നാടകീയതകള്‍ക്കൊടുവില്‍ മുഷറഫ് അറസ്റ്റില്‍: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റു ചെയ്‌തു. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ വെച്ചായിരുന്നു അറസ്റ്റ്. നാടകീയ സംഭവങ്ങള്‍ക്കു ശേഷമായിരുന്നു മുഷറഫിന്റെ അറസ്റ്റ് നടന്നത്. ജാമ്യം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ മുഷറഫ് നല്‍കിയ ഹര്‍ജി കോടതി തള്ളുകയും മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്‌തു. ഈ സമയം കോടതിയില്‍ ഉണ്ടായിരുന്ന മുഷറഫ് അംഗരക്ഷകരുടെ സഹായത്തോടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് ഫാം ഹൗസില്‍ അഭയം തേടിയ മുഷറഫിനെ പോലീസ് വളയുകയും വീട്ടുതടങ്കലില്‍ ആക്കുകയുമായിരുന്നു. വെള്ളിയാഴ്‌ച മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ മുഷറഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പട്ടാള അട്ടിമറിയെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്ത മുഷാറഫ് 2007ല്‍ കോടതികളെ വരുതിയിലാക്കുകയും തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ജഡ്‌ജിമാരെ തടങ്കലിലാക്കുകയും ചെയ്‌തിരുന്നു. ഇതുള്‍പ്പെടേയുള്ള നിരവധി കേസുകളിലാണ് മുഷറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നാലു വര്‍ഷത്തോളമായി പ്രവാസി ജീവിതം നയിക്കുകയായിരുന്ന മുഷറഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പാകിസ്‌താനിലേക്ക് മടങ്ങിയെത്തിയത്. 2007 നവംബറില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും ജഡ്‌ജിമാരെ പിരിച്ചുവിട്ടതിനും അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് മുഷാറഫിനെതിരേ വിചാരണ നടക്കുന്നത്. ബലൂച് നാഷണലിസ്‌റ്റ് നേതാവ് അക്‌ബര്‍ ബുഗ്‌തിയുടേയും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മരണവുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha