വീട്ടുതടങ്കലില്‍ കഴിയുന്ന മുഷറഫിനെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരെ പോലീസ് അനുവദിച്ചില്ല
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആവശ്യം പോലീസ് തള്ളി.. മുഷറഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. കോടതി വിധി പ്രകാരം മുഷറഫിന്റെ വീട് ജയിലായി പ്രഖ്യാപിക്കുകയാണെന്നും സര്‍ക്കാര്‍ അനുമതി കൂടാതെ ആരേയും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നുമാണ് പോലീസിന്റെ നിലപാട്.
പട്ടാള അട്ടിമറിയെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്ത മുഷറഫ് 2007 ല്‍ കോടതികളെ വരുതിയിലാക്കുകയും തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ജഡ്‌ജിമാരെ തടങ്കലിലാക്കുകയും ചെയ്‌തിരുന്നു. ഇതുള്‍പ്പെടെ നിരവധി കേസുകളിലാണ് മുഷറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടുക്കൊണ്ടുള്ള മുഷറഫിന്റെ ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളുകയും മുഷറപിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്‌തു. ഈ സമയം കോടതി പരിസരത്ത് ഉണ്ടായിരുന്ന മുഷറഫ് തന്റെ അംഗരക്ഷകരുടെ സഹായത്തോടെ രക്ഷപ്പെടുകയും ഫാം ഹൗസില്‍ അഭയം പ്രാപിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഫാം ഹൗസ് വളഞ്ഞ് പോലീസ് മുഷറഫിനെ വീട്ടുതടങ്കലിലാക്കുകയും ആയിരുന്നു.
നാലുവര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ച മുഷറഫ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. ബലൂച് നാഷണലിസ്റ്റ് പാര്‍ട്ടീ നേതാവ് അക്‌ബര്‍ ബുഗ്‌തിയുടേയും മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടേയും മരണവുമായി ബന്ധപ്പെട്ട കേസിലും മുഷറഫിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇസ്ലാമാബാദിലെ സ്വന്തം ഫാം ഹൗസിലാണ് മുഷറഫ് തടങ്കലില്‍ കഴിയുന്നത്. സ്ഥലത്ത് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha