രാജ്യത്തിന് പുറത്താണെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും, താമസ രേഖയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ച് സൗദി, പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി ഭരണകൂടം...!!!
പ്രവാസികളുടെ താമസ രേഖയായ ഇഖാമയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടം. ഇനി ഇഖാമ പുതുക്കാൻ സൗദിയിൽ തന്നെ ഉണ്ടാകണം എന്നില്ല. പ്രവാസികളുടെ ആശ്രിതരുടെയും വീട്ടുജോലി ചെയ്യുന്നവരുടെയും ഇഖാമ, അവർ സൗദിക്ക് പുറത്താണെങ്കിലും പുതുക്കാൻ സാധിക്കുമെന്ന് പാസ്‌പോർട്ട് ഡയറക്ട്രേറ്റ് ജനറൽ (ജവാസാത്ത്) സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. ഓൺലൈൻ പ്ലാറ് ഫോം ആയ അബ്ഷർ, മുഖീം വഴിയാണ് പുതുക്കാൻ സാധിക്കുക.
ഫീസ് അടച്ച ശേഷം പോർട്ടൽ വഴി ഓൺലൈനിൽ ഇഖാമ പുതുക്കാം. ഇത് കൂടാതെ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്ക് അവരുടെ എക്‌സിറ്റ്-റീ എൻട്രി വിസയുടെ കാലാവധിയും നീട്ടാൻ സാധിക്കും. ഒരു തവണയോ അല്ലെങ്കിൽ ഒന്നിലധികം തവണയോ എക്സിറ്റ് റീ-എൻട്രി വിസകളുടെ കാലാവധി നീട്ടാൻ കഴിയുമെന്നും ജവാസത് വിശദീകരിച്ചു. സൗദിയിൽ ഇല്ലെങ്കിലും ഇഖാമയും വിസയും പുതുക്കാനും കാലാവധി നീട്ടാനും സാധിക്കുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഈ നീക്കം പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു.
മാത്രമല്ല, ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്നും കൂടി ജവാസാത് വ്യക്തമാക്കി. 30 ദിവസത്തിൽ അധികവും 60 ദിവസത്തിൽ കുറവുമാണ് ഇഖാമയിലെ കാലാവധിയെങ്കിൽ ഇഖാമയിൽ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനൽ എക്സിറ്റ് വീസ അനുവദിക്കുക. ഇഖാമയിലെ കാലാവധി 30 ദിവസത്തിൽ കുറവാണെങ്കിൽ വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ആദ്യം ഇഖാമ പുതുക്കണമെന്നും അറിയിച്ചു.
അതേസമയം 60 ദിവസ കാലാവധിയുള്ള ഫൈനൽ എക്സിറ്റ് വീസ ഇഷ്യു ചെയ്യണമെങ്കിൽ ഇഖാമയിൽ 60 ദിവസത്തിൽ കൂടുതൽ കാലാവധി ഉണ്ടായിരിക്കണം. ഫൈനൽ എക്‌സിറ്റ് വീസയിൽ രേഖപ്പെടുത്തിയ കാലാവധിക്കുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയിരിക്കണം. അതേസമയം, ഇഖാമ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് അടുത്തിടെ സൗദി പുതുക്കിയിരുന്നു. പുതുക്കിയ ഫീസ് ഘടന പ്രകാരം എക്‌സിറ്റ്, റീ-എൻട്രി വിസ പുതുക്കുന്നതിന് 103.5 സൗദി റിയാൽ, ഇഖാമ പുതുക്കുന്നതിന് 51.75 സൗദി റിയാൽ, ഫൈനൽ എക്‌സിറ്റ് 70 സൗദി റിയാൽ, ഇഖാമ ഇഷ്യൂ ചെയ്യൽ 51.75 സൗദി റിയാൽ, ഒരു ജീവനക്കാരന്റെ റിപ്പോർട്ട് ആവശ്യപ്പെടുന്നതിന്- 28.75 സൗദി റിയാൽ, പ്രവാസികൾക്ക് പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് 69 സൗദി റിയാൽ എന്നിങ്ങനെയാണ് നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
അതിനിടെ, സ്പോൺസർ എന്ന പദം ഉപയോഗിക്കരുതെന്നും തൊഴിലുടമ അല്ലെങ്കിൽ തൊഴിൽ ദാതാവ് എന്ന വാക്ക് ഉപയോഗിക്കണമെന്നും വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച കത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം. 'തൊഴിലാളി' എന്നതിന്റെ നിർവചനം തൊഴിലുടമയുടെ കീഴിൽ വേതനത്തിന് പകരമായി ജോലി ചെയ്യുന്ന വ്യക്തി എന്നാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
ഇഖാമ കൃത്യസമയത്ത് പുതുക്കാൻ വീഴ്ച വരുത്തുന്ന പ്രവാസികൾക്ക് 1000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ. ഇഖാമ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചിട്ടുള്ളത്. പ്രവാസികളുടെ ഇഖാമ അബ്ഷർ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു പുതുക്കാവുന്നതാണ്. അബ്ഷർ പ്ലാറ്റ്‌ഫോം വ്യക്തികളെ അവരുടെ പെർമിറ്റ് പുതുക്കാൻ അനുവദിക്കും. ഇഖാമ പുതുക്കാൻ കാലതാമസമുണ്ടായാൽ ആദ്യം 500 റിയാൽ പിഴ ചുമത്തും. പുതുക്കൽ വീണ്ടും വൈകിയാൽ പിഴ 1000 റിയാലായി ഉയരും.
https://www.facebook.com/Malayalivartha