വീട്ടുകാരെ പറ്റിച്ച് യുവതി വിമാനത്തില്‍ നിന്നിറങ്ങി കാമുകനോടൊപ്പം മുങ്ങി, ഭര്‍ത്താവ് ഗള്‍ഫില്‍ കാത്തുനിന്നതും വെറുതേ
ആറ്റ് നോറ്റുണ്ടായ മകളെ അവളുടെ സമ്മതത്തോട് കൂടിത്തന്നെ വിവാഹം കഴിപ്പിച്ചു. ഭര്‍ത്താവിന് ഗള്‍ഫിലാണ് ജോലി. വിസ തരപ്പെടുമ്പോള്‍ ഭാര്യയെക്കൊണ്ട് പോകാമെന്ന ഉറപ്പോടെയാണ് അയാള്‍ ഖത്തറിലേക്ക് പോയത്. എന്നാല്‍ മകള്‍ക്ക് ഒരാളുമായി കടുത്ത പ്രണയത്തിലാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മകളെ എത്രയും പെട്ടന്ന ഭര്‍ത്താവിന്റെ അടുത്തെത്തിക്കാനായുള്ള തീരുമാനം അവരെടുത്തു. മകളുടെ താത്പര്യത്തിന് വിരുദ്ധമായി വിസയും ടിക്കറ്റുമൊക്കെ ശരിയാക്കി. മകളെ എല്ലാവരും നന്നായി ഉപദേശിക്കുകയും ചെയ്തു. അവസാനം യുവതി ഖത്തറിലേക്ക് പോകാനായി സമ്മതിച്ചു. എത്രമണിക്ക് എത്തുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിക്കുകയും ചെയ്തു. ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതി സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞ് സുരക്ഷാ ഹാളിലെത്തി. തുടര്‍ന്ന്, താന്‍ വിമാനത്തില്‍ കയറിയെന്നും ഇനി പൊയ്ക്കൊള്ളൂവെന്നും ബന്ധുക്കളെ മൊബൈല്‍ ഫോണില്‍ വിളിച്ച് പറഞ്ഞു. ബന്ധുക്കള്‍ മടങ്ങിപ്പോയി.
അതിനിടെ, ബന്ധു അപകടത്തില്‍പെട്ടതായി ഫോണ്‍ വന്നെന്നും അതിനാല്‍ യാത്ര റദ്ദാക്കുകയാണെന്നും യുവതി വിമാന കമ്പനി അധികൃതരോടു പറഞ്ഞു. ഇതനുസരിച്ച് അധികൃതര്‍ യുവതിയുടെ ബോര്‍ഡിങ് പാസ് റദ്ദാക്കി കൊടുത്തു. തുടര്‍ന്ന് യുവതി വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങി പുറത്ത് കാത്തുനിന്നിരുന്ന കാമുകനോടൊപ്പം കടക്കുകയായിരുന്നു.
തിങ്കളാഴ്ച ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ദോഹയിലേക്ക് പോകാനെത്തിയ ഇരുപത്താറുകാരിയായ കൊരട്ടി സ്വദേശിനിയാണ് കാമുകനോടൊപ്പം അപ്രത്യക്ഷയായത്.
ഭാര്യയെ കാത്ത് ദോഹ വിമാനത്താവളത്തില്‍ കാത്തുനിന്ന ഭര്‍ത്താവ് വിമാനത്തില്‍ ഭാര്യ എത്തിയിട്ടില്ലെന്നറിഞ്ഞ് ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി അന്വേഷിച്ചപ്പോഴാണ് യുവതി യാത്ര റദ്ദാക്കിയ വിവരം അറിയുന്നത്. ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha