വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും ജയിലിൽ തന്നെ, 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയെങ്കിലും റഹീമിന്റെ മോചനത്തിന് തടസമാകുന്നത് ഈ കാരണങ്ങൾ, ആറാം തവണയും കേസ് മാറ്റിവയ്ച്ചതിൽ വലിയ ആശങ്ക...!!!
സൗദി അറേബ്യയിൽ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലിൽ തുടരുന്ന അബ്ദുൾ റഹീമിന് ഇനിയും മോചനം ലഭിച്ചിട്ടില്ല. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീമിന് ജയിൽ മോചിതനാകാൻ സാധിക്കൂ. റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും.
റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു നിന്നെങ്കിലും ആറാം തവണയും കേസ് മാറ്റിവയ്ച്ചതിൽ വലിയ ആശങ്കകൾ ഉയരുകയാണ്. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന് റഹീമും ഹാജരായിരുന്നു. കൂടാതെ റഹീമിന്‍റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തിന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍, സൂക്ഷ്മപരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്നും കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. ഡിസംബര്‍ 30-ന് കോടതി കേസ് പരിഗണിച്ചിരുന്നു. കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു ജനുവരി 15-ലേക്ക് മാറ്റിവെച്ചത്.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ഇസ്‌കാനിലെ ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നതും വിചാരണക്കൊടുവില്‍ റിയാദിലെ കോടതി വധശിക്ഷ വിധിച്ചതും. ജൂലൈ രണ്ടിന് അബ്‌ദുൽ റഹീമിന്‍റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്.
പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയുള്ള അന്തിമ ഉത്തരവും റഹീമിൻ്റെ മോചനം സംബന്ധിച്ച ഉത്തരവുമാണ് കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കോടതിയുടെ ജയിൽ മോചന ഉത്തരവ് മേൽകോടതിയും ഗവർണറേറ്റും അംഗീകരിക്കുന്നതോടെ അബ്ദുൾ റഹീം ജയിൽ മോചിതനാകും. നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha