ഇന്ത്യയുടെ വിസനിയന്ത്രണം, പിന്നാലെ അടുത്ത നടപടി ,18,407 പേർ അറസ്റ്റിൽ, 2.3 കോടി പിഴ, 15 വർഷം തടവ്

ഹജ്ജ് കാലമായതോടെ നിർണായകമായ പല നീക്കങ്ങളുമായാണ് സൗദി മുന്നോട്ട് വരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയടക്കമുള്ള 14 രാജ്യക്കാരുടെ വിസ നിയന്ത്രണമേർപ്പെടുത്തുമെന്ന വിവരം പുറത്ത് വിട്ടിരുന്നു. താൽക്കാലികമായാണ് ഇത്തരത്തിൽ നിരോധനമേർപ്പെടുത്തുക എന്നാണ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ അടുത്ത നടപടി കൂടെ സ്വീകരിച്ചിരിക്കുകയാണ് സൗദി.
അതായത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 18,407 പേരാണ് സൗദി പോലീസിന്റെ പിടിയിലായത് . 2025ലെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് ഈ നിർണായക നീക്കം സൗദി അറേബ്യ നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ റെസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷ എന്നീ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 18,407 പേരെ അറസ്റ്റ് ചെയ്തു. സൗദി പ്രസ് എജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ 4 മുതൽ ജൂൺ 9 വരെയാണ് ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുക. ഇതിന് മുന്നോടിയായാണ് ഇത്രയധികം നിയമലംഘകരെ അഴിക്കുള്ളിലാക്കിയത്. അറസ്റ്റ് ചെയ്തവരിൽ 12,995 പേർ താമസ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ്. 3512 പേർ അതിർത്തി സുരക്ഷ ലംഘിച്ചതിനും 1900 പേർ തൊഴിൽ നിയമലംഘനത്തിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ 66 ശതമാനം പേർ എത്യോപ്യക്കാരാണ്. 28 ശതമാനം യെമനിൽ നിന്നുള്ളവരും ആറ് ശതമാനം പേർ മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അയൽരാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചതിന് 67 പേരും അറസ്റ്റിലായിട്ടുണ്ട്.
കൂട്ടത്തിൽ 21 പേർ നിയമലംഘകരെ സഹായിച്ച കുറ്റത്തിനാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ (ഏദേശം 2.3 കോടി രൂപ) പിഴയും അവരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മക്ക, റിയാദ് മേഖലകളിലെ എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 911 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ പൗരന്മാരോട് അഭ്യർത്ഥിച്ചു. അതേ സമയം കഴിഞ്ഞ ദിവസമാണ് ഹജ്ജിനോടനുബന്ധിച്ച് ഇന്ത്യയടക്കമുള്ള പതിനാലോളം രാജ്യത്ത് നിന്ന് വരുന്നവരുടെ വിസയിൽ താൽക്കാലിക നിരോധനം ഉണ്ടാകുമെന്ന് സൗദി അറേബ്യ അറിയിച്ചത്.
ഹജ്ജ് സമാപനത്തോട് അനുബന്ധിച്ച് ജൂൺ പകുതി വരെ ഉംറ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസകൾ നൽകുന്നതിൽ നിന്ന് സർക്കാർ വിട്ടുനിൽക്കും. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനും ആളുകൾ അനധികൃതമായി ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നതും തടുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം അനുഭവപ്പെട്ട തിക്കും തിരക്കും ഉണ്ടാകാതിരിക്കാനാണ് നടപടി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച്, ഈ വർഷത്തെ ഉംറ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 13 ആണ്.
https://www.facebook.com/Malayalivartha