പ്രവാസികൾക്ക് യാത്രാ വിലക്കേർപ്പെടുത്താൻ കുവൈത്ത്, ബയോമെട്രിക് വിരൽ അടയാളം രജിസ്റ്റർ ചെയ്യാത്തവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും...!!!
പ്രവാസികൾക്ക് നേരെ കടുത്ത നടപടിയുമായി കുവൈറ്റ്. ബയോമെട്രിക് വിരൽ അടയാളം രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ നടപടി പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്കേർപ്പെടുത്താനാണ് പുതിയ നീക്കം. ആഭ്യന്തരമന്ത്രാലയം ഇതിനുള്ള നീക്കങ്ങൾ തുടങ്ങി. നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും.
സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് പുറമെ യാത്രാ വിലക്കും നേരിടേണ്ടിവരും. ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഉദ്യോഗസ്ഥനായ ഫസ്റ്റ് ലഫ്റ്റനൻ്റ് തലാൽ അൽ ഖാലിദി യാണ് കുവൈത്ത് റേഡിയോയിലെ പ്രത്യേക അഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും. കഴിഞ്ഞ വർഷം കുവൈറ്റ് പ്രവാസികൾക്കും പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിംഗിന് വിധേയമാകാനുള്ള സമയപരിധി ഒരു തവണ നീട്ടി നൽകിയിരുന്നതാണ്.
പ്രവാസികളിൽ 2,685,000 പേരിൽ 2,504,000 പേർ ബയോമെട്രിക് എടുത്തുവെങ്കിലും 181,000 പേർ ഇതുവരെ ബയോമെട്രിക് പൂർത്തിയാക്കിയിട്ടില്ല. കഴിഞ്ഞ മാസം 31നാണ് പ്രവാസികൾക്ക് മന്ത്രാലയം അനുവദിച്ചിരുന്ന സമയം അവസാനിച്ചത്. ഇത്തരക്കാർക്ക് ജനുവരി ഒന്നു മുതൽ ഔദ്യോഗിക, ധനകാര്യ സ്ഥാപനങ്ങളിലുടനീളമുള്ള ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
എന്നാൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 35 ലക്ഷത്തിലധികം പേർ ഇതിനകം ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി തലാൽ അൽ ഖാലിദി അഭിമുഖത്തിൽ വെളിപ്പെടുത്തി. സ്വദേശികളായ 9,72,253 പേരിൽ 956,000 പേർ നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കിയിട്ടുണ്ട്. സ്വദേശികൾക്കുള്ള സമയപരിധി സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. എന്നിട്ടും നടപടികൾ പൂർത്തിയാക്കാൻ 16,000 പേർ അവശേഷിക്കുന്നുണ്ട്. കൂടാതെ, രാജ്യത്തുള്ള പൗരത്വരഹിതരായ 148,000 പേരിൽ 66,000 പേർ മാത്രമാണ് ബയോമെട്രിക് നടപടി ക്രമങ്ങൾ പൂർത്തിയാക്കായിട്ടുള്ളത്.
നിലവിൽ നടപടികൾ പൂർത്തിയാക്കാത്തവർക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് എട്ട് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പ്രതിദിനം 10,000 അപ്പോയിൻറ്മെൻറുകൾ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് കേന്ദ്രങ്ങൾ ഇതിനായി ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും പ്രവർത്തിച്ചു വരുന്നുണ്ട്. കേവലം മൂന്ന് മിനിറ്റിനകം ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കുമെന്നും, കൂടാതെ സഹൽ ,മെറ്റാ പ്ലാറ്റ്‌ഫോം ആപ്ലിക്കേഷൻ വഴി മുൻകൂർ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് ആവശ്യമാണെന്നും തലാൽ അൽ ഖാലിദി പറഞ്ഞു.
സ്വദേശികളും വിദേശികളും ഉൾപ്പെടെ രാജ്യത്ത് താമസിക്കുന്ന മുഴുവൻ ആളുകളുടെയും ഡാറ്റാബേസ് തയ്യാറാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കുവൈത്തിന്റെ ഈ പദ്ധതി. രാജ്യത്തിൻ്റെയും താമസക്കാരുടെയും സുരക്ഷ മുൻനിർത്തിയുള്ള പദ്ധതിയാണിത്. 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ഇത് നിർബന്ധമാണ്. വ്യാജ പാസ്പോർട്ടുകൾ തടയുന്നതിനും ഇരട്ട പൗരത്വം അവസാനിപ്പിക്കുന്നതിനും ഇത് സഹായകമാവും.
അതേസമയം റെസിഡൻസി ലംഘനത്തിനുള്ള പിഴകൾ അടുത്തിടെ കുവൈറ്റ് പുതുക്കിയിരുന്നു. വിസിറ്റ് വിസയിലെത്തിയവർ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും 10 ദിനാർ വീതം പിഴ നൽകേണ്ടിവരും. അഥവാ 2700ലേറെ ഇന്ത്യൻ രൂപ. താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴ ചുമത്താൻ കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊണ്ടതോടെയാണിത്. ജനുവരി അഞ്ചുമുതൽ പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
റെസിഡൻസി ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കുന്നതിനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി. തൊഴിൽ വിസ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ആദ്യ മാസത്തേക്ക് രണ്ട് ദിനാറും തുടർന്നുള്ള മാസങ്ങളിൽ നാലു ദിനാറുമാക്കി പുതുക്കിയിട്ടുണ്ട്. പരമാവധി പിഴ 1,200 ദിനാർ ആയിരിക്കും പിഴയീടാക്കുക.
https://www.facebook.com/Malayalivartha