കുവൈത്ത് എല്ലാത്തരം വിസ നിരക്കുകളും അടിമുടി പുതുക്കുന്നു, നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിൽ, വിസ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായെന്ന് ധനമന്ത്രി
കുവൈത്തിൽ നിലവിലുള്ള വിസ ഫീസുകൾ അടിമുടി മാറ്റാനൊരുങ്ങുകയാണ് ഭരണകൂടം. ഇത് സംബന്ധിച്ച് നേരത്തെ ചില സൂചനകൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുണ്ടായിരുന്നു. പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്ന് മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ ആദ്വാനി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രവാസികളുടെ വിസ ഇടപാടുകളുമായി ബന്ധപ്പെട്ട ഫീസുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം അധികൃതരുടെ സജീവ പരിഗണനയിലാണെന്ന് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ് കുവൈറ്റ് ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫാസം.
പുതിയ റെസിഡന്‍സി, വിസിറ്റ് വിസകള്‍ എടുക്കുന്നതിനും അവ പുതുക്കുന്നതിനും ഉള്‍പ്പെടെ നിലവില്‍ ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സ്‌കൈ ന്യൂസ് അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായണ് ഈ വിസ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം. കുവൈറ്റ് ഭരണകൂടത്തിന്റെ ഈ തീരുമാനം പ്രവാസികള്‍ക്ക് വലിയ തോതില്‍ തിരിച്ചടിയാവുമെന്ന് കാര്യത്തിൽ സംശയം വേണ്ട.
ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി വിസ ഫീസ് നിശ്ചയിക്കാൻ അധികൃതർ ആലോചിക്കുന്നതായാണ് നേരത്തെ പുറത്തുവന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ആലോചിക്കുന്നതിനും അതിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായാണ് റിപ്പോർട്ടുകൾ. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് ഈ തീരുമാനം. ഇതുപ്രകാരം, റെസിഡന്‍സി വിസ, വിസ പുതുക്കല്‍, എന്‍ട്രി വിസ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും പുനപ്പരിശോധിക്കും. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസ ഫീസുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നത്.
രാജ്യത്ത് എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും ആഗോള എണ്ണവിലയിലെ വ്യതിയാനങ്ങള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നത് തടയുന്നതിനുമായാണ് ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് ആലോചിക്കുക്കുന്നതെന്നാണ് കുവൈറ്റ് ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫാസം വ്യക്തമാക്കിയത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെ, രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായുള്ള നീക്കങ്ങളാണ്.
ഒന്നിലധികം രാജ്യങ്ങളിലോ അധികാരപരിധിയിലോ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ക്കാണ് കുറഞ്ഞത് 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. പുതിയ നികുതി രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന 300-ഓളം ബഹുരാഷ്ട്ര കമ്പനികളെ ബാധിക്കുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി ഇനത്തില്‍ പ്രതിവര്‍ഷം ഏകദേശം 250 ദശലക്ഷം ദിനാര്‍ രാജ്യത്തിൻ്റെ ഖജനാവിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
അതേസമയം, ഈ നികുതി കുവൈറ്റ് കമ്പനികള്‍ക്ക് കൂടി ബാധകമാക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉന്നതതല തീരുമാനം ആവശ്യമാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുക, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക, സര്‍ക്കാര്‍ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിലാണ് കുവൈറ്റ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന പുത്തൻ നിയമപരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം എന്നുവേണം പുതിയ ഇത്തരംനീക്കത്തിലൂടെ വിലയിരുത്താൻ.
https://www.facebook.com/Malayalivartha