കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം, രാജ്യത്ത് നിന്ന് നാടുകടത്തിയത് 74 വിദേശികളെ
കുവൈത്തിൽ നിയമലംഘകരായ വിദേശികളെ പരിശോധനയിൽ പിടികൂടുന്നത് തുടരുകയാണ്. കഴിഞ്ഞവർഷം ഗുരുതര ഗതാഗത നിയമലംഘനത്തിന് പിടികൂടിയ 74 വിദേശികളെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. താമസ, കുടിയേറ്റ, അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരെയും വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയും ഉൾപ്പെടെ 25000ലധികം പേരെയാണ് പോയവർഷം കുവൈത്തിൽ നിന്ന് നാടുകടത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആറ് ലക്ഷത്തോളം പ്രവാസികളെ പല കാരണങ്ങളാല്‍ നാടുകടത്തിയിട്ടുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
നാടുകടത്തപ്പെട്ടവർക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ഉത്തരവാദിത്തം സ്പോൺസർമാരുടേതാണ്. നാടുകടത്തലിന് അനുമതി ലഭിച്ചു കഴിഞ്ഞാൽ, വ്യക്തികളുടെ വിരലടയാളം രേഖപ്പെടുത്തുകയും മറ്റു നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്നു. നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ടോ എമര്‍ജന്‍സി ട്രാവല്‍ ഡോക്യുമെന്റോ ലഭ്യമാണെങ്കില്‍, നാടുകടത്തല്‍ പ്രക്രിയ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കും. ശരാശരി 72 മണിക്കൂര്‍ കൊണ്ട് ഇവരെ നാട്ടിലേക്ക് അയക്കും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അവരുടെ യാത്ര കർശന സുരക്ഷയിലാണ്.
https://www.facebook.com/Malayalivartha