ഗള്‍ഫിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം, നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു
ഗള്‍ഫ് മേഖലയിലും ഉത്തരേന്ത്യയിലും ഭൂചലനം. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.8 ആണ് രേഖപ്പെടുത്തിയത്. ഇറാനില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍, 40 പേര്‍ മരിച്ചതായാണ് ഇറാന്‍ ടി.വി. റിപ്പോര്‍ട്ട് ചെയ്തത്. 40 വര്‍ഷത്തിനിടെ ഇറാനിലുണ്ടാകുന്ന അതിശക്തമായ ഭൂചലനമാണിത്. പാകിസ്താനില്‍ 34പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ആദ്യം ഗള്‍ഫ് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്നായിരുന്നു ഉത്തരേന്ത്യയിലെ ഭൂചലനം. ഡല്‍ഹി, ചണ്ടിഗഡ്, നോയ്‌ഡ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
യു.എ.ഇ. ഖത്തര്‍, ഒമാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടു. ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് ചലനം ഉണ്ടായത്. വലിയ കെട്ടിടങ്ങളെല്ലാം പ്രകമ്പനംകൊണ്ടു. 15 മുതല്‍ 20 സെക്കന്റ് വരെയാണ് ചലനം ഉണ്ടായത്.
ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലെ ഖാഷ് പട്ടണമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. 20 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഇറാന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായതെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
ഒരാഴ്ചമുമ്പ് ഏപ്രില്‍ ഒമ്പതിന് ഇറാന്റെ ആണവനിലയം സ്ഥിതിചെയ്യുന്ന ബുഷേറിനടുത്തുണ്ടായ ഭൂകമ്പത്തില്‍ 37 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha