ഇറാനില്‍ ആണവ നിലയത്തിന് സമീപമുണ്ടായ ഭൂചലനത്തില്‍ 37 മരണം
ഇറാനില്‍ ആണവ നിലയത്തിനടുത്ത് ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഏകദേശം ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കു പടിഞ്ഞാറന്‍ ഇറാനിലെ ബഷര്‍ ആണവ നിലയത്തിന് സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാല്‍ ബഷര്‍ ആണവ നിലയത്തിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് നിലയം നിര്‍മിച്ച റഷ്യന്‍ കമ്പനി അറിയിച്ചു. ഇറാന്‍ നേതാക്കള്‍ ദേശീയ ആണവ സാങ്കേതികദിനാചരണത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു നിലയത്തിനു സമീപം ഭൂചലനം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ബഹ്‌റൈന്‍ തലസ്‌ഥാനമായ മനാമയില്‍നിന്ന് 272 കിലോമീറ്റര്‍ അകലെയാണു തീരദേശമേഖലയായ ബഷര്‍. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ കെട്ടിടങ്ങളുടെ മുകള്‍ നിലകളില്‍ ഉണ്ടായിരുന്നവര്‍ക്കു നേരിയ കുലുക്കം അനുഭവപ്പെട്ടു. ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സൗദിയില്‍ ദമാം, അല്‍കോബാര്‍, ജിദ്ദ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ കുലുക്കം അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha