ദിനാറാണ് പരമാവധി പിഴ.
സന്ദർശക വിസയിൽ വന്ന് കാലവധിക്ക് ശേഷം രാജ്യത്ത് തുടർന്നാൽ, പ്രതിദിനം10 ദിനാർ മുതൽ പരമാവധി 2,000 ദിനാർ വരെയാണ് പിഴ. താത്കാലിക താമസ കാലാവധി അവസാനിച്ച പ്രവാസികൾക്കും താമസ വിസ പുതുക്കാത്തവർക്കും ഇത് ബാധകമാണ്. മുമ്പ് ഇത്തരം നിയമലംഘനങ്ങൾക്കുള്ള പരമാവധി പിഴ 600 ദിനാർ ആയിരുന്നു. പുതുക്കിയ ഘടനയിൽ റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്താനുമാണ് തീരുമാനം. കുട്ടികളുടെ ജനനം നാല് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്ത പക്ഷം പിന്നീട് വരുന്ന കാലതാമസത്തിനു ആദ്യത്തെ ഒരു മാസത്തിനു രണ്ട് കുവൈറ്റി ദിനാർ ഓരോ ദിവസവും ഒരു മാസത്തിന് ശേഷമുള്ള ഓരോ ദിവസത്തിന് നാല് ദിനാർ വീതവും പിഴ ഒടുക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫാമിലി വിസിറ്റ് വിസയുടെ കാലാവധി ഒരു മാസത്തിൽനിന്ന് മൂന്ന് മാസമായി ഉയർത്തുന്നതാണ് പുതുതായി അംഗീകരിച്ച താമസ നിയമത്തിലൂടെ നടപ്പിലാക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. കുവൈറ്റിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ വിസ കച്ചവടത്തിന്റെ പേരിൽ നടക്കുന്ന ചൂഷണം തടയുന്നതും പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നു. റെസിഡൻസി പെർമിറ്റ്, വിസ പുതുക്കൽ എന്നിവ പണം ഈടാക്കി നൽകുന്നവർക്ക് കർശന പിഴ ചുമത്തും. തൊഴിലുടമകൾക്ക് അവരുടെ യഥാർത്ഥ റിക്രൂട്ട്‌മെന്റ് ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ നിന്ന് ഇപ്പോൾ വിലക്കുണ്ട്.
ഇതുകൂടാതെ ശരിയായ അംഗീകാരമില്ലാതെ തൊഴിലാളികളെ മറ്റുള്ളവർ ജോലിക്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അവർക്കാണ്. വിസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, വിദേശ റസിഡൻസി, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ ചുമത്തുന്നതിന് കൂടുതൽ പ്രാധാന്യം പുതിയ നിയമം നൽകുന്നു. വിസയിൽ പറഞ്ഞിട്ടുള്ളതല്ലാത്ത ആവശ്യങ്ങൾക്ക് തൊഴിലാളികളെ നിയമിച്ചാൽ മൂന്നുമുതൽ അഞ്ചു വർഷംവരെ തടവോ 5,000 ദിനാർ മുതൽ 10,000 ദിനാർ വരെ പിഴയോ ലഭിക്കും.
എന്‍ട്രി വിസ, റെസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വിസ കച്ചവടം, വിസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ നിയമം. മാത്രമല്ല, ശമ്പള കുടിശിക വരുത്തുന്നത് കുറ്റകരമാണെന്നും കരട് നിയമം പറയുന്നു. റെസിഡൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് ഒരു വർഷം തടവോ 1,000 ദിനാർ പിഴയോ ലഭിക്കും.
https://www.facebook.com/Malayalivartha