ഹാന്‍ഡ് ലഗേജിനുളളില്‍ പരുന്തിന് കുഞ്ഞുങ്ങള്‍
റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ദോമോദെദോവോ വിമാനത്താവളത്തില്‍ അപൂര്‍വ്വയിനം പരുന്തിന് കുഞ്ഞുങ്ങളുമായി യാത്രക്കാരനെ പിടികൂടി. വിമാനത്തിനുളളില്‍ കൈവശം വയ്ക്കാവുന്ന 2 ബാഗുകളുമായി കടന്നുപോയ യാത്രക്കാരന്റെ ബാഗിനുളളില്‍ എന്തോ അനങ്ങുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. യാത്രക്കാരന്റെ ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചു. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന 80,000 പൗണ്ട് വിലവരുന്ന അഞ്ച് അപൂര്‍വ്വ ഇനം പരുന്തിന് കുഞ്ഞുങ്ങളാണ് ആയാളുടെ ബാഗിലുണ്ടായിരുന്നത്.
യാത്രക്കാരന്റെ ലഗേജില്‍ മാത്രമല്ല കാലില്‍ ഇട്ടിരുന്ന സോക്സുകള്ക്കുള്ളിലും പരുന്തിന് കുഞ്ഞിനെ വച്ചിരുന്നു. ഇതും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പശ്ചിമ ചൈനയ്ക്കുമിടയില്‍ മാത്രം കാണപ്പെടുന്ന റഷ്യന്‍ സേക്കര്‍ ഇനത്തില്‍പ്പെട്ട ഇത്തരം പരുന്തുകള്‍ ചിറകു വിരിച്ചാല്‍ നാലടിയിലധികം വരും. ഇവയെ കടത്തി ക്കൊണ്ടു പോയി അറേബ്യന്‍ രാജ്യങ്ങള്‍ക്കു വിറ്റാല്‍ നല്ല തുക ലഭിക്കും. 2010 നവംബറില്‍ യുണെസ്കോ ഇന്റാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഹ്യൂമാനിറ്റി ലിസ്റ്റില്‍പ്പെടുത്തി സംരക്ഷിക്കാന്‍ തീരുമാനിച്ച ഫാല്‍ക്കണ്‍റി അറേബ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്. പരിശീലനം നല്കിയ പരുന്തുകളെ അവയുടെ പരിസ്ഥിതിയില്‍ മറ്റു പക്ഷികളെ വേട്ടയാടിപിടിക്കാന് അനുവദിക്കുന്ന തരത്തിലുളള ഒരു കായിക വിനോദമാണ് ഫാല്‍ക്കണ്‍റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha