ആശങ്കകള്‍ക്ക് വിരാമം...ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ബന്ദിയാക്കിയവരെ രക്തച്ചൊരിച്ചിലിലൂടെ രക്ഷപ്പെടുത്തി; അക്രമി ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു
16 മണിക്കൂര്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് ബന്ധിയാക്കപ്പെട്ടവര്‍ക്ക് മോചനം. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കോഫി ഷോപ്പില്‍ അക്രമി ബന്ദിയാക്കിയവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ അക്രമി ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സിഡ്നിയിലുള്ള ലിന്‍ഡ്റ്റ് ചോക്കലേറ്റ് കഫേഫെയില് പ്രാദേശിക സമയം രാവിലെ 9.45നാണ് സംഭവം ഉണ്ടായത്. രാവിലെ തന്നെ അഞ്ചു പേര് ഓടി രക്ഷപ്പെട്ടിരുന്നു.
ശക്തമായ സന്നാഹങ്ങളുമായി പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ ആയുധധാരികളായ പൊലീസുകാര്‍ കോഫി ഷോപ്പിലേക്ക് ഇരച്ചു കയറി. തുടര്‍ന്ന് കോഫി ഷോപ്പിനുള്ളില്‍ വെടിവയ്പ്പ് നടന്നു. ഈ വെടിവെയ്പ്പിലാണ് അക്രമിയായ ഷെയ്ഖ് ഹാരൂണ്‍ മൊനീസ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനൊന്നുപേരെയാണ് അക്രമി ബന്ദിയാക്കിയത് എന്നാണ് വിവരം. പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.
കോഫി ഷോപ്പില്‍ ബന്ദിയാക്കിയ രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഇന്‍ഫോസിസ് ജീവനക്കാരന് വിശ്വകാന്ത് അങ്കിറെഡിയാണ് ഒരാള്‍. മറ്റേത് പുഷ്പെന്തു ഘോഷും.
ഇറാനിയന്‍ വംശജനായ ഷെയ്ഖ് ഹാരൂണ്‍ മൊനീസ് ആണ് ജനങ്ങളെ ബന്ദിയാക്കിയത്. ഏഴു സ്ത്രീപീഢനക്കേസിലെ പ്രതിയായ ഇയാള്‍ 1996ലാണ് ഓസ്ട്രേലിയയില്‍ എത്തിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പും ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണ് ഇയാള്‍.
ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പതാക ആവശ്യപ്പെട്ടിരുന്നു. ബന്ദിയാക്കപ്പെട്ട മാര്‍സിയ മിഖായേല്‍ ഫെയ്സ്ബുക്കിലൂടെയാണ് അക്രമിയുടെ ആവശ്യങ്ങള്‍ പുറത്തുവിട്ടത്. പതാക നല്കിയാല് ബന്ദികളില്‍ ഒരാളെ വിട്ടയയ്ക്കും. ഐഎസ് ഓസ്ട്രേലിയയെ ആക്രമിച്ചുവെന്ന് ലോകത്തെ അറിയിക്കണം.
പ്രധാനമന്ത്രി ടോണി ആബട്ടുമായി സംസാരിച്ചാല്‍ അഞ്ച് പേരെ വിട്ടയയ്ക്കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതോടൊപ്പം നഗരത്തില്‍ രണ്ട് ബോംബുകള്‍ വച്ചിട്ടുണ്ടെന്നും നഗരത്തിലുള്ള ഭീകരരോടു സ്ഫോടനം നടത്തരുതെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെടണമെന്നും അക്രമി പറയുന്നതായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha