അവഗണന വിമാനസര്‍വീസിലും
അവഗണന വിമാനസര്‍വീസിലും
കേന്ദ്രം എന്നും കേരളത്തെ അവഗണിച്ചിട്ടേയുള്ളൂ, കേരളത്തോടുള്ള ചിറ്റമ്മനയം തുടര്‍ക്കഥയാണ്. കോണ്‍ഗ്രസ് ഭരിച്ചാലും ബി.ജെ.പി ഭരിച്ചാലും അവിയല്‍ പാര്‍ട്ടികള്‍ ചേര്‍ന്നു ഭരിച്ചാലും ഫലം വേറിട്ടല്ല. ഒരു പക്ഷേ, കേരളം ഒരു കാര്യത്തിലും ഒന്നിക്കില്ലെന്നുള്ള തോന്നലാകാം കേന്ദ്രസര്‍ക്കാരുകളുടെ ബലം. ഇന്ത്യ എന്ന രാജ്യം തമിഴ്‌നാട്ടില്‍ വന്നവസാനിക്കുകയാണോ എന്നുപോലും തോന്നുന്ന പ്രതീതി ചിലപ്പോഴെങ്കിലും ഉണ്ടാകാം. അത്രയ്‌ക്കും അവഗണന.
റോഡ്, റെയില്‍വേ, വിമാനസര്‍വീസ്, ഫാക്‌ടറികള്‍, വ്യവസായം, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൊക്കെ നമ്മെ അവഗണിച്ചിട്ടുണ്ടെന്നുള്ളതു വസ്‌തുതയാണ്. എന്തിന്? ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലും കേരളത്തെ മിക്കപ്പോഴും ക്രൂരമായി അവഗണിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരുടെയും പിന്തുണയോടെ കേന്ദ്രം ഭരിച്ചിരുന്നപ്പോഴും ഈ അവഗണനയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖരനുമൊക്കെ അങ്ങനെ കേന്ദ്രം ഭരിച്ചിരുന്ന പ്രധാനമന്ത്രിമാരായിരുന്നു. ഒന്നാം യു.പി.എയുടെ കാലത്തും കേരളത്തിലെ മുഴുവന്‍ എം.പിമാരും മന്‍മോഹന്‍സിംഗിനെ പിന്തുണച്ചിരുന്നു.
സത്യത്തില്‍, കേരളത്തെ ഒരു സംസ്ഥാനമായി പരിഗണിച്ചു തുടങ്ങിയതു മന്‍മോഹന്‍സിംഗ് മന്ത്രിസഭയാണ്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചിട്ടും സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലായിരുന്നിട്ടും കേന്ദ്രം കേരളത്തെ കാര്യമായി സഹായിച്ചിരുന്നു. എന്നു മാത്രമല്ല ഇക്കാര്യത്തില്‍ സര്‍വകാല റിക്കാര്‍ഡ് തന്നെയായിരുന്നു. നിരവധി കേന്ദ്ര പദ്ധതികള്‍ കേരളത്തിനു വേണ്ടി പ്രഖ്യാപിക്കുകയും നടപ്പാക്കിത്തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. എല്‍.എന്‍.ജി ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയുടെ സഹായം വഴി ലഭിച്ചിട്ടുള്ളവയാണ്.
എന്തായാലും അടുത്തകാലത്തായി കേരളീയര്‍ക്കു കേന്ദ്രത്തോടുള്ള താത്‌പര്യം വര്‍ധിച്ചുവരികയാണ്. കേരളവും കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണെന്നുള്ള ബോധ്യം മലയാളികള്‍ക്കുണ്ടായിരിക്കുന്നു. അതുവഴി നമ്മുടെ ആത്മവിശ്വാസവും വര്‍ധിച്ചിരിക്കുന്നു. എമേര്‍ജിംഗ് കേരളയുടെ ഉദ്‌ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയെത്തി കേരളത്തോടൊപ്പം കേന്ദ്രം വികസന കാര്യങ്ങളിലുണ്ടാകുമെന്നുള്ള വാഗ്‌ദാനം കൂടിയായപ്പോള്‍ ജനങ്ങളുടെ ശുഭപ്രതീക്ഷ ബലപ്പെടുകയായിരുന്നു. ഐ.ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വളരെവേഗം കേരളത്തിലെത്തുന്നെന്നുള്ള വിശ്വാസം ശക്തിപ്പെട്ടിരിക്കുന്നു.
പക്ഷേ, ഇതിനിടയിലാണ് എയര്‍ ഇന്ത്യ കേരളത്തിനു മേല്‍ വെള്ളിടിയായി പതിച്ചത്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കു സര്‍വീസ് നടത്തിക്കൊണ്ടിരുന്ന വിമാനങ്ങളത്രയും ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. അതുവഴി ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവരും ഗള്‍ഫ് നാടുകളിലേക്കുള്ളവരുമായ മലയാളി യാത്രക്കാര്‍ സ്‌തംഭിച്ചുപോയി. എണ്ണിത്തിട്ടപ്പെടുത്തിയ മട്ടിലുള്ള അവധി ദിവസങ്ങളുമായി വീടുകളിലേക്കു തിരിക്കുന്നവരും മടങ്ങുന്നവരും ധര്‍മസങ്കടത്തിലായി. മാസങ്ങള്‍ക്കു മുമ്പേ ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തു കാത്തിരുന്നവര്‍ക്കു വഴിയാധാരം. പലരുടെയും ജോലി തന്നെ അവതാളത്തിലായി. സത്യത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരെ വഞ്ചിക്കുകയായിരുന്നു; അതിക്രൂരമായി തന്നെ.
വകുപ്പുമന്ത്രി വിമാനങ്ങള്‍ മുഴുവന്‍ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്കു മാറ്റിയതാണ് ഈ റദ്ദാക്കലിനുള്ള കാരണം. ഒരു കേന്ദ്രമന്ത്രിയ്‌ക്കിങ്ങനെ ചെയ്യാമോ? വെറും പ്രാദേശിക ചിന്താഗതി. കേന്ദ്രമന്ത്രിമാര്‍ ഇന്ത്യയെ മുഴുവന്‍ ഒന്നുപോലെ കാണേണ്ടതല്ലേ? അതോ കേരളത്തോടെന്തു ചെയ്‌താലും കുഴപ്പമില്ലെന്നുള്ള ഹുങ്കാണോ? എന്തായാലും കേരളമന്ത്രിസഭയും രാഷ്‌ട്രീയ കക്ഷികളും ശക്തമായി പ്രതികരിച്ചതോടെ റദ്ദാക്കപ്പെട്ട റൂട്ടുകളില്‍ വീണ്ടും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ സംഘടിത ശബ്‌ദത്തിനുള്ള അംഗീകാരം.
എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ തീര്‍ത്തും മോശമാണ്. മിക്കപ്പോഴും സമരങ്ങളാണ്. ഒരു നിജവും നിത്യവുമില്ലാത്ത അവസ്ഥ. ലക്ഷങ്ങള്‍ ശ മ്പളം കിട്ടുന്ന പൈലറ്റുമാര്‍ രണ്ടു മാസത്തോളം സമരത്തിലായിരുന്നു. എയര്‍ ഇന്ത്യയുടെ പ്രധാന വരുമാന സ്രോതസ് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളാണ്.
https://www.facebook.com/Malayalivartha