ഖത്തര്‍ നിക്ഷേപകരുടെ സ്വപ്‌നഭൂമി
ഖത്തര്‍ നിക്ഷേപകരുടെ സ്വപ്‌നഭൂമി
നിക്ഷേപകരുടെ സ്വപ്‌നഭൂമിപശ്ചിമേഷ്യയിലെ സാമ്പത്തികശക്തിയും ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കു നിലനിര്‍ത്തുന്ന രാജ്യവുമാണു ഖത്തര്‍. എണ്ണപ്പണത്തിന്റെ സമൃദ്ധിയും സാംസ്‌കാരികമഹിമയും ആധുനികതയും ഒരുമിച്ചു ചേരുന്നു ഈ ചെറുരാജ്യത്ത്. മൂന്നുലക്ഷത്തോളം ഇന്ത്യാക്കാരുണ്ടിവിടെ. ഇതിന്റെ എണ്‍പതുശതമാനവും മലയാളികളും. ഏറ്റവും വലിയ നഗരമായ ദോഹയാണു തലസ്ഥാനം. 11,437 ച.കി.മീ വിസ്‌തൃതി മാത്രമുള്ള ഖത്തറിന്റെ ജനസംഖ്യ 19 ലക്ഷത്തോളമാണ്.
അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്താണു ഖത്തറിന്റെ സ്ഥാനം. തെക്കു ഭാഗത്തു സൗദി അറേബ്യ കഴിഞ്ഞാല്‍ രാജ്യത്തിന്റെ ബാക്കി അതിര്‍ത്തി പേര്‍ഷ്യന്‍ ഉള്‍ക്കടലാണ്. അധിനിവേശങ്ങളുടെ നീണ്ട ചരിത്രം കഴിഞ്ഞു ഖത്തര്‍ സ്വതന്ത്രരാജ്യമായത് 1971 സെപ്‌റ്റംബര്‍ മൂന്നിനാണ്.
ചരിത്രം
ആയിരക്കണക്കിനു വര്‍ഷം മുമ്പേ ഖത്തറില്‍ മനുഷ്യവാസമുണ്ടായിരുന്നു. പക്ഷേ, വരണ്ട കാലാവസ്ഥയും മരുഭൂമിയും കാരണം അസ്ഥിരത മുഖമുദ്രയായി. പില്‌ക്കാലത്ത് അറബി ഗോത്ര കുടുംബങ്ങളായ അല്‍ ഖലീഫയും അല്‍ സൗദും ഖത്തറിലേക്കു കടന്നുവന്നു. മുത്തിനും മത്സ്യത്തിനും അധിവാസകേന്ദ്രങ്ങള്‍ക്കും വേണ്ടി പരസ്‌പരം പോരാടി.
19-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്കുള്ള മാര്‍ഗത്തിലെ ഇടത്താവളമായി ഖത്തര്‍ മാറി. ഇക്കാലത്തുതന്നെ അല്‍ ഖലീഫ ഗോത്രം ഖത്തറിന്റെ വടക്കുഭാഗത്തു മേധാവിത്വമുറപ്പിച്ചു. ഖത്തറിലെ ഒരു വിഭാഗം ജനങ്ങള്‍ അതു ചെറുത്തെങ്കിലും ഫലവത്തായില്ല. ഇതോടെ ബ്രിട്ടണ്‍ ഇടപെട്ടു. നയതന്ത്രമുപയോഗിച്ചു ബ്രിട്ടണ്‍ ഖത്തറിനു മേലുള്ള അവകാശവാദത്തില്‍ നിന്നു ബഹ്‌റൈനെ പിന്തിരിപ്പിച്ചു. ദോഹയിലെ പുരാതന വംശമായ അല്‍താനിമാരെ ഖത്തറിലെ ഭരണാധികാരികളാക്കുന്നതിലെത്തി ആ ശ്രമം.
1868 വരെ ബഹ്‌റൈനികളായ അല്‍ഖനീഫമാരുടെ നിയന്ത്രണം ഖത്തറിലുണ്ടായിരുന്നു. അവര്‍ വിട്ടുപോയപ്പോള്‍ 1872ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ ഖത്തറില്‍ ആധിപത്യം സ്ഥാപിച്ചു. ഒന്നാം ലോകയുദ്ധകാലത്താണു തുര്‍ക്കികള്‍ ഖത്തര്‍ വിട്ടത്. അതോടെ അല്‍താനി വംശം ഖത്തറിന്റെ ഭരണാധിപന്മാരായി മാറി. 1916ല്‍ ബ്രിട്ടനുമായുണ്ടാക്കിയ കരാര്‍പ്രകാരം ഖത്തര്‍ അവരുടെ സംരക്ഷിത പ്രദേശമായി. 1934ല്‍ കരാര്‍ വിപുലപ്പെടുത്തുകയും ചെയ്‌തു.1935ല്‍ ഖത്തറില്‍ പെട്രോളിയം കണ്ടെത്താനുള്ള 75 വര്‍ഷത്തെ അനുമതി ഖത്തര്‍ പെട്രോളിയം കമ്പനിക്കു ലഭിച്ചു. ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്‌സ്, യു.എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ വ്യവസായികള്‍ക്കു പങ്കാളിത്തം ഉള്ളതായിരുന്നു ഖത്തര്‍ പെട്രോളിയം കമ്പനി. 1940ല്‍ ഖത്തറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ദുഖാനില്‍ പെട്രോളിയം കണ്ടെത്തി.
1949 മുതല്‍ ഇവിടെ നിന്നും പെട്രോളിയം കയറ്റുമതി ചെയ്യുന്നു. അതോടെ, ആധുനിക ഖത്തര്‍ പിറന്നു. എണ്ണപ്പണത്തിന്റെ പ്രവാഹത്തിനൊപ്പം പുരോഗതിയും ആധുനികതയും കുടിയേറ്റവും ഖത്തറിന്റെ ജീവിതത്തില്‍ പ്രവേശിച്ചു. 1971ല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ രാജ്യങ്ങള്‍ സ്വതന്ത്രമാക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചപ്പോള്‍ വിവിധ എമിറേറ്റുകള്‍ ഒത്തുചേര്‍ന്ന് ഒരു ഐക്യ എമിറേറ്റ്‌സ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍, സ്വതന്ത്രരാജ്യമായി നില്‌ക്കാനാണു ഖത്തര്‍ തീരുമാനിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ താരതമ്യേന ജനാധിപത്യവും സ്വാതന്ത്ര്യവുമുള്ള രാജ്യങ്ങളിലൊന്നാണു ഖത്തര്‍. സുശക്തമായ നയതന്ത്ര ബന്ധങ്ങളുള്ള ഖത്തറിനെ എല്ലാ അറബ് രാജ്യങ്ങളും ബ്രിട്ടനും അമേരിക്കയും തുടക്കത്തില്‍ തന്നെ അംഗീകരിച്ചു. അന്നത്തെ സോവ്യറ്റ് യൂണിയനുമായും ചൈനയുമായും അവര്‍ നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്‌തു. യു.എന്‍ അംഗത്വത്തിനും താമസമുണ്ടായില്ല.
1995ല്‍ അന്നത്തെ അമീര്‍ ഖലീഖ ബിന്‍ ഹമീദ് അല്‍താനി സ്വിറ്റ്‌സര്‍ലണ്ടില്‍ അവധിക്കാലം ചെലവിടുമ്പോള്‍ മകന്‍ ഹമദ് ബിന്‍ ഖലീഖ അല്‍താനി അധികാരം പിടിച്ചെടുത്തു. ഇദ്ദേഹം തന്നെയാണു ഇപ്പോഴും അമീര്‍. പുതിയ ഭരണഘടനയും ഉദാരീകരണ നയങ്ങളും നടപ്പാക്കിയ അദ്ദേഹം സ്‌ത്രീകള്‍ക്കു പൊതുജീവിതത്തില്‍ പങ്കാളിത്തം അനുവദിച്ചു. അല്‍ ജസീറ എന്ന പ്രശസ്‌ത ടിവി ചാനല്‍ തുടങ്ങിയതും അദ്ദേഹമാണ്. 2003ല്‍ അമേരിക്ക, ഇറാക്ക് അധിനിവേശിച്ചപ്പോള്‍ പ്രധാനപ്പെട്ട പടപ്പാളയങ്ങളിലൊന്നു ഖത്തറായിരുന്നു.
ഭൂപ്രകൃതി
ഖത്തര്‍ ഉപദ്വീപും ഏതാനും ദ്വീപുകളും ഉള്‍പ്പെടുന്നതാണു ഖത്തര്‍. മണലും പാറക്കെട്ടുകളും നിറഞ്ഞ തരിശാണു ഭൂരിഭാഗം സ്ഥലവും. പെട്രോളിയവും പ്രകൃതിവാതകവും കൊണ്ടു സമൃദ്ധമാണിവിടം. ഹലൂല്‍, ഹവാര്‍ തുടങ്ങിയ ദ്വീപുകളും ഖത്തറിന്റെ ഭാഗമാണ്. ഹവാര്‍ ദ്വീപിന്റെ ഉടമസ്ഥത ഖത്തറിനും ബഹ്‌റൈനും തമ്മിലുള്ള തര്‍ക്കത്തിന്റെ വിഷയങ്ങളിലൊന്നാണ്. തലസ്ഥാനമായ ദോഹ, ഉമ് സയിദ്, അല്‍ ഖവ്‌ര്‍, അല്‍ വക്ര തുടങ്ങിയവയാണു പ്രധാന തുറമുഖങ്ങള്‍. ഉഷ്‌ണകാലാവസ്ഥയുള്ള ഖത്തറില്‍ ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ ചൂട് 55 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. നവംബര്‍ മുതല്‍ മെയ് വരെയുള്ള സമത്ത് അതു 17 ഡിഗ്രി വരെ താഴുകയും ചെയ്യും. മഴക്കുറവും പരിമിതമായ ഭൂഗര്‍ഭജലവും ഖത്തറിന്റെ പ്രശ്‌നങ്ങളാണ്. ഉള്ള ഭൂഗര്‍ഭജലത്തില്‍ തന്നെ ധാതുക്കളുടെ അംശം കൂടുതലായതിനാല്‍ അതു കുടിക്കാന്‍ യോഗ്യവുമല്ല. കടല്‍വെള്ളം ശുദ്ധീകരിച്ചാണു കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണുന്നത്.
സമ്പദ്‌ഘടന
എണ്ണപ്പണത്തിന്റെ വരവിനു മുമ്പു മീന്‍ പിടുത്തവും മുത്തുവാരലുമായിരുന്നു ഖത്തറിന്റെ വരുമാനമാര്‍ഗങ്ങള്‍. 1920 കളില്‍ ജപ്പാന്‍ കൃത്രിമമുത്ത് അവലംബിച്ചതോടെ ഖത്തറിലെ മുത്തുവ്യാപാരം തകര്‍ന്നു. എന്നാല്‍, എണ്ണ കണ്ടെത്തിയതോടെ സ്ഥിതി മാറി. എണ്ണയും പ്രകൃതിവാതകവും കയറ്റുമതി ചെയ്‌താണു ഖത്തര്‍ ഏറ്റവുമധികം വരുമാനം നേടുന്നത്. ലോകത്ത് ഏറ്റവും കുറച്ചു നികുതിയുള്ള രണ്ടു രാജ്യങ്ങളിലൊന്നാണു ഖത്തര്‍. ഇവിടെ ആദായ നികുതിയേയില്ല.
https://www.facebook.com/Malayalivartha